കുട്ടനാട്ടില്‍ രണ്ടാം കൃഷിക്ക് തുടക്കമായി; പുഞ്ചകൃഷിയുടെ നെല്ലുവില വൈകുന്നു

Tuesday 31 May 2016 10:34 pm IST

ആലപ്പുഴ: കഴിഞ്ഞ പുഞ്ചകൃഷിയില്‍ സംഭരിച്ച നെല്ലിന്റെവില ലഭിക്കാത്ത സാഹചര്യത്തിലും കുട്ടനാട്ടില്‍ രണ്ടാം കൃഷിക്ക് തുടക്കമായി. ഇത്തവണ 15,000 ഹെക്ടറിനു മുകളില്‍ കൃഷിയിറക്കുമെന്നാണു കൃഷിവകുപ്പിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ സീസണില്‍ 10,000 ഹെക്ടറില്‍ താഴെ മാത്രമാണു രണ്ടാം കൃഷിയിറക്കിയിരുന്നത്. പുഞ്ചക്കൃഷിയെ അപേക്ഷിച്ചു രണ്ടാംകൃഷി ക്ലേശകരമാണ്. മതിയായ പുറം ബണ്ടു സംരക്ഷണം ഇല്ലാത്തതിനാല്‍ പലരും രണ്ടാംകൃഷിയില്‍ നിന്നു വിട്ടു നില്‍ക്കുകയാണ്. ഓരോ വര്‍ഷവും പുറം ബണ്ടു തകര്‍ന്ന് ഒട്ടേറെ പാടശേഖരങ്ങളില്‍ മടവീണു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. പ്രകൃതി ക്ഷോഭത്തെ അതിജീവിച്ചെങ്കില്‍ മാത്രമെ വിളവെടുക്കാന്‍ സാധിക്കൂ. രണ്ടാംകൃഷി ബുദ്ധിമുട്ടേറിയതാണെങ്കിലും പുഞ്ചക്കൃഷിക്കുള്ള ആനുകൂല്യം സര്‍ക്കാര്‍ നല്‍കുന്നില്ലെന്നാണു കര്‍ഷകരുടെ പരാതി. പുറം ബണ്ടു നിര്‍മ്മാണം പൂര്‍ത്തിയാകാത്തതാണ് കര്‍ഷകരെ ഏറെ വലയ്ക്കുന്നത്. കുട്ടനാട് പാക്കേജില്‍ ഒന്നാമതു പരിഗണന പാടശേഖരങ്ങളുടെ പുറം ബണ്ട് നിര്‍മാണമായിരുന്നു. പൈല്‍ ആന്‍ഡ് സ്ലാബ് ഉപയോഗിച്ചോ കരിങ്കല്ലു കൊണ്ടോ പാടശേഖരത്തിന്റെ നാലുപുറവും ബണ്ടു നിര്‍മിക്കാനായിരുന്നു പദ്ധതി. അതിന്റെ അടിസ്ഥാനത്തില്‍ ഏതാനും ചില പാടശേഖരങ്ങളുടെ പുറംബണ്ടുകള്‍ നിര്‍മിച്ചതല്ലാതെ ഒന്നും നടന്നില്ല. ഇപ്പോള്‍ പാക്കേജ് പ്രവര്‍ത്തനം നിലച്ചതോടെ കര്‍ഷകരുടെ പ്രതീക്ഷയും തകര്‍ന്നു. രണ്ടാം കൃഷിക്കു തുടക്കം കുറിച്ചു കഴിഞ്ഞ ദിവസം വിതയാരംഭിച്ചു. എടത്വ കൃഷിഭവന്‍ പരിധിയില്‍ വരുന്ന ഇടപ്രക്കരിക്കോണം, തെങ്ങും പള്ളിക്കരി, തകഴി കൊല്ലനാടി തുടങ്ങിയ പാടങ്ങളിലാണു വിത നടന്നത്. തകഴി പോളേപ്പാടം, പേരശ്ശേരി, പുത്തന്‍ വരമ്പിനകം, കറുകമയിക്കോണം, ഇടശ്ശേരി വരമ്പിനകം, എടത്വ ചുങ്കം ഇടച്ചുങ്കം, ദേവസ്വം വരമ്പിനകം എന്നീ പാടങ്ങളില്‍ ഈ ആഴ്ച വിതയിറക്കും. അടുത്ത മാസം അവസാനത്തോടെ മാത്രമെ വിത പൂര്‍ത്തിയാകുകയുള്ളു. പുഞ്ചക്കൃഷിയുടെ നെല്ലിന്റെ വില പൂര്‍ണമായും ലഭിക്കാത്ത കര്‍ഷകരെ സംബന്ധിച്ചിടത്തോളം രണ്ടാം കൃഷിയിറക്കു ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എഴുപത് കോടിയേലേറെ രൂപയാണ് ഈ ഇനത്തില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയുടെ ന്യായം പറഞ്ഞ് നെല്ലു വില നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിക്കുകയാണ്. മൂന്നു മാസത്തോളമായി പണം ലഭിക്കാന്‍ കര്‍ഷകര്‍ കാത്തിരുപ്പ് തുടങ്ങിയിട്ട്. കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലു കുത്തി അരിയാക്കി വില്‍പ്പന നടത്തിയ ശേഷവും പണം നല്‍കാത്തത് കര്‍ഷകദ്രോഹമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.