അമ്പലപ്പുഴ തോല്‍വി വിവാദം: ജെഡിയുവിനെതിരെ കോണ്‍ഗ്രസ്

Thursday 2 June 2016 8:56 pm IST

ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷേക്ക് പി. ഹാരീസ് ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരേയും, കീഴ്ഘടകങ്ങള്‍ക്കെതിരേയും നടത്തിയ അവഹേളനാപരമായ പ്രസ്താവന ഹീനവും, സദാചാര രാഷ്ട്രീയത്തിന് വിരുദ്ധമാണെന്ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ആരോപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നതിലുപരി കോണ്‍ഗ്രസ്സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ കണ്ടുകൊണ്ടു തന്നെയാണ് അമ്പലപ്പുഴ തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചാവേറുകളെപ്പോലെ പ്രവര്‍ത്തിച്ചത്. എന്നിട്ടും പരാജയത്തെക്കുറിച്ച് ഒരു ആത്മപരിശോധന നടത്തി സത്യസന്ധമായി അഭിപ്രായം പറയുന്നതിന് പകരം തന്റെ പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന വിഭാഗിയത മറയ്ക്കുവാന്‍ കോണ്‍ഗ്രസ്സിനെ ചെളിവാരിയെറിഞ്ഞ സംഭവം അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്ന രീതി ആയിപ്പോയി എന്ന് ഷുക്കൂര്‍ കുറ്റപ്പെടുത്തി. ജില്ലയിലെ കോണ്‍ഗ്രസ്സിനെതിരെ ദുഷ്ടലാക്കോടെ വിവിധകോണുകളില്‍ നിന്നും അക്രമണങ്ങള്‍ ഉണ്ടായപ്പോഴൊക്കെ ഉറച്ച നിലപാടുകളിലൂടെ അതിനെയെല്ലാം പ്രതിരോധിച്ച പാരമ്പര്യമാണ് ഉള്ളത്. ഇടത് മുന്നണിയില്‍ എത്തിപ്പടാന്‍ ദീര്‍ഘനാളായി ആഗ്രഹിച്ചിരുന്ന ഷേക്ക്.പി.ഹാരിസിന് ഉണ്ടായ മോഹഭംഗമാണ് ഇത്തരത്തില്‍ പ്രസ്താവന നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പച്ചത്. അന്ന് ഉറച്ച നിലപാട് സ്വന്തം പാര്‍ട്ടിയില്‍ എടുക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതിന് പകരം കോണ്‍ഗ്രസ്സിനെ ചെളിവാരിയെറിയാനും, കള്ളപ്രചരണം നടത്തി പാര്‍ട്ടിയെ അവഹേളിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ഷുക്കൂര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.