സെക്യൂരിറ്റിക്കാരന്റെ വെടിയേറ്റ് ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു

Thursday 2 June 2016 11:04 pm IST

തലശ്ശേരി (കണ്ണൂര്‍): സ്വകാര്യ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്റെ വെടിയേറ്റ് ബാങ്ക് ജീവനക്കാരി മരിച്ചു. തലശ്ശേരി ലോഗന്‍സ് റോഡിലെ റാണി പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന ഐഡിബിഐ ബാങ്കിലെ ജീവനക്കാരി മേലൂര്‍ വടക്ക് പുതിയാണ്ടി വീട്ടില്‍ വിനോദിന്റെ മകള്‍ വില്‍ന വിനോദ് (31) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. കസേരയിലിരിക്കുകയായിരുന്ന ഇവര്‍ നെറ്റിയില്‍ വെടിയേറ്റ് തെറിച്ച് വീഴുകയായിരുന്നു. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ അഞ്ചരക്കണ്ടി തിലാന്നൂരിലെ ഹരീന്ദ്രന്‍(31) തോക്കെടുത്ത് പരിശോധന നടത്തവെ അബദ്ധത്തില്‍ വെടി പൊട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം. പകല്‍ ഡ്യൂട്ടി കഴിഞ്ഞ് തോക്കില്‍ നിന്ന് വെടിയുണ്ട പുറത്തെടുത്ത ശേഷം തോക്കും വെടിയുണ്ടയും ഖജനാവില്‍ സൂക്ഷിക്കാറാണ് പതിവ്. പതിവുപോലെ രാവിലെ 9.45 ന് ലോക്കറില്‍ നിന്ന് തോക്കും വെടിയുണ്ടയും പുറത്തെടുത്ത് ഉണ്ട നിറച്ച് സേഫ്റ്റി ലോക്ക് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നുവെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പോലീസിന് മൊഴി നല്‍കിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരുന്നു. തലക്ക് വെടിയേറ്റ വില്‍നയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയുടെ ഒരു ഭാഗം ചിതറിയ നിലയിലായിരുന്നു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തലശ്ശേരി ഡിവൈഎസ്പി സാജു പോള്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം.മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. പുന്നോല്‍ കൊമ്മല്‍ വയല്‍ പൂജ ഹൗസില്‍ സംഗീതിന്റെ ഭാര്യയായ വില്‍ന ധര്‍മടം മേലൂരിലെ ഓട്ടോഡ്രൈവര്‍ പുതിയാണ്ടി വിനോദ്- സുധ ദമ്പതികളുടെ മകളാണ്. കായികാധ്യാപിക നയന സഹോദരിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.