മുഖത്തലയിലെ സ്‌കൂള്‍ പ്രവര്‍ത്തിച്ചത് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ; സ്‌കൂള്‍ ഇടതുമാനേജ്‌മെന്റിന്റേത്

Thursday 2 June 2016 11:06 pm IST

കൊല്ലം: മുഖത്തലയില്‍ വിദ്യാര്‍ത്ഥി നിഷാന്തിന്റെ മരണത്തിനിടയാക്കിയ സ്‌കൂള്‍ ഇടത് മാനേജ്‌മെന്റിന്റേത്. സിപിഐയുടെ നേതൃത്വത്തിലുള്ള ഗ്രാമോദയം ട്രസ്റ്റിന്റേതാണ് അപകടത്തിന് കാരണമായ സ്‌കൂള്‍.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയായിരുന്നു സ്‌കൂളിന്റെ പ്രവര്‍ത്തനം. 1968 ല്‍ സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ പണി കഴിപ്പിച്ച കെട്ടിടത്തിന് വര്‍ഷാവര്‍ഷം യാതൊരു പരിശോധനയും കൂടാതെ അധികൃതര്‍ പ്രവര്‍ത്തനാനുമതി നല്‍കി കൊണ്ടിരുന്നുവെന്നാണ് അപകടം സൂചിപ്പിക്കുന്നത്.

സിപിഐയുടെ അധീനതയിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉന്നതബന്ധം മൂലമാണ് തകര്‍ച്ചയിലായിരുന്ന ഈ കെട്ടിടത്തിന് അധികൃതര്‍ വര്‍ഷംതോറും പരിശോധന കൂടാതെ അനുമതി പുതുക്കി നല്‍കിയതെന്ന ആരോപണവും ശക്തമാണ്.
എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ യാതൊരുവിധ നവീകരണപ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഇത്തരത്തില്‍ രണ്ട് കെട്ടിടങ്ങള്‍ സ്‌കൂളില്‍ നിലവില്‍ പ്രവര്‍ത്തിക്കുണ്ട്. ഇടതുപക്ഷത്തിന് സ്വാധീനമുള്ള സ്‌കൂള്‍ ആയതിനാല്‍ സ്‌കൂളിനെതിരായ പരാതി കേള്‍ക്കുവാന്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരോ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന തൃക്കോവില്‍ വട്ടം പഞ്ചായത്ത് അധികൃതരോ തയാറാകാറില്ലെന്ന് നാട്ടുകാരും രക്ഷകര്‍ത്താക്കളും പറയുന്നു.

സംഭവം നടന്ന് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ സിപിഐ നേതൃത്വം ഉന്നത തലങ്ങളില്‍ ബന്ധപ്പെട്ടിരുന്നു. മുന്‍ വര്‍ഷങ്ങളിലെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ പുറത്താണ് സ്‌കൂളില്‍ പുതിയ അദ്ധ്യായന വര്‍ഷത്തിന് തുടക്കം കുറിച്ചതെന്ന ഗുരുതര കുറ്റമാണ് മാനേജ്‌മെന്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ സ്‌കൂള്‍ സന്ദര്‍ശിച്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ആദ്യം മുതലെ മാനേജ്‌മെന്റിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്തിനും ഏതിനും സമരം ചെയ്യുന്ന എസ്ഫ്‌ഐയും എഐഎസ്എഫും മാനേജ്‌മെന്റിനെ സംരക്ഷിക്കുന്ന നിലപാടിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ചെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എട്ട്, ഒമ്പത്, പത്ത് ക്ലാസുകളാണ് സ്‌കൂളിലുള്ളത്. ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് സൗകര്യപ്രദമായി പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനോ ഉച്ചഭക്ഷണം കഴിഞ്ഞ് കൈകഴുകാനോ സ്ഥലമില്ല.

ഇടുങ്ങിയ ഈ പഴകിയ കെട്ടിടത്തിന്റെ സമീപത്തായി നാല് പൈപ്പുകളാണ് എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് കൈകഴുകാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മരണപ്പെട്ട നിഷാന്ത് ഇവിടെ കൈകഴുകാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

ഒമ്പതാംക്ലാസും അദ്ധ്യാപികമാരുടെ സ്റ്റാഫ് റൂമും ഇവിടെ പ്രവര്‍ത്തിച്ച് വരികയായിരുന്നു. അപകട സമയത്തും ഇവിടെ ക്ലാസ് നടന്നിരുന്നു. ഇത് മറച്ചുവയ്ക്കാന്‍ ഡിഡിഇയും അദ്ധ്യാപകരും ശ്രമിച്ചതും അനാസ്ഥയുടെ ആക്കം കൂട്ടുന്നു.

അതേസമയം മൂന്ന് വര്‍ഷം മുമ്പാണ് മാനേജ്‌മെന്റ് കേരളായൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള യുഐടിക്ക് ഈ കെട്ടിടത്തിന്റെ പകുതിഭാഗം വിട്ടുനല്‍കിയത്. അപകടാവസ്ഥയിലുള്ള ഈ കെട്ടിടത്തിലാണ് മുന്നൂറോളം ബിരുദവിദ്യാര്‍ത്ഥികളും പഠിക്കുന്നത്.

നിലവില്‍ മണ്‍കട്ടകളാല്‍ കെട്ടിയ കെട്ടിടത്തില്‍ ഓട് പാകുകയായിരുന്നു. മണ്‍കട്ടകളെല്ലാം വെള്ളം വീണ് തകരാറായ നിലയിലാണ്. കഴുക്കോലിനും ഓടിനും ഒന്നും ബലമില്ല. അശാസ്ത്രീയമായ രീതിയിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണവും നടന്നിരിക്കുന്നത്. ഈ കെട്ടിടത്തിനാണ് കഴിഞ്ഞ അഞ്ച് ദശാബ്ദമായി തൃക്കോവില്‍വട്ടം പഞ്ചായത്ത് അനുമതി നല്‍കിപ്പോരുന്നത്.

സാന്ത്വനമേകി കുമ്മനമെത്തി

നിഷാന്തിന്റെ അമ്മയെയും സഹോദരിയെയും ആശ്വസിപ്പിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍

കൊല്ലം: സ്‌കൂള്‍പ്രവേശന ദിവസം തൂണ് വീണ് മരണപ്പെട്ട നിഷാന്തിന്റെ വീട്ടില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എത്തി. നിഷാന്തിന്റെ അമ്മ ബിന്ദുവിനെയും സഹോദരി രേഷ്മയെയും അദ്ദേഹം ആശ്വസിപ്പിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, മേഖലാ ജനറല്‍ സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍, ജില്ലാ ട്രഷറര്‍ അനില്‍ മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്റ് വസന്ത ബാലചന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി.ബി. പ്രതീഷ്, ബിജെപി പഞ്ചായത്ത് കണ്‍വീനര്‍ ശ്രീപ്രസാദ്, പഞ്ചായത്തംഗം സുനിത്ദാസ് എന്നിവരും അദ്ദേഹ ത്തോടൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.