പ്രവേശനോത്സവത്തിന് എംഎല്‍എ ദിവാകരന്‍ വൈകി കുട്ടികളും രക്ഷാകര്‍ത്താക്കളും കാത്തിരുന്നത് മൂന്നുമണിക്കൂര്‍

Wednesday 1 June 2016 11:38 pm IST

നെടുമങ്ങാട്: ഇന്നലെ രാവിലെ 9 മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവവും മഹാത്മാഗാന്ധി പ്രതിമാ അനാച്ഛാദനവും നടത്താന്‍ ഉദ്ഘാടകനായ എംഎല്‍എ സി. ദിവാകരന്‍ എത്തിയത് 12.45 ന്. അതുവരെ ഉദ്ഘാടകനെ കാത്തിരുന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലഞ്ഞു. മൂന്നു മണിക്കൂര്‍ എംഎല്‍എക്കു വേണ്ടി കാത്തിരുന്ന പിടിഎ ഭാരവാഹികള്‍ അവസാനം കുട്ടികളെ സ്വാഗതം ചെയ്യുതുകൊണ്ടുള്ള പ്രസംഗപരിപാടി നടത്തി സമയം ദീര്‍ഘിപ്പിച്ചു. നെടുമങ്ങാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച എംഎല്‍എ സി. ദിവാകരന്റെ ആദ്യത്തെ പരിപാടിയായിരുന്നു സ്‌കൂള്‍ പ്രവേശനോത്സവം. ടൗണ്‍ എല്‍പി സ്‌കൂളിലായിരുന്നു സ്റ്റേജ് ഒരുക്കിയിരുന്നത്. ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം 10 ന് നിശ്ചയിച്ചിരുന്നു. അവിടെയും ഉദ്ഘാടകന്‍ എംഎല്‍എ തന്നെ. സ്‌കൂളില്‍ പുതുതായി ചേര്‍ന്ന കുട്ടികളെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി ചന്ദ്രികദേവി മെമ്മോറിയല്‍ സ്റ്റേജിനുമുന്നിലെ ഇരിപ്പിടത്തില്‍ ടീച്ചര്‍മാര്‍ കുട്ടികളെ ക്ഷണിച്ചിരുത്തി. ഉദ്ഘാടന പരിപാടി ആരംഭിക്കാന്‍ പോകുന്നുവെന്ന അറിയിപ്പുമാത്രം മൈക്കില്‍കൂടി ഇടയ്ക്കിടയ്ക്ക് പറയുന്നതല്ലാതെ പരിപാടി അരംഭിക്കുന്നില്ല. തുടര്‍ന്ന് വെയിലേറ്റ് വാടിയ വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും എഴുന്നേറ്റ് തണലുള്ള ഭാഗത്തേക്ക് മാറിനിന്നു. എംഎല്‍എ വരാന്‍ താമസമുണ്ടെന്ന് മനസിലാക്കിയ ടീച്ചര്‍മാര്‍ കുട്ടികളെ അതതു ക്ലാസുകളില്‍ കൊണ്ടിരുത്തി. പിന്നീട് 12.45 ഓടെയായിരുന്നു ഉദ്ഘാടനം നടത്തിയത്. അപ്പോഴേക്കും മിക്ക കുട്ടികളും വീട്ടിലേക്ക് തിരിച്ചുപോയിരുന്നു. എംഎല്‍എ സമയത്തെത്താത്തിനെ ചൊല്ലി രക്ഷാകര്‍ത്താക്കള്‍ പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.