തിരുവനന്തപുരം: കേരള മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആദ്യത്തെ 10 റാങ്കുകളിൽ ഏഴെണ്ണം ആൺകുട്ടികൾ കരസ്ഥമാക്കി. മൂന്ന് റാങ്കുകൾ പെൺകുട്ടികൾക്ക്.
കണ്ണൂർ കൊയ്യോട് ബെയ്തുസ്ലാമിൽ മുഹമ്മദ് മുനവീർ 960 മാർക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. തിരുവനന്തപുരം സ്വദേശിയും ചെന്നൈയിൽ താമസക്കാരനുമായ അഡയാർ പരമേശ്വരി നഗറിൽ ലക്ഷിൺ ദേവിന് രണ്ടാം റാങ്കും എറണാകുളം പൊയ്കാട്ടുശ്ശേരി വടക്കൻ ഹൗസിൽ ബെൻസൺ ജേക്ക് എൽദോ മൂന്നാം റാങ്കും നേടി. കോട്ടയ്ക്കൽ സ്വദേശി രമേശാ ജഹാൻ (നാലാം റാങ്ക്), ചാലക്കുടി കെവിൻജോയി പുല്ലൂക്കര ( അഞ്ചാം റാങ്ക്), തൃപ്പൂണിത്തുറ, അജയ് എസ്. നായർ (ആറാം റാങ്ക്), മലപ്പുറം, ആസിഫ് അബാൻ (ഏഴാം റാങ്ക്), കോഴിക്കോട് ഹരികൃഷണൻ (എട്ടാം റാങ്ക്), കോട്ടയം, അലീനാ അഗസ്റ്റിൻ (ഒമ്പതാം റാങ്ക്), മലപ്പൂറം, നിഖില. എ (പത്താം റാങ്ക്) എന്നിങ്ങനെയാണ് ആദ്യത്തെ പത്ത് റാങ്കുകൾ.
എസ്സി വിഭാഗത്തിൽ തിരുവനന്തപുരം പോങ്ങുമൂട് ഗീതത്തിൽ ബിബിൻ.ജി. രാജിന് ഒന്നാം സ്ഥാനവും തൃശ്ശൂർ മേലെപുരക്കൽ ഹൗസിൽ അരവിന്ദ്രാജൻ രണ്ടാം സ്ഥാനവും നേടി. എസ്ടി വിഭാഗത്തിൽ ഒന്നാം സ്ഥാനം തടഞ്ഞു വച്ചിരിക്കുകയാണ്. രണ്ടാം സ്ഥാനം കാസർകോട് ശ്രീശുഭയിൽ മേഘ്ന കരസ്ഥമാക്കി. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥിന്റെ സാന്നിദ്ധ്യത്തിൽ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയാണ് പരീക്ഷാഫലപ്രഖ്യാപനം നടത്തിയത്.
1,16,477 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയവരിൽ 1,04,787 പേർ പ്രവേശനത്തിന് യോഗ്യത നേടി. പരിക്ഷ എഴുതിയവരിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ തിരുവനന്തപുരം ജില്ലയിലും കുറവ് വയനാടും. തിരുവനന്തപുരത്ത് 14968 പേർ പരീക്ഷ എഴുതിയപ്പോൾ 13363 പേരും വയനാട് 2343 പേരിൽ 2034 പേരും പ്രവേശനത്തിന് യോഗ്യരായി. സിബിഎസ്ഇ സിലബസ്സിൽ പഠിച്ചവർക്കാണ് വിജയശതമാനം കൂടുതൽ. സംസ്ഥാന സിലബസ്സിൽ പഠിച്ച ആദ്യത്തെ ആയിരം റാങ്കിൽ 484 പേർ പ്രവേശനത്തിന് അർഹത നേടിയപ്പോൾ സിബിഎസ്ഇ സിലബസ്സിൽ പഠിച്ചവരിൽ 488 പേർ അർഹത നേടി.
മെഡിക്കൽ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ്, ആയൂർവേദ കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് എന്നിവയാണ് ഇപ്പോൾ പ്രസിദ്ധപ്പെടുത്തുന്നത്. ആയൂർവേദം ഒഴികെ എംബിബിഎസ്, ബിഡിഎസ്, ഉൾപ്പെടെയുള്ള അനുബന്ധ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് സംസ്ഥാന മെഡിക്കൽ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്ക് നിലവിലെ ഷെഡ്യൂൾ പ്രകാരം രണ്ട് അലോട്ട്മെന്റുകൾ മാത്രമേ നടത്താനാകൂ. ഒന്നാം ഘട്ടം അലോട്ട് മെന്റ് ജൂലൈ 15ന് മുമ്പും രണ്ടാം ഘട്ടം അലോട്ട്മെന്റ് ആഗസ്റ്റ് 22ന് മുമ്പായും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: