വരള്‍ച്ചാ കൃഷിനാശം: കാര്‍ഷിക മേഖല പ്രതിസന്ധിയില്‍ വരള്‍ച്ച ബാധിച്ചത് 1393.2 ഹെക്ടര്‍ സ്ഥലത്ത്. നഷ്ടം 2കോടി 97 ലക്ഷം. 1031 കര്‍ഷകര്‍ ദുരിതത്തില്‍

Friday 3 June 2016 10:42 am IST

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ മാസങ്ങളിലുണ്ടായ കൊടും വരള്‍ച്ചയില്‍ ഹെക്ടറു കണക്കിന് കൃഷി നശിച്ചതോടെ കാര്‍ഷിക മേഖല പ്രതിസന്ധിയിലായി. സംസ്ഥാന സര്‍ക്കാറാകട്ടെ നഷ്ട പരിഹാരം പ്രഖ്യാപിക്കാതെ മൗനം പാലിക്കുകയാണ്. ഏപ്രില്‍ മുതല്‍ മെയ് 13 വരെ മാത്രം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് വഴി ഏകദേശം 2 കോടി 97 ലക്ഷത്തി 52530 രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. തെങ്ങ്, കവുങ്ങ്, വാഴ, കശുമാവ്, നെല്ല്, കുരുമുളക്, റബ്ബര്‍ തുടങ്ങിയ കര്‍ഷകരെയാണ് വരള്‍ച്ച കൂടുതലായും ബാധിച്ചത്. 1031 കര്‍ഷകര്‍ വരള്‍ച്ചാ ദുരിതത്തിന് ഇരയായി. 1393.2 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് നാശം സംഭവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത് വാഴയ്ക്കും, കവുങ്ങിനും തെങ്ങിനുമാണ്. കുലച്ചതും കുലയ്ക്കാത്തതും ഉള്‍പ്പെടെ 49178 വാഴകളും, 33277 കവുങ്ങും, 10765 തെങ്ങും നശിച്ചിട്ടുണ്ട്. 10 കശുമാവ്, 5564 വള്ളി കുരുമുളക്, ടാപ്പ് ചെയ്തതും ചെയ്യാത്തതുമായ 6303 റബ്ബര്‍ തുടങ്ങിയവയ്ക്കും നാശ നഷ്ടമുണ്ടായിട്ടുണ്ട്. 12 ഹെക്ടര്‍ സ്ഥലത്തെ പച്ചക്കറി കൃഷിയും ചൂട് കാരണം നശിച്ചു. മൂന്ന് ഹെക്ടര്‍ ഭൂമിയിലെ നെല്‍കൃഷി പൂര്‍ണ്ണമായും ഉണങ്ങി നാമാവശേഷമായി. 38 പഞ്ചായത്തുകളിലും 3 മൂന്ന് മുനിസിപ്പാലിറ്റികളിലും കൃഷിനാശമുണ്ടായി. മെയ് അഞ്ച് മുതല്‍ 31 വരെ വേനല്‍ മഴ കാരണം 930 കര്‍ഷകര്‍ക്ക് കൃഷി നാശം സംഭവിച്ചു. 273.2 ഏക്കര്‍ സ്ഥലത്തായി 14084450 രൂപയുടെ ഏകദേശ നഷ്ടം കണക്കാക്കിയിട്ടുണ്ട്. ജില്ലയില്‍ 40 ഡിഗ്രിക്ക് മുകളില്‍ പലപ്പോഴും രേഖപ്പെടുത്തിയ കടുത്ത ചൂട് കാരണം ഈ വര്‍ഷം കൊടും വരള്‍ച്ചയായിരുന്നു. വരള്‍ച്ചയെ തുടര്‍ന്നുണ്ടായ രൂക്ഷമായ ജല ക്ഷാമം കൃഷി നാശത്തിന് പ്രധാന കാരണമായി മാറി. കാസര്‍കോട് മുനിസിപ്പാലിറ്റി, മുളിയാര്‍, കയ്യൂര്‍ ചീമേനി, മടിക്കൈ, മംഗല്‍പ്പാടി, ഇസ്റ്റ്, വെസ്റ്റ് എളേരി, ബളാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കൃഷി നാശം കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പ്രകൃതി ദുരന്തം, വരള്‍ച്ച എന്നീ ഇനങ്ങളിലായി 2013-14 വര്‍ഷത്തെ കുടിശ്ശികയായ 26 ലക്ഷം രൂപ മുതല്‍ 2014-15 വര്‍ഷത്തെ 1,26,48,325 രൂപ, 2015-16 വര്‍ഷത്തെ 8,501828 രൂപ വരെ ജില്ലാ കൃഷി വകുപ്പ് കണക്കാക്കി സമര്‍പ്പിച്ച കാര്‍ഷിക നഷ്ടങ്ങള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ല. 2013 മുതല്‍ 16 വരെ 9001 കര്‍ഷകര്‍ക്ക് വിവിധ ഇനങ്ങളിലായി നഷ്ടപരിഹാര തുക ലഭിക്കാനുണ്ട്. 2,37,69,128 രൂപ കര്‍ഷകര്‍ക്ക് നിലവില്‍ കുടിശ്ശികയായി മാത്രം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും നല്‍കാതെ കിടക്കുന്നുണ്ട്. വര്‍ഷാ വര്‍ഷം, വരള്‍ച്ചാ, വേനല്‍മഴ, മണ്‍സൂണ്‍ തുടങ്ങിയവ കൊണ്ടുള്ള കൃഷി നാശത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയല്ലാതെ കൃത്യ സമയത്ത് നഷ്ട പരിഹാരങ്ങള്‍ പ്രഖ്യാപിച്ച് തുക കൈമാറുന്നതിന് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കാര്‍ഷിക നഷ്ടങ്ങള്‍ക്ക് പ്രഖ്യാപിക്കുന്ന തുക യഥാ സമയത്ത് ലഭിക്കാത്തതിനാല്‍ ലോണെടുത്തും, കടം വാങ്ങിയും കൃഷി ചെയ്യാനിറങ്ങിയ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. വിളവെടുക്കാറായ കാര്‍ഷിക വിളകളുടെ നാശം കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.