വിശ്വാസം

Thursday 2 June 2016 8:32 pm IST

വിഭീഷണന്‍ ലങ്കയിലെ രാജാവായി സ്ഥാനമേറ്റെടുത്ത് ഭരണം നടത്തിക്കൊണ്ടിരിക്കുന്ന സമയം. ഒരിക്കല്‍ ഒരു ലങ്കാനിവാസിക്ക് ഭാരതത്തിലേക്കു വരേണ്ട ഒരു ആവശ്യം വന്നു. അയാള്‍ രാജാവായ വിഭീഷണനെ കണ്ട് കാര്യം അവതരിപ്പിച്ചു. ഉടന്‍തന്നെ വിഭീഷണന്‍ ഒരു ഇലയില്‍ എന്തോ എഴുതി അത് മടക്കി അയാള്‍ക്കു കൊടുത്തുകൊണ്ട് പറഞ്ഞു: 'ഈ ഇല ഭക്തിപൂര്‍വം മടിയില്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് അനായാസം നദി കടന്ന് ഭാരതത്തിലെത്താം. എന്നാല്‍ ഒരു കാരണവശാലും ഈ ഇലയില്‍ എന്താണെന്നു നോക്കരുത്.' അങ്ങനെയാവട്ടെ എന്നു പറഞ്ഞ് അയാള്‍ വിഭിഷണന്‍ നല്‍കിയ ഇല മടിയില്‍ ഭദ്രമായി വെച്ച് കടലിലൂടെ നടക്കാന്‍ തുടങ്ങി. അല്‍ഭുതം! വെള്ളത്തിനു മുകളിലൂടെ അയാള്‍ അനായാസം നടക്കാന്‍ തുടങ്ങി. കുറേദൂരം കടലിനു മുകളിലൂടെ നടന്ന് അയാള്‍ ഏതാണ്ട് സമുദ്രത്തിന്റെ നടുക്കെത്തി. ഈ സമയം അയാളുടെ മനസ്സില്‍ ഒരു കുസൃതി തോന്നി. വിഭീഷണന്‍ നല്‍കിയതും തന്റെ മടിയിലിരിക്കുന്നതുമായ ഇലയില്‍ എന്താണുള്ളതെന്ന് ഒന്നു നോക്കിയാലോ? കൗതുകം അടക്കി നിര്‍ത്താന്‍ പറ്റാതെ അയാള്‍ മടിയിലെ ഇല നിവര്‍ത്തി നോക്കി. 'ജയ് ശ്രീരാം' ഇതായിരുന്നു ഇലയില്‍ എഴുതിയിരുന്നത്. എഴുത്ത് വായിച്ച് അയാള്‍ സ്വയം പറഞ്ഞു: 'ഓഹോ! ഈ ഇലയാണോ ഞാന്‍ ഇത്രയും നേരം പൊന്നുപോലെ സൂക്ഷിച്ചത്! കഷ്ടം!' ഈ വിധം ചിന്തിച്ചതും അയാള്‍ വെള്ളത്തിനടിയിലേക്കു താഴ്ന്നുപോയതും ഒപ്പമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.