എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു: ഒ.രാജഗോപാല്‍

Friday 3 June 2016 12:15 pm IST

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തതായി ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. ബിജെപിയുടെ വോട്ട് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞ സാഹചര്യത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത്. ശ്രീരാമകൃഷ്ണന്‍ വിജയിച്ചതിലും സ്പീക്കറായി തിരഞ്ഞെടുക്കപ്പട്ടതിലും സന്തോഷമുണ്ട്. അദ്ദേഹത്തെ അടുത്ത് പരിചയമുണ്ട്. അദ്ദേഹത്തിന്റെ പേര് തനിക്ക് പ്രിയപ്പെട്ടതാണെന്നും രാജഗോപാല്‍ പറഞ്ഞു. ബിജെപിയുടെ വോട്ട് വേണ്ടെന്ന് ചെന്നിത്തല പറഞ്ഞതിനാല്‍ അദ്ദേഹത്തിന്റെ വികാരം പരിഗണിച്ച് കൂടിയാണ് തീരുമാനമെടുത്തതെന്ന് രാജഗോപാല്‍ പറഞ്ഞു. ഒരു മുന്നണിയോടും അന്ധമായ വിരോധമില്ല. സഭയില്‍ വസ്തുനിഷ്ഠ നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും രാജഗോപാല്‍ വ്യക്തമാക്കി. സ്പീക്കര്‍ക്കായുള്ള തെരഞ്ഞെടുപ്പില്‍ ഒ.രാജഗോപാലിന്റേയും പൂഞ്ഞാറില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ പി.സി.ജോര്‍ജിന്റേയും വോട്ട് ആര്‍ക്കെന്ന കാര്യത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രാജഗോപാല്‍ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തപ്പോള്‍ പി.സി.ജോര്‍ജ് ആര്‍ക്കും വോട്ട് ചെയ്യാതെ ബാലറ്റ് പേപ്പര്‍ പെട്ടിയില്‍ ഇടുകയായിരുന്നു. പ്രൊടെം സ്പീക്കറായ എസ്.ശര്‍മ വോട്ട് ചെയ്തില്ല. യു.ഡി.എഫ് പക്ഷത്ത് നിന്ന് ഒരു വോട്ട് ശ്രീരാമകൃഷ്ണന് ലഭിക്കുകയും ചെയ്തു. ഇതോടെ 91 അംഗങ്ങളുള്ള എല്‍.ഡി.എഫിന് 92 വോട്ടും 47 അംഗങ്ങളുള്ള യു.ഡി.എഫിന് 46 വോട്ടുമാണ് ലഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.