ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളുമായി വിദേശകാര്യമന്ത്രി ചര്‍ച്ച നടത്തി

Tuesday 31 May 2016 11:39 pm IST

ന്യൂദല്‍ഹി: കോംഗോ സ്വദേശിയായ മസൂണ്ട ഒലിവര്‍ എന്ന യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി. യാതൊരുവിധത്തിലുള്ള അക്രമങ്ങളും അനുവദിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും സുഷമാ സ്വരാജ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അഞ്ചോളം ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സംഭവങ്ങളില്‍ മര്‍ദ്ദനമേറ്റിരുന്നു. ഇതേ തുടര്‍ന്ന് കോംഗോയില്‍ അടക്കം ഭാരതീയരുടെ സ്ഥാപനങ്ങള്‍ക്ക് നേരേ ആക്രമണവുമരങ്ങേറി. കോംഗോ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാരിന് അതീവ ദുഖമുണ്ടെന്ന് യോഗത്തില്‍ സുഷമാ സ്വരാജ് പറഞ്ഞു. എന്നാല്‍ വംശീയ അക്രമണമല്ല ഒലിവറിന് നേരേ നടന്നത്. ഒരു വിദേശരാജ്യത്തുവെച്ച് മകന്‍ കൊല്ലപ്പെട്ട ഒലിവറിന്റെ മാതാപിതാക്കളുടെ ദുഖം ഒരമ്മയായ തനിക്ക് മനസ്സിലാക്കാനാകുമെന്നും സുഷമ പറഞ്ഞു. ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിനായി പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ചതായും വിദേശകാര്യമന്ത്രി പറഞ്ഞു. വിദേശകാര്യ സഹമന്ത്രിയും സെക്രട്ടറിയും എല്ലാ മെട്രോ നഗരങ്ങളിലും സന്ദര്‍ശനം നടത്തി ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും സുഷമാ സ്വരാജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി. വിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ സിങ്, സെക്രട്ടറി എസ്. ജയശങ്കര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പതിനായിരത്തിലേറെ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളാണ് രാജ്യത്തെ ദല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ താമസിച്ച് ഉപരിപഠനം നടത്തുന്നത്. ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ കഞ്ചാവ് പാര്‍ട്ടികള്‍ വ്യാപകമായതും മറ്റ് ആഘോഷങ്ങളുമാണ് പ്രദേശവാസികളുമായുള്ള സംഘര്‍ഷത്തിന് പ്രധാന കാരണം. മെയ് 20നാണ് വസന്ത്കുഞ്ചില്‍ ഒരുസംഘം ക്രിമിനലുകളുടെ ആക്രമണത്തില്‍ കോംഗോ സ്വദേശിയായ ഒലിവര്‍ കൊല്ലപ്പട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.