സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു

Saturday 4 June 2016 8:27 am IST

കൊച്ചി: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. എറണാകുളത്ത് ഒരാള്‍ മരണമടഞ്ഞു. മട്ടാഞ്ചേരി സ്വദേശിയും എല്‍ഐസി എജന്റുമായ സഞ്ജീവ് റാവുവാണ് മരിച്ചത്. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ മുന്നൂറിലേറെ പേര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ടതായി സ്ഥിരീകരിക്കുന്നു. ദിവസം ചെല്ലുംതോറും ഡെങ്കി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളിലാണ് ഡെങ്കി കൂടുതലായി പടര്‍ന്ന് പിടിക്കുന്നത്. എറണാകുളം, കൊല്ലം, കോട്ടയം, പത്തനംത്തിട്ട ജില്ലകളിലാണ് ഡെങ്കി ബാധിതരുടെ എണ്ണം കൂടുതല്‍. എറണാകുളം ജില്ലയില്‍ ഒരു ദിവസം 22 പേര്‍ക്ക് വരെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജനുവരി മുതല്‍ മെയ് 31 വരെയുള്ള കണക്ക് പ്രകാരം 1,620 പേര്‍ക്കാണ് ഡെങ്കി പിടിപ്പെട്ടത്. ഇതില്‍ മൂന്നു പേര്‍ മരിച്ചു. മഴക്കാലമായതോടെ ഉടലെടുത്ത വെള്ളക്കെട്ടും ഇതുമൂലമുണ്ടാകുന്ന കൊതുകകളുടെ വര്‍ദ്ധനവും ഡെങ്കി പടരാന്‍ ഇടയാക്കിയിട്ടുണ്ട്. മഴക്കാലപൂര്‍വ്വ ശുചീകരണം ഇതുവരെയും ഫലപ്രദമായി നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല. പനി ബാധിതുടെ എണ്ണവും വര്‍ദ്ധിക്കുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ പതിനായിരത്തോളം പേര്‍ ദിവസവും ചികിത്സ തേടിയെടുന്നുണ്ട്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം ഇരട്ടിയിലധികമാണ്. മലേറിയയും സംസ്ഥാനത്ത് വ്യാപകമാണ്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ 350ലേറെ പേര്‍ക്കാണ് മലേറിയ ബാധിച്ചത്. ചിക്കുന്‍ ഗുനിയ, ഹെപ്പറ്ററ്റീസ് എ, ഹെപ്പറ്ററ്റീസ് ബി എന്നിവയും വ്യാപകമായി കണ്ടുവരുന്നുണ്ട്. ഇത്തരം രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും കര്‍ശന നടപടികള്‍ ഉണ്ടാകുന്നില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. മഴ ശക്തമാകുന്നതോടെ രോഗ ബാധിതരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.