സാംസ്കാരിക സമിതികളെ രാഷ്ട്രീയവത്കരിക്കില്ല: മന്ത്രി കെ.സി. ജോസഫ്‌

Friday 10 February 2012 10:46 pm IST

കോഴിക്കോട്‌: സര്‍ക്കാരിന്റെ സാംസ്കാരിക സമിതികള്‍ രാഷ്ട്രീയമുക്തമാകണമെന്നതാണ്‌ സര്‍ക്കാരിന്റെ നയമെന്ന്‌ സാംസ്കാരിക വകുപ്പ്‌ മന്ത്രി കെ.സി. ജോസഫ്‌ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടേയോ പ്രത്യയശാസ്ത്രങ്ങളുടെയോ സംരക്ഷണമല്ല സാംസ്കാരിക സമിതികളുടെ ചുമതല, തപസ്യ കലാസാഹിത്യ വേദിയുടെ 35-ാ‍ം വാര്‍ഷികോത്സവം കോഴിക്കോട്‌ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. സാംസ്കാരിക സമിതികളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമില്ല. സ്വതന്ത്രമായ ചിന്താഗതിയും അതതു മേഖലയില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തികളുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം സാംസ്കാരിക സമിതികള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കലകളുടെ ഉറവിടം ക്ഷേത്രകലകളും അനുഷ്ഠാനങ്ങളുമാണ്‌. കാലം മാറുമ്പോള്‍ ഇത്തരം കലകള്‍ക്കു കോട്ടം സംഭവിക്കാന്‍ പാടില്ല. യുവതലമുറയ്ക്കു സാംസ്കാരിക പൈതൃകങ്ങളായ കലകളുടെ പ്രാധാന്യത്തെ കുറിച്ചു അറിവു നല്‍കേണ്ടതുണ്ട്‌. സാംസ്കാരിക സംഘടനാപ്രവര്‍ത്തകര്‍ ഇത്തരം അനുഷ്ഠാന കലകളെയും പൈതൃകങ്ങളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈദേശിക ആക്രണങ്ങളും അനിധിവേശങ്ങളും രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തെങ്കിലും അതിന്റെ സാംസ്കാരിക സമ്പന്നതയെ തകര്‍ക്കാന്‍ അവര്‍ക്കായില്ല. ജനാധിപത്യ ഭരണ വ്യവസ്ഥയിലും അത്‌ സുശക്തം മുന്നോട്ട്‌ പോവുന്നു. കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച്‌ അതിന്റെ നൈരന്തര്യം നിലനിര്‍ത്താന്‍ പരിശ്രമം ഉണ്ടാവണം. ജീവിതശൈലിയില്‍വരുന്ന മാറ്റം സാംസ്കാരിക മൂല്യങ്ങളെ നശിപ്പിക്കുന്നതാണ്‌. സാംസ്കാരിക പൈതൃകം നിലനിര്‍ത്തുന്നതിന്‌ തപസ്യപോലെയുള്ള സംഘടനകളുടെ പങ്ക്‌ നിര്‍ണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തപസ്യ സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ.മേലത്ത്‌ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരി പി.വത്സല, ആഷാമേനോന്‍, സംസ്കാര്‍ ഭാരതി ദേശീയ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. സി.ജി. രാജഗോപാല്‍, തപസ്യ സംസ്ഥാന വൈസ്‌ പ്രസിഡന്റും ജന്മഭൂമി ചീഫ്‌ എഡിറ്ററുമായ ഹരി.എസ്‌.കര്‍ത്ത, ഡിസിസിപ്രസിഡന്റ്‌ കെ.സി.അബു എന്നിവര്‍ പങ്കെടുത്തു. തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.പി.ജി.ഹരിദാസ്‌ ആമുഖ പ്രഭാഷണം നടത്തി. സ്വാഗതസംഘം അദ്ധ്യക്ഷന്‍ വി.കെ.എസ്‌.മേനോന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ കെ.ഗോപിനാഥ്‌ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക്‌ നടന്ന കവി സമ്മേളനം കെ.ടി. കൃഷ്ണവാര്യരും ഭാഷ, സംസ്കാരം, പൈതൃകം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച പി.ആര്‍.നാഥനും, വൈകീട്ട്‌ നടന്ന കെ.സി.എസ്‌ പണിക്കര്‍ ജന്മശതാബ്ദി സദസ്സ്‌ കാട്ടൂര്‍ നാരായണപിള്ളയും ഉദ്ഘാടനം ചെയ്തു. ഉഷ സുരേഷ്‌ ബാലാജി ചെന്നൈ അവതരിപ്പിച്ച മോഹിനിയാട്ടം, നവരസം- കോഴിക്കോട്‌ അവതരിപ്പിച്ച കര്‍ണ്ണശപഥം കഥകളി എന്നിവ അരങ്ങേറി.
ഇന്ന്‌ രാവിലെ എട്ടിന്‌ നടക്കുന്ന സംസ്ഥാന പ്രതിനിധിസഭ കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്യും. രാവിലെ 10ന്‌ വിവേകാനന്ദ ദര്‍ശനവും സാഹിത്യവും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ആപ്തലോകാനന്ദ ഉദ്ഘാടനം ചെയ്യും. 11.30ന്‌ നടക്കുന്ന സമാപനസഭയില്‍ തപസ്യ- ബാലഗോകുലം എന്നിവയുടെ സ്ഥാപകനും മാര്‍ഗ്ഗദര്‍ശിയുമായ എം.എ.കൃഷ്ണനെ ആദരിക്കും. ഡോ.എം.ജി.എസ്‌. നാരായണന്‍ ആദരണസഭ ഉദ്ഘാടനം ചെയ്യും. പ്രൊഫ.മേലേത്ത്‌ ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഫെഫ്ക സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ പി.വി.ഗംഗാധരന്‍ എം.എ.കൃഷ്ണനെ പൊന്നാട അണിയിക്കും. ഡോ.കെ.കെ.എന്‍ കുറുപ്പ്‌, പി.കെ.സുകുമാരന്‍, യു.കെ.കുമാരന്‍, ടി.പി.രാജന്‍മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.