ഭരണിക്കാവിന്റെ കുരുക്കഴിക്കാന്‍ കോവൂര്‍ കുഞ്ഞുമോനാകുമോ...

Friday 3 June 2016 4:39 pm IST

കുന്നത്തൂര്‍: സിരാകേന്ദ്രമായ ഭരണിക്കാവ് ടൗണിന്റെ വികസനമാണ് കുന്നത്തൂര്‍ മണ്ഡലത്തില്‍ ജനം ആഗ്രഹിക്കുന്നത്. ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ഭരണിക്കാവിന്റെ മോചനത്തിനായി എംഎല്‍എയായി നാലാംതവണ നിയമസഭയിലെത്തിയ കുഞ്ഞുമോന്റെ മുന്നില്‍ നിവേദന പെരുമഴയാണ്. രണ്ട് ദേശീയപാതകളും ഒരു സംസ്ഥാനപാതയും കടന്നുപോകുന്ന പ്രധാന ജംഗ്ഷനാണ് ഭരണിക്കാവ്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ ഈ റോഡുകള്‍ വഴി കടന്നുപോകുന്നു. ഇവിടെയുണ്ടാകുന്ന ഗതാഗതക്കുരുക്കില്‍പ്പെടുന്നവര്‍ നൂറുകണക്കിനാണ്. ഭരണിക്കാവിലെ അനധികൃത കൈയേറ്റമാണ് ഇവിടെ ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ച് മാറ്റിയ പല കൈയേറ്റങ്ങളും ഇന്ന് പുനര്‍ ജനിച്ചിരിക്കുകയാണ്. ഫുട്പാത്തുകളും ഓടകളും വരെ കൈയേറിയിരിക്കുന്ന കാഴ്ചയാണ് ഭരണിക്കാവില്‍ പ്രകടമാകുന്നത്. കാല്‍നട യാത്രക്കാര്‍ക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാനാകാത്ത അവസ്ഥയാണ് മണ്ഡലത്തിലെ പ്രധാന നഗരത്തിലുള്ളത്. നാല് മാസം മുമ്പ് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അത് മുടങ്ങുകയായിരുന്നു. പിന്നീടുള്ള പ്രധാനപ്രശ്‌നം ടൗണിലെ ടാക്‌സി-ഓട്ടോ-ടെമ്പോ സ്റ്റാന്റുകളാണ്. റോഡില്‍ സ്റ്റാന്റുകള്‍ പാടില്ലെന്നുള്ള ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ഇവിടെ സ്റ്റാന്റുകളുടെ കടന്നുകയറ്റം. ഇവയുടെ പ്രവര്‍ത്തനം ഇവിടുത്തെ ഗതാഗതകുരുക്ക് രൂക്ഷമാക്കുന്നു. ഗാതഗത കുരുക്കിന്റെ മുഖ്യകാരണമായി അധികൃതരും ചൂണ്ടിക്കാണിക്കുന്നത് ഈ സ്റ്റാന്റുകളെയാണ്. സ്റ്റാന്റുകള്‍ ഇവിടെ നിന്ന് മാറ്റിസ്ഥാപിച്ചാല്‍ ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരം സാധിക്കുമെന്നാണ് ഇവരുടെ അഭിപ്രായവും. ടൗണിലെ ബസ് സ്റ്റോപ്പുകളാണ് മറ്റൊരു പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു കോടിയില്‍പ്പരം രൂപ മുടക്കി പഞ്ചായത്ത് വക ബസ് സ്റ്റാന്റ് നിര്‍മ്മിച്ചെങ്കിലും ബസുകള്‍ അവിടെ പ്രവേശിക്കില്ല. ഇവ പ്രധാന പാതയോരങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസത്തിനും അപകടത്തിനും കാരണമാകുന്നു. ടൗണില്‍ നിന്നും അമ്പത് മീറ്റര്‍ മാറിയാണ് ബസ് സ്റ്റോപ്പുകള്‍ അനുവദിച്ചതെങ്കിലും ബസുകള്‍ ഇപ്പോഴും നിര്‍ത്തുന്നത് ട്രാഫിക്ക് ഐലന്‍ഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് തന്നെ. ദിശാബോര്‍ഡുകള്‍ നല്‍കി ബൈപ്പാസുകള്‍ കാര്യക്ഷമമായി ഉപയോഗിച്ചാല്‍ ടൗണിലെ ഗതാഗത തിരക്ക് ഒരു പരിധിവരെ കുറയ്ക്കാമെന്ന അഭിപ്രായക്കാരുമുണ്ട്. ഊക്കന്‍മുക്ക്-മണക്കാട് മുക്ക് റോഡ് ഇത്തരത്തിലുള്ള ഒരു ബൈപാസായി ഉപയോഗിക്കാവുന്നതാണെന്നാണ് ഇവര്‍ എടുത്തുകാട്ടുന്നത്. വ്യാപാരസ്ഥാപന ഉടമകളുടെയും ഉപ'ോക്താക്കളുടെയും വാഹനങ്ങള്‍ അനധികൃതമായി റോഡില്‍ പാര്‍ക്ക് ചെയ്യുന്നതും ഒഴിവാക്കണം. ടൗണിലെ മിക്ക ഷോപ്പിംഗ് മാളുകളും പാര്‍ക്കിംഗ് ഏരിയ കാണിച്ച് ലൈസന്‍സ് നേടിയ ശേഷം അത് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് പതിവ്. ഈ പ്രശ്‌നങ്ങളെല്ലാം അടിയന്തിരമായി പരിഹരിച്ചാല്‍ ഭരണിക്കാവിലെ ഗതാഗതസംവിധാനം സുഗമാകുമെന്ന് ഉറപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.