കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ 26 സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് വൃത്തിയുള്ള ഇ-ടോയ്ലറ്റും ഒപ്പം നാപ്കിന് ലഭിക്കുന്നതിനും ഉപയോഗിച്ചവ നശിപ്പിച്ചു കളയുന്നതിനുമുള്ള സംവിധാനം സജ്ജമായി. ഇന്നലെ വളപട്ടണം ഹയര്‍സെക്കന്റഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ പി.കെ.ശ്രീമതി എംപി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂളുകള്ക്കൊപ്പം കണ്ണൂര്‍ സയന്‍സ് പാര്‍ക്ക്, ഗവ.കമേര്സല് ഇന്‍സ്റ്റിറ്റിയൂട്ട്, ജില്ലാ ആശുപത്രി, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലും പൊതു ജനങ്ങള്‍ക്കായി ഇ ടോയ്ലറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 800 ലധികം സ്കൂളുകളില്‍ സ്ഥാപിച്ചിട്ടുള്ള ഇ ടോയ്ലറ്റുകള് വിദ്യാര്‍ത്ഥികള്‍ക്ക് നൂതന സാനിറ്റേഷന്‍ സൗകര്യം നല്കി വരുന്നു. സ്വയം ഫഌഷ് ചെയ്യുകയും ടോയ്ലറ്റിന്റെ ഫ്ളോര്‍ നിശ്ചിത ഉപയോഗ ശേഷം സ്വയം വൃത്തിയാക്കുകയും ചെയ്യുന്നതിനാല്‍ ഇതിന്റെ പരിപാലനത്തിന് മുഴുവന്‍ സമയ ജോലിക്കാരെ നിയോഗിക്കേണ്ടതില്ല. പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ നാപ്കിന് വെന്റിങ്ങ് മഷീന്, നാപ്കിന് ഇന്‍സിനറേറ്റര്‍ എന്നിവ പെണ്കുട്ടികുട്ടികള്ക്ക് മാത്രമായ ഇ-ടോയ്ലറ്റില് സജ്ജമാക്കിയിട്ടുണ്ട്. നാണയമിട്ടാല്‍ ആവശ്യാനുസരണം നാപ്കിന് വെന്റിങ്ങ് മെഷീനില്‍ നിന്നും ലഭിക്കുന്നതാണ്. ഉപയോഗിച്ച നാപ്കിന് ഏറ്റവും ശുചിയായ രീതിയില്‍ സംസ്ക്കരിക്കുന്ന സംവിധാനമാണ് നാപ്കിന് ഡിസ്ട്രോയര്‍. ഇവ രണ്ടും ഇ-ടോയ്ലറ്റിനുള്ളില് സ്ഥാപിച്ചിരിക്കുന്നതിനാല്‍ പെണ്‍കുട്ടികള്‍ക്ക് പൂര്‍ണ്ണമായും സ്വാകാര്യത ഉറപ്പു വരുത്താന്‍ സാധിക്കും. കേരളത്തില്‍ മറ്റു പല സ്കൂളുകളിലും ഇ-ടോയ്ലറ്റുകള് സ്ഥാപിച്ചതിന്റെ പ്രയോജനം വിലയിരുത്തിയതിനുശേഷമാണ് ജില്ലാ പഞ്ചായത്ത് ഇ ടോയ്ലറ്റ് പദ്ധതി ജില്ലയിലും നടപ്പിലാക്കുന്നത്. ഇ ടോയ്ലറ്റുകള്‍ക്കെല്ലാം ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സും വാറണ്ടിയും ലഭ്യമാണ്.
ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസ് സ്വഛ് ഭാരത് പദ്ധതിയുടെ കീഴില്‍ ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ സ്ഥാപിച്ച 600 ലധികം ഇ-ടോയ്ലറ്റുകള് ഇതിനോടകം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
ഇന്ത്യയില്‍ ആദ്യമായി ഇ-ടോയ്ലറ്റുകള് നിര്‍മ്മിച്ച ഇറാം സയന്റിഫിക്ക് സൊല്യൂഷന്‍സിന്റെ സാങ്കേതിക സഹായത്തോടുകൂടി കേരള സര്‍ക്കാര്‍ സ്ഥാപനമായ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ആണ് പദ്ധതിക്ക് നടപ്പാക്കുന്നത്. ഇ ടോയ്ലറ്റുകള് സ്ഥാപിച്ചതിനു ശേഷമുള്ള തുടര്‍ പരിപാലനത്തിനും സാങ്കേതിക സഹായത്തിനും മെറ്റല്‍ ഇന്‍ഡസ്ട്രീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനുശേഷം മറ്റു സ്കൂളുകളിലും ഇത് വ്യാപിപ്പിക്കുന്നതിനും ഇ ടോയ്ലറ്റുകള് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി..സുമേഷ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ടി.ടി.റംല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അജിത്ത് മാട്ടൂല്‍ ,അന്‍സാരി തില്ലങ്കേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.ഷക്കീല്‍, എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി..ജയപാലന് സ്വാഗതവും വളപട്ടണം ഹയര്‍സെക്കന്റഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.കെ.സുരേന്ദ്രന് നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: