സാരഥി പുരസ്‌കാര സമര്‍പ്പണവും ഹ്രസ്വ ചലച്ചിത്രമേളയും നാളെ

Friday 3 June 2016 10:43 am IST

കാഞ്ഞങ്ങാട്: തപസ്യ കലാസാഹിത്യ വേദിയുടെയും സാരഥി പുരസ്‌കാര സമിതിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള സാരഥി പുരസ്‌കാര സമര്‍പ്പണവും ഹ്രസ്വ ചലച്ചിത്രമേളയും ജൂണ്‍ നാലിന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 6.30 വരെ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കും. നാളെ രാവിലെ ഒമ്പതിന് ഹ്രസ്വചലച്ചിത്രമേള പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.രമേശന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. വിശിഷ്ട വ്യക്തികളെ സാരഥി പുരസ്‌കാര സമിതി ചെയര്‍മാന്‍ ദാമോദരന്‍ ആര്‍ക്കിടെക്ട് പൊന്നാടയണിയിച്ച് ആദരിക്കും. സഹകാര്‍ ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഗോവിന്ദന്‍ കൊട്ടോടി, ബാലഗോകുലം രക്ഷാധികാരി ഡോ.എം.മുരളീധരന്‍, തപസ്യ സംസ്ഥാന സമിതിയംഗം ഡോ.ബാലകൃഷ്ണന്‍ കൊളവയല്‍, തപസ്യ ജില്ലാ അദ്ധ്യക്ഷന്‍ കെ.മോഹനന്‍, ബാലഗോകുലം മേഖല സെക്രട്ടറി കെ.രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിക്കും. അതുല്യ ജയകുമാര്‍ പടിഞ്ഞാറെക്കരയുടെ അവതരണ ഗാനത്തിന് ശേഷം തപസ്യ സംസ്ഥാന സമിതിയംഗം സുകുമാരന്‍ പെരിയച്ചൂര്‍ സ്വാഗതവും തപസ്യ കാസര്‍കോട് ജില്ലാ ട്രഷറര്‍ കെ.സി.മേലത്ത് നന്ദിയും പറയും. തുടര്‍ന്ന് രാജേന്ദ്രന്‍ പുല്ലൂര്‍ സംവിധാനം ചെയ്ത നേരറിയാതെ എന്ന ഫീച്ചര്‍ ഫിലിം പ്രദര്‍ശനം ചെയ്യും. ഒരു മിനുട്ടിനും അര മണിക്കൂറിനും ഇടയിലുള്ള 29 ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. ഉച്ചയ്ക്ക് 2.30ന് നിഷിത നാരായണന്റെ സ്വാഗത നൃത്തത്തോടെ സാരഥി പുരസ്‌ക്കാര സമര്‍പ്പണ സഭ ആരംഭിക്കും. ദാമോദരന്‍ ആര്‍ക്കിടെക്ട് അദ്ധ്യക്ഷത വഹിക്കും. എസ്.രമേശന്‍നായര്‍ പുരസ്‌കാര സമര്‍പ്പണം നടത്തും. പുതിയകണ്ടം സി.കല്ല്യാണിയമ്മ സ്മാരക വാര്‍ത്താ സാരഥി പുരസ്‌കാരം ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറത്തിനും, പെരിയച്ചൂര്‍ കിണ്ട്യന്‍രാമന്‍ സ്മാരക ചിത്രസാരഥി പുരസ്‌കാരം മാതൃഭൂമി കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാറിനും, ഇടച്ചേരി പാറമ്മല്‍ രാമകൃഷ്ണന്‍ കവിതാ സ്മാരക സാരഥി പുരസ്‌കാരം യുവ കവയിത്രി ചാരുസീത മേലത്തിനും സമ്മാനിക്കും. തപസ്യ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ.രവീന്ദ്രന്‍ ജേതാക്കളെ പൊന്നാട അണിയിക്കും. മികച്ച ഡെപ്യൂട്ടി കളക്ടര്‍ അവാര്‍ഡ് ജേതാവ് ഡോ.പി.കെ.ജയശ്രീ, ദേശീയ പ്രിന്‍സിപ്പല്‍ അവാര്‍ഡ് ജേതാവ് കെ.എം.വിജയകൃഷ്ണന്‍, മഹാഭാരത വിവര്‍ത്തകന്‍ പി.കുഞ്ഞിക്കോമന്‍ നായര്‍, ഗവേഷകനും കായികാധ്യാപകനുമായ ഡോ.മേലത്ത് ചന്ദ്രശേഖരന്‍നായര്‍, ലോക പഞ്ചഗുസ്തി താരം എം.വി.പ്രദീഷ്, മറത്തുകളി, വീരശൃംഖല അവാര്‍ഡ് ജേതാവ് രാജീവന്‍ പണിക്കര്‍, പരസ്യകലയിലെ അഗ്രഗാമി പ്രകാശന്‍ ചെമ്മട്ടംവയല്‍ എന്നിവരെ ആദരിക്കും. ആര്‍എസ്എസ് ജില്ലാ സംഘചാലക് പി.ഗോപാകൃഷ്ണന്‍ മാസ്റ്റര്‍ അനുമോദന ഭാഷണം നടത്തും. ഇ.വി.ജയകൃഷ്ണന്‍, എന്‍.ഗംഗാധരന്‍, പി.ദാമോദരപണിക്കര്‍, രാധാകൃഷ്ണന്‍ നരിക്കോട്, ഇ.വി.ആനന്ദകൃഷ്ണന്‍, കെ.കമലാക്ഷന്‍, അഹല്യ അശോകന്‍, മന്‍കി ബാത്ത് ഫെയിം ശ്രദ്ധ തമ്പാന്‍ സംസാരിക്കും. പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സംസ്ഥാന ചിത്രകലാ പുരസ്‌കാരം നേടിയ രാജേന്ദ്രന്‍ പുല്ലൂര്‍, മൈസൂര്‍ യൂണിവേഴ്‌സിറ്റി എം.എസ്.ജ്യോഗ്രഫി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ജി.ലക്ഷ്മി എന്നിവരെയും അനുമോദിക്കും. റെയില്‍വേ ട്രാക്ക് ക്ലീനിങ്ങ് യന്ത്രം കണ്ടുപിടിച്ച സദ്ഗുരു സ്വാമി നിത്യാനന്ദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കി അനുമോദിക്കും. രാജേഷ് പുതിയകണ്ടം നന്ദി പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.