സര്‍ക്കാര്‍ നടപടികളില്‍ ദുരൂഹത : കുമ്മനം

Tuesday 31 May 2016 6:08 pm IST

കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാറിന്റെ തുടക്കത്തിലുള്ള നടപടികള്‍ മുഴുവന്‍ ദുരൂഹതയുയര്‍ത്തുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. വിജയയാത്ര കണ്ണുരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന ഒരു പദ്ധതിയും നടപ്പിലാക്കില്ലെന്ന എല്‍ഡിഎഫിന്റെ നിലപാടുകള്‍ക്ക് കടകവിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റേത്. അതിരപ്പളളി പദ്ധതിയില്‍ നിന്നും എത്ര വൈദ്യുതി ലഭിക്കുമെന്ന ചോദ്യത്തിന് ഇതുവരെ വൈദ്യുതി വകുപ്പ് ഉത്തരം കണ്ടെത്തിയിട്ടില്ല. മാധവ ഗാഡ്ഗില്‍ കമ്മിറ്റി ഉന്നയിച്ച ചോദ്യങ്ങളായ വൈദ്യുതി കിട്ടുമോ, വെളളം ആവശ്യത്തിന് ലഭ്യമാകുമോ എന്നീ ചോദ്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. പഠനം നടത്താതെ അധികാരത്തിലെത്തിയ ഉടന്‍ എല്‍ഡിഎഫ് നയത്തിന് വിരുദ്ധമായി പെട്ടെന്ന് പിണറായി വിജയന്റെ നേതൃത്വത്തില്‍ പദ്ധതിക്കു വേണ്ടി ഇറങ്ങിത്തിരിച്ചതില്‍ ദുരൂഹതയുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തിലും പിണറായി കൈക്കൊളളുന്ന നിലപാടില്‍ ദുരൂഹതയുണ്ട്. ഇതുവരെ പറഞ്ഞതിന് നേര്‍ വിപരീതമായ നിലപാടാണ് ഇക്കാര്യത്തിലും അധികാരത്തിലെത്തിയ ഉടന്‍ സിപിഎം സ്വീകരിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്റെയും സര്‍ക്കാറിന്റേയും നിലപാടാണോ എന്ന് കൂടി വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് ആവശ്യമില്ലെന്ന് പറയാന്‍ കാരണമെന്തെന്ന് പിണറായി വ്യക്തമാക്കണം. സിപിഐയുടെ വ്യത്യസ്ത അഭിപ്രായം എല്‍ഡിഎഫിനകത്ത് ഇക്കാര്യങ്ങളിലുളള അഭിപ്രായ ഭിന്നതയാണ് തുറന്നു കാണിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.