ആരോഗ്യ കേരളത്തിന് കേന്ദ്രത്തിന്റെ 360 കോടി

Thursday 2 June 2016 11:00 pm IST

കോഴിക്കോട്: സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍കോളജുകള്‍ക്കായി 360 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ മീറ്റ് ദ പ്രസ്സിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ മൂന്നാം ഘട്ടമായാണ് കേന്ദ്രസഹായം ലഭ്യമാക്കുക. ഇതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. മൂന്നാം ഘട്ടത്തില്‍ രാജ്യത്തെ 39 മെഡിക്കല്‍ കോളജുകളാണ് അപ്‌ഗ്രേഡ് ചെയ്യുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ്, ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളജുകള്‍ എന്നിവയാണ് കേരളത്തില്‍ നിന്ന് മൂന്നാംഘട്ടത്തിലുള്‍പ്പെട്ടിരിക്കുന്നത്. 120 കോടി രൂപ വീതം കേന്ദ്രസര്‍ക്കാര്‍ നല്‍കും. 30 കോടിരൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. ഇത് കൂടാതെ രാജ്യത്തെ 50 ജില്ലാ ആശുപത്രികളും മെഡിക്കല്‍കോളജുകളായി ഉയര്‍ത്തും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാന്‍സര്‍ കെയര്‍ യൂനിറ്റിന് 25 കോടിരൂപയും, ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ട്രോമാകെയര്‍ യൂണിറ്റിന്റെ രണ്ടാംഘട്ടത്തിന് 17 കോടി രൂപയും നല്‍കും. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതും കോഴിക്കോട് മാതൃശിശുസംരക്ഷണ കേന്ദ്രം മികവിന്റെ കേന്ദ്രമാക്കുന്നതും സജീവ പരിഗണനയിലാണ്. രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സൗജന്യ ഡയാലിസിസ്സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള വന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. 9000 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. ആറ് സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ധാരണ പത്രം ഒപ്പിട്ടെങ്കിലും കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ല. സൗജന്യ ചികിത്സയും മരുന്നും ഇത്തരം കേന്ദ്രങ്ങളിലൂടെ അനുവദിക്കും. സംസ്ഥാനം മുന്നോട്ടുവരുന്നതിനനുസരിച്ച് പദ്ധതി നടപ്പാക്കും. യുവാക്കളെ തൊഴില്‍സംരംഭകരാക്കാന്‍ സഹായിക്കുന്ന മുദ്ര പദ്ധതിക്ക് കേരളം വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല. ബാങ്കുകളിലെ ചില ട്രേഡ് യൂണിയനുകളാണ് തടസം നില്‍ക്കുന്നത്. സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്റ്റാന്റ് അപ് ഇന്ത്യ തുടങ്ങിയപദ്ധതികള്‍ യുവാക്കള്‍ സ്വയംപര്യാപ്തമാക്കുന്നതിനുള്ള പദ്ധതികളാണ്. മുദ്ര ബാങ്ക് പദ്ധതിക്ക് കേരളം കൂടുതല്‍ മുന്നോട്ടുവരണം, മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ പിന്നാക്ക ജനതയ്ക്ക് സാമൂഹ്യ സുരക്ഷിതത്വം നല്‍കിയതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണം. വിദേശരാഷ്ട്രങ്ങള്‍ ഭാരതത്തില്‍ മൂലധന നിക്ഷേപത്തിന് തയ്യാറായിരിക്കുന്നു. 14-ാം ധനകാര്യ കമ്മീഷന്റെ ഭാഗമായി സംസ്ഥാനങ്ങളുടെ വിഹിതം ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. 13-ാം ധന കാര്യകമ്മീഷനില്‍ 5478 കോടിരൂപയാണ് അനുവദിച്ചതെങ്കില്‍ നിലവില്‍ അത് 17968 കോടി രൂപയായി ഉയര്‍ത്തിയിരിക്കുന്നു. സഹകരണാത്മകമായ ഫെഡറിലിസത്തിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. ഏറെക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് അടിസ്ഥാനരംഗത്തെ വികസനത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടുണ്ട്. ഭൂമിയേറ്റെടുക്കുന്നതിലും അടിസ്ഥാനസൗകര്യവികസനത്തിനും കേരളസര്‍ക്കാര്‍ ശ്രദ്ധ നല്‍കിയിട്ടില്ല. പുതിയ സര്‍ക്കാറിന്റെ നിലപാട് അനുകൂലമായിരിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.