അഭയാര്‍ഥികള്‍ക്കായി പൗരത്വ നിയമം തയ്യാര്‍

Friday 3 June 2016 9:18 pm IST

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ട ഹിന്ദുക്കള്‍ക്ക് ഭാരത പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പൗരത്വനിയമ ഭേദഗതി തയ്യാറാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വര്‍ഷങ്ങളായി കഴിയുന്ന രണ്ടുലക്ഷത്തോളം ഹിന്ദുക്കള്‍ക്ക് നിയമഭേദഗതിയോടെ പൗരത്വം ലഭിക്കും. വിവിധ നാടുകളില്‍ നിന്നും പലായനം ചെയ്യേണ്ടിവന്ന ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുമെന്ന് അധികാരമേറ്റയുടന്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. 1955ലെ പൗരത്വ നിയമത്തില്‍ വരുത്തുന്ന ഭേദഗതികളോടെയാണ് പാക്-ബംഗ്ലാദേശ് ന്യൂനപക്ഷങ്ങള്‍ക്ക് ഭാരത പൗരത്വം സാധ്യമാകുന്നത്. കൊടുംക്രൂരതകള്‍ക്കിരയായി സ്വന്തം നാട്ടില്‍ എത്തപ്പെട്ടിട്ടും രണ്ടാംതരം പൗരന്മാരെപ്പോലെ കഴിയേണ്ടി വന്ന ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാനുള്ള നയതീരുമാനം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിരവധി കടമ്പകള്‍ കടക്കേണ്ടിവന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് ബിജെപിയും വ്യക്തമാക്കിയതാണ്. രാഷ്ട്രീയപരവും മനുഷ്യത്വപരവുമായാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമഭേദഗതി തയ്യാറാക്കിയതെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ മതപരമായ കാരണങ്ങളാല്‍ അതിക്രമങ്ങള്‍ക്കിരയാകുന്ന ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശവും പുതിയ ഭേദഗതിക്ക് വഴിവെച്ചു. കേന്ദ്രആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ നിയമഭേദഗതിയുടെ കരട് ഉടന്‍ കേന്ദ്രമന്ത്രിസഭായോഗത്തില്‍ പരിഗണിക്കും. ദീര്‍ഘകാല വിസയില്‍ ഭാരതത്തില്‍ കഴിയുന്ന ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള പാക് ന്യൂനപക്ഷ അഭയാര്‍ഥികള്‍ക്ക് ഭൂമി ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടുമാസം മുമ്പ് അനുമതി നല്‍കിയിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകള്‍ നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൗരത്വവും അനുവദിച്ചിരിക്കുന്നത്. കളക്ടര്‍, ഡപ്യൂട്ടി കമ്മീഷണര്‍, ജില്ലാ മജിസ്‌ട്രേറ്റ് എന്നിവര്‍ക്ക് അഭയാര്‍ത്ഥികളെ അംഗീകരിക്കുന്നതിന് അധികാരമുണ്ട്. പാക് അഭയാര്‍ത്ഥികള്‍ക്ക് ദീര്‍ഘകാല വിസ നല്‍കുന്നതടക്കമുള്ള സൗകര്യങ്ങള്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏര്‍പ്പെടുത്തിയിരുന്നു. 2015 സപ്തംബറില്‍ പാക്-ബംഗ്ലാദേശ് ന്യൂനപക്ഷങ്ങള്‍ക്ക് വിസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്തു തുടരാനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പാക് അഭയാര്‍ത്ഥികള്‍ക്ക് ഭാരതീയപൗരത്വം നല്‍കുന്നതിന്റെ ഭാഗമായി അപേക്ഷാ ഫീസ് 15,000 രൂപയില്‍ നിന്ന് 100 രൂപയായി കുറച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ എകദേശം രണ്ട് ലക്ഷത്തോളം വരും. ഇതിലേറെയും ഹിന്ദുക്കളും സിക്കുകാരുമാണ്. ജോധ്പൂര്‍, ജയ്‌സാല്‍മീര്‍, റായ്പൂര്‍, അഹമ്മദാബാദ്, രാജ്‌കോട്ട്, കച്ച്, ഭോപ്പാല്‍, ഇന്‍ഡോര്‍, മുംബൈ, നാഗ്പൂര്‍, പൂണെ, ദല്‍ഹി, ലഖ്‌നൗ തുടങ്ങി 400 ലധികം അഭയാര്‍ഥി കേന്ദ്രങ്ങളാണ് രാജ്യത്തുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.