സംസ്ഥാനത്ത് സിപിഎമ്മിന്റെ സെല്‍ ഭരണം: കുമ്മനം

Wednesday 1 June 2016 3:50 pm IST

ഒ. രാജഗോപാലിന് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: സംസ്ഥാനത്ത് സിപിഎമ്മിന്റെ സെല്‍ഭരണമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നിയുക്ത എംഎല്‍എ ഒ. രാജഗോപാലിന് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നു. പോലീസില്‍ സെല്‍ഭരണം അടിച്ചേല്‍പ്പിക്കുകയാണ്. പോലീസിനെ രാഷ്ട്രീയവത്കരിച്ച് പാര്‍ട്ടിയുടെ പ്രവര്‍ത്തന കേന്ദ്രമാക്കി മാറ്റിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് സേനയില്‍ ഭരണ ഇടപെടലിലൂടെ നടക്കുന്ന സംഭവവികാസങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നത്.

പിണറായി വിജയന്‍ അധികാരമേറ്റതോടെ ഫാസിസമാണ് നടപ്പാക്കുന്നത്. മുഖ്യമന്ത്രിയുടെ സ്വന്തംനാട്ടില്‍ 18 വീടുകളാണ് സിപിഎമ്മുകാര്‍ തകര്‍ത്തത്. എന്നാല്‍ ആക്രമിയ്ക്കപ്പെട്ടവരെ ആശ്വസിപ്പിക്കാന്‍പോലും അദ്ദേഹം തയ്യാറായില്ല. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കളുടെ വീടുകള്‍ വരെ രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ സിപിഎമ്മുകാര്‍ തകര്‍ത്തു. ഏഴുവയസുകാരനായ കുട്ടിയെപ്പോലും സിപിഎമ്മുകാര്‍ അക്രമിക്കുകയാണ്. മുതലാളികള്‍ക്കൊപ്പം നില്‍ക്കുകയും തൊഴിലാളികളെയും തൊഴിലാളി കുടുംബങ്ങളെയും ആക്രമിയ്ക്കുകയും ചെയ്യുന്ന ശൈലിയാണ് സിപിഎമ്മിന്റേത്. സിപിഎം കൊന്നൊടുക്കുന്നത് തൊഴിലാളികളെയാണെന്നും കുമ്മനം ഓര്‍മ്മപ്പെടുത്തു.

കേരളത്തില്‍ എന്‍ഡിഎ ഇരകള്‍ക്കൊപ്പമാണ്. എന്നും സമൂഹവും ഭരണകൂടവും അവഗണിച്ച പട്ടികജാതി വിഭാഗങ്ങളുടെയും വനവാസികളുടെയും അധഃസ്ഥിത വിഭാഗങ്ങളുടെയും വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി എന്‍ഡിഎയുടെ പ്രവര്‍ത്തനം ശക്തമാക്കും. നിയമസഭയില്‍ 139 എംഎല്‍എമാര്‍ക്കും പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ പറയാന്‍ കഴിയുന്ന ഒരേയൊരു എംഎല്‍എയായിരിക്കും ഒ. രാജഗോപാല്‍. ജനങ്ങളുടെ എംഎല്‍എയാണ് അദ്ദേഹം. കേരളത്തിന്റെ ഹീറോയായി അദ്ദേഹം മാറിക്കഴിഞ്ഞെന്നും കുമ്മനം പറഞ്ഞു.

ഇടതു വലതു മുന്നണികള്‍ ഒത്തുകളിച്ചാണ് എന്‍ഡിഎയുടെ മുന്നേറ്റം കേരളത്തില്‍ തടയാന്‍ ശ്രമിച്ചത്. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ തോറ്റത് കള്ളവോട്ടുകള്‍ മൂലമാണ്. സുരേന്ദ്രന്‍ നിയമസഭയില്‍ എത്തിയേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാപ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.