ന്യൂദല്‍ഹി: അവധിക്കാലത്തും ജോലി ചെയ്യുന്നതിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂറിന്റെ കത്ത്. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് അവധിക്കാലത്ത് പ്രത്യേക പരിഗണന നല്‍കണമെന്നും ടി.എസ് ഠാക്കൂര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏപ്രിലില്‍ സുപ്രീം കോടതി ജഡ്ജിമാരുടേയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേയും യോഗത്തില്‍ കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതിലുള്ള ആശങ്ക സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ജഡ്ജിമാരുടെ യോഗം വിളിച്ച അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ക്രിമിനല്‍ കേസുകളിലെ കെട്ടിക്കിടക്കുന്ന അപ്പീലുകള്‍ അവധിക്കാലത്ത് പരിഗണിക്കുന്നതിന് തീരുമാനിച്ചു. അലഹബാദ് ഹൈക്കോടതിയുടെ പുതിയ തീരുമാനത്തെ കുറിച്ച് ചീഫ് ജസ്റ്റിസിനെ അറിയിക്കുകയും ചെയ്തു.
ജസ്റ്റിസ് ചന്ദ്രചൂഡിനെ അഭിനന്ദിച്ച ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അലഹബാദ് ഹൈക്കോടതിയുടെ മാതൃക പിന്തുടരുന്നതിന് ശ്രമിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് കത്തയച്ചത്. ജഡ്ജിമാരുമായും അഭിഭാഷകരുമായും ഇക്കാര്യത്തില്‍ കൂടിയാലോചിക്കണമെന്നും ടി.എസ്. ഠാക്കൂര്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശങ്ങളോട് ഹൈക്കോടതി ജഡ്ജിമാര്‍ അനുകൂലമായാണ് പ്രതികരിക്കുന്നത്. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ ഇരുപത് ജഡ്ജിമാര്‍ അവധിക്കാലത്ത് കേസുകളില്‍ വാദം കേള്‍ക്കാന്‍ തയ്യാറായിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലും പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ കേസുകള്‍ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: