കേരള ബ്ലാസ്റ്റേഴ്‌സ്: സച്ചിനൊപ്പം ചിരഞ്ജീവിയും നാഗാര്‍ജുനയും ഉടമകള്‍

Wednesday 1 June 2016 9:13 pm IST

കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമകളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം അല്ലു അരവിന്ദ്, ചിരഞ്ജീവി, നിമ്മഗഡ്ഡ പ്രസാദ് , നാഗാര്‍ജ്ജുന എന്നിവര്‍ തിരുവനന്തപുരത്തു നടന്ന പത്രസമ്മേളനത്തില്‍ ടീമിന്റെ ആഘോഷചിഹ്നം കാണിച്ചപ്പോള്‍

തിരുവനന്തപുരം: കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീമിന് നാല് പുതിയ ഉടമകള്‍ കൂടി. നിലവില്‍ ഉടമയായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം തെലുങ്ക് മെഗാതാരങ്ങളായ ചിരഞ്ജീവിയും നാഗാര്‍ജുനയും അല്ലു അര്‍ജുനും വ്യവസായിയായ അരവിന്ദ് പ്രസാദും കേരളത്തിന്റെ അഭിമാനമായ ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ നിക്ഷേപം നടത്തും. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ് (അല്ലു അര്‍ജ്ജുന്റെ പിതാവ്), നിമ്മഗഡ്ഡ പ്രസാദ് എന്നിവര്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ലോഗോയുള്ള ഫുട്‌ബോളില്‍ ഒപ്പുവച്ചു.

മൂന്നാമത്തെ സീസണ്‍ അര്‍ഹമായ ഗൗരവത്തിലാണ് ആരംഭിക്കുന്നതെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ അര്‍പ്പിച്ച വിശ്വാസവും അതുല്യമായ സ്ഥാനവുമാണ് ഇതിനെ ഇത്രയും വിശിഷ്ടമാക്കിത്തീര്‍ത്തതെന്ന് ചിരഞ്ജീവി പറഞ്ഞു. അക്കിനേനി നാഗാര്‍ജുന, അല്ലു അരവിന്ദ്, നിമ്മഗഡ്ഡ പ്രസാദ് എന്നിവരെ ആവേശകരമായ അനുഭവത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും സച്ചിന്‍ പറഞ്ഞു.

വെള്ളിത്തിരയില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളായിരുന്നുവെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ക്ലബിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ ആവേശഭരിതനാണെന്നും ചിരഞ്ജീവി പറഞ്ഞു. സംസ്ഥാനത്ത് ഫുട്‌ബോള്‍ വിപുലമാക്കാനും മികച്ച രീതിയില്‍ കളിക്കാനുള്ള പ്ലാറ്റ്‌ഫോം നല്‍കാനും കേരള ബ്ലാസ്റ്റേഴ്‌സിലുള്ള എല്ലാവരും ചുമതലപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സ്‌പോര്‍ട്‌സിന് മികച്ച പിന്തുണ നല്‍കുന്നതിനും ഫുട്‌ബോള്‍ പോലുള്ള കളി ആരംഭിക്കാനും പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പോലുള്ള വിശിഷ്ടമായ ടീമിന്റെ ഭാഗമാകാനും കഴിഞ്ഞതില്‍ ആവേശത്തിലാണെന്ന് നാഗാര്‍ജുന പറഞ്ഞു.

സംസ്ഥാനത്ത് ഈ കളിയോടുള്ള ഭ്രമം കാണാന്‍ കാത്തിരിക്കുകയാണെന്നും അതോടൊപ്പം ടീമിന് ആശംസകളര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായി കേരളവുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സാധിച്ചതില്‍ വളരെ സന്തോഷവാനാണെന്ന്് അല്ലു അരവിന്ദ് പറഞ്ഞു. രാജ്യത്ത് സ്‌പോര്‍ട്‌സിന് വളരെ ആവേശഭരിതമാര്‍ന്ന സമയമാണ്. എല്ലാവരും ഒരുമിച്ചു ശ്രമിച്ചാല്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ ലോകത്തില്‍ അര്‍ഹതപ്പെട്ട സ്ഥലത്തെത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സ്‌പോര്‍ട്‌സിലും വിനോദത്തിലും പ്രശസ്തരായ ചിലരുടെ ഉടമസ്ഥതയിലുള്ള പ്രമുഖ ഫുട്‌ബോള്‍ ക്ലബുമായി യോജിച്ചു പ്രവര്‍ത്തിക്കുക എന്നത് അഭിമാനകരമാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് പുതിയ നിക്ഷേപക കൂട്ടുകെട്ടിന്റെ ഭാഗമായ നിമ്മഗഡ്ഡ പ്രസാദ് പറഞ്ഞു. ആരാധകരുടെ മനസ്സില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അതുല്യമായ സ്ഥാനത്താണെന്നും ഇതിഹാസ പേരുകള്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ ശരിയായ ശക്തി തിരിച്ചറിയാനും ആരാധകരുടെ മനസ്സില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുമുള്ള സത്യസന്ധമായ ഉദ്യമം ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടു വര്‍ഷം മുന്‍പ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് തുടങ്ങിയപ്പോള്‍ കൊച്ചി ടീമിനെ സ്വന്തമാക്കിയതു ഹൈദരാബാദ് ആസ്ഥാനമായ പിവിപി വെന്‍ച്വേഴ്‌സ് ആയിരുന്നു. സച്ചിന്‍ സഹ ഉടമകളിലൊരാളായാണ് എത്തിയത്. സാമ്പത്തികപ്രതിസന്ധികളെത്തുടര്‍ന്നു പിവിപി ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം പിന്മാറിയപ്പോള്‍ സിനിമാ നിര്‍മാതാക്കള്‍ കൂടിയായ ആര്‍.എല്‍.വി. പ്രസാദ് നിക്ഷേപവുമായി എത്തി.

കേരളത്തില്‍ നിന്നു മുത്തൂറ്റ് ഗ്രൂപ്പും ടീമില്‍ പണം മുടക്കി. എന്നാല്‍, മികച്ച താരങ്ങളില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം തിളങ്ങാന്‍ ടീമിനു കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണു കൂടുതല്‍ നിക്ഷേപകരെ ഉള്‍പ്പെടുത്തി ടീമിനെ മികവുറ്റതാക്കാന്‍ സച്ചിന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയത്. തെലുങ്കിലെ പ്രശസ്തമായ എംഎഎ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിന്റെ ഉടമകളാണ് ചിരഞ്ജീവിയും നാഗാര്‍ജുനയും അല്ലു അര്‍ജുനും അരവിന്ദ് പ്രസാദും. അടുത്തയിടെയാണ് ഇവരുടെ നാല് തെലുങ്ക് വിനോദചാനലുകള്‍ സ്റ്റാര്‍ ടിവി നെറ്റ്‌വര്‍ക്കിന് 2500 കോടി രൂപയ്ക്ക് വിറ്റത്.

സ്‌പോര്‍ട്‌സ് ബിസിനസ് രംഗത്ത് ഈ കൂട്ടായ്മ ആദ്യമായി മുതല്‍മുടക്കുന്നത് കേരള ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടിയാണ്.
സച്ചിന്‍, ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ്, നിമ്മഗഡ്ഡ പ്രസാദ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ഐസിഎല്‍ മൂന്നാം മേളയുടെ മുന്നൊരുക്കങ്ങളേക്കുറിച്ച് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.എ. മേത്തറുമായി ചര്‍ച്ചകള്‍ നടത്തി. ഐഎസ്എല്‍ കിക്ക്ഓഫ് ഒക്ടോബറില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ലഹരി വിരുദ്ധ അവബോധം:
സച്ചിന്‍ പങ്കാളിയാകും

കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമകളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം അല്ലു അരവിന്ദ്, ചിരഞ്ജീവി, നിമ്മഗഡ്ഡ പ്രസാദ് , നാഗാര്‍ജ്ജുന
എന്നിവര്‍ തിരുവനന്തപുരത്തു നടന്ന പത്രസമ്മേളനത്തില്‍ ടീമിന്റെ ആഘോഷചിഹ്നം കാണിച്ചപ്പോള്‍

തിരുവനന്തപുരം: യുവാക്കളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗത്തിനെതിരെയുള്ള പ്രചാരണപരിപാടികളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പങ്കാളിയാകും. മുഖ്യമന്ത്രി പിണറായി വിജയനുമായി സച്ചിന്‍ നടത്തിയ കുടിക്കാഴ്ചയിലാണ് ഈ തീരുമാനം ഉണ്ടായത്.

സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. ഇത്തരം ദുഃസ്വഭാവങ്ങളില്‍പെടുന്നവരെ അതില്‍ നിന്നും മോചിപ്പിച്ച് കായിക രംഗത്ത് കഴിവുറ്റവരാക്കി വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഇതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.