വിവാദ ഉത്തരവുകള്‍ പരിശോധിക്കണമെന്ന് മന്ത്രിസഭാ ഉപസമിതി

Wednesday 1 June 2016 10:56 pm IST

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വിവാദ ഉത്തരവുകള്‍ വകുപ്പ് അധ്യക്ഷന്മാര്‍ പരിശോധിക്കണമെന്ന് മന്ത്രിസഭാ ഉപസമിതി. മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയ മന്ത്രി എ.കെ. ബാല ന്റെ നേതൃത്വത്തിലുള്ള ഉപസമിതി യോഗത്തിലാണ് തീരുമാനം. വിവിധ നിയമങ്ങളുടെ ഭേദഗതി, ചട്ടങ്ങളില്‍ വരുത്തിയ മാറ്റം, ഭൂമിദാനം, തസ്തിക സൃഷ്ടിക്കല്‍, നിയമനങ്ങള്‍ എന്നിവയും പരിശോധിക്കുന്നുണ്ട്. എല്ലാ വകുപ്പ് തലവന്മാര്‍ക്കും ഇത് സംബന്ധിച്ച് ചോദ്യാവലികള്‍ നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് അതത് മന്ത്രിമാര്‍ക്കു മുന്നില്‍ സമര്‍പ്പിക്കണം. അതിനുശേഷം ഇവ ചീഫ് സെക്രട്ടറി ക്രോഡീകരിച്ച് ഉപസമിതി മുമ്പാകെ നല്‍കണമെന്നാണ് നിര്‍ദേശം. വിവിധ നിയമങ്ങളുടെ ഭേദഗതി പരിശോധിക്കാന്‍ നിയമ വകുപ്പ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി. 2016 ജനുവരി ഒന്നുമുതല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളാണ് ഉപസമിതി പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ എല്ലാ വിഷയങ്ങളും സമിതിയുടെ പരിശോധനക്ക് വന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സൃഷ്ടിച്ച അനധികൃത തസ്തികകള്‍ മരവിപ്പിക്കാനും അനധികൃത നിയമനങ്ങള്‍ പിന്‍വലിക്കാനും ഉപസമിതി തീരുമാനിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.