ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുയര്‍ത്തി പാര്‍ട്ടിയില്‍ ഉടന്‍ പുനസ്സംഘടന ഉണ്ടായേക്കുമെന്ന് അഭ്യൂഹം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അടക്കം പുനസ്സംഘടിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിലെ നഷ്ടപ്പെട്ട സ്ഥാനം തിരികെ പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
പ്രായമേറിയവരെ ഒഴിവാക്കി യുവാക്കള്‍ക്ക് ദേശീയ തലത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിക്ക് ശേഷം പുനസ്സംഘടന നടത്താനാണ് തീരുമാനം. രാഹുല്‍ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകുന്നത് കോണ്‍ഗ്രസ് മുക്തഭാരതം എന്ന ബിജെപിയുടെ ലക്ഷ്യത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുമെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈന് പ്രതികരിച്ചു.
അജയ് മാക്കന്, രണ്‍ദീപ് സുര്‍ജേവാല, ജിതേന്ദ്രസിങ്, ആര്.പി.എന്‍. സിങ്, സച്ചിന് പൈലറ്റ് തുടങ്ങിയ നേതാക്കള്‍ക്ക് ദേശീയ ചുമതലകള്‍ നല്‍കാനാണ് ആലോചനയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ജ്യോതിരാദിത്യ സിന്ധ്യ, ജിതിന് പ്രസാദ, വിജേന്ദ്ര സിങ്ഗ്ല, രവ്നീത് സിങ് ബിട്ടു, സുസ്മിത ദേവ്, എ.കെ. ആന്റണി തുടങ്ങിയ നേതാക്കള്‍ക്കും സ്ഥാനങ്ങളുണ്ടാകും. പ്രശാന്ത് കിഷോര്‍, സാം പിട്രോഡ, മോഹന്‍ ഗോപാല്‍ എന്നിവരും ചുമതലകളിലുണ്ടാകും.
ആസാം, ബംഗാള്‍, കേരള, തമിഴ്നാട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുതിരിച്ചടികളെത്തുടര്ന്നാണ് പാര്‍ട്ടി നേതാക്കളില്‍ വലിയ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരുങ്ങുന്നത്.
അടുത്തവര്‍ഷം ഉത്തര്‍പ്രദേശ്, പഞ്ചാബ് തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പാര്‍ട്ടി അണികളില്‍ പുതുവിശ്വാസം ലഭിക്കാന്‍ പുനസംഘടന ആവശ്യമാണെന്നാണ് രാഹുല്‍ഗാന്ധിയുടെ ഉപദേശകസംഘത്തിന്റെ അഭിപ്രായം. ഇതനുസരിച്ചുള്ള നടപടികളാകും പാര്‍ട്ടിയിലുണ്ടാകുക. സോണിയാഗാന്ധിയുമായി അടുപ്പമുള്ള നേതാക്കള്‍ക്ക് സ്ഥാനചലനമുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. സോണിയാഗാന്ധി രാഹുലിനായി പദവിയൊഴിയണമെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ ആറു സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ളത്. ഇതില്‍ ഉത്തരാഖണ്ഡിലും ഹിമാചലിലും മുഖ്യമന്ത്രിമാര്‍ക്കെതിരെ വലിയ ആരോപണങ്ങളാണുള്ളത്. മേഘാലയയിലും പാര്‍ട്ടിയിലും സര്‍ക്കാരിലും വിമതസ്വരങ്ങള്‍ ശക്തമായിട്ടുണ്ട്. കോണ്‍ഗ്രസ് വിമുക്ത വടക്കുകിഴക്കന്‍ മേഖലയെന്ന ബിജെപിയുടെ പ്രചാരണത്തിന് മുന്നില്‍ പിടിച്ചുനില്ക്കാന് കോണ്‍ഗ്രസിനാകുന്നില്ല. അരുണാചല്‍ പ്രദേശ്, ആസാം, മിസോറാം എന്നിവിടങ്ങളിലെ സര്‍ക്കാരുകളെ ചേര്‍ത്ത് കഴിഞ്ഞ ആഴ്ച ബിജെപി സഖ്യം രൂപീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: