വോട്ടിലെ മറിമായം

Saturday 4 June 2016 6:32 am IST

നിയമസഭയുടെ നാഥന്‍ സ്പീക്കറാണ്. നിയമസഭയിലെത്തുന്നത് കക്ഷിയുടെ പ്രതിനിധിയായാണെങ്കിലും സഭയില്‍ സ്പീക്കര്‍ കക്ഷിചേരാറില്ല. നിഷ്പക്ഷനാകണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കക്ഷിപിടിക്കുന്ന സ്പീക്കര്‍ ഉണ്ടാകാറില്ലെന്നൊന്നും പറയാന്‍ തുനിയുന്നില്ല. സര്‍ക്കാരിന്റെ ബിസിനസ് ഭംഗിയായി നിര്‍വഹിക്കാന്‍ സഹായകമായ നിലപാട് സ്വീകരിക്കുക സ്പീക്കറുടെ മുഖ്യചുമതലയാണല്ലോ. അത് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ വികാരവിചാരങ്ങള്‍ അവഗണിച്ചു എന്നുതോന്നാം. അപ്പോഴാണ് സ്പീക്കര്‍ പക്ഷംപിടിച്ചെന്ന ആരോപണമുയരുന്നത്. അത് പിന്നെ കയ്യാങ്കളിയിലേക്കും കലാശിച്ചേക്കും. പതിമൂന്നാം നിയമസഭ അതിന്റെ ഒന്നാന്തരം ഉദാഹരണമാണല്ലോ. അഴിമതി ആരോപണവിധേയനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത പ്രതിപക്ഷം അതിര്‍വരമ്പുകളെല്ലാം തരിപ്പണമാക്കി മുന്നേറി. സ്പീക്കറുടെ കസേരപോലും തകര്‍ത്തെറിഞ്ഞു. കടിയും പിടിയും കയ്യാങ്കളിയും തകൃതിയായപ്പോഴാണ് കൈകൊണ്ടും കണ്ണുകൊണ്ടും നിര്‍ദ്ദേശം നല്‍കി ബജറ്റവതരിപ്പിക്കാന്‍ സ്പീക്കര്‍ ധനമന്ത്രിയെ ക്ഷണിച്ചതെന്ന ആക്ഷേപമുണ്ട്. അന്ന് പ്രതിപക്ഷത്തിന്റെ ഉറഞ്ഞാട്ടത്തില്‍ ഉള്‍പ്പെട്ടതാണ് പുതിയ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും. അദ്ദേഹത്തിന് അന്നത് ശരിയാണ്. ഇനി അത്തരം നടപടികള്‍ ശരിയാണെന്ന് പറയാന്‍ അദ്ദേഹം ഒരുങ്ങുകയില്ലെന്നുറപ്പ്. പതിനാലാം നിയമസഭയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പിന്റെ വോട്ടിലെ മറിമായം ചൂടേറിയ ചര്‍ച്ചയായി. ബിജെപി അംഗം ഭരണകക്ഷി സ്ഥാനാര്‍ത്ഥി അംഗം ശ്രീരാമകൃഷ്ണന് വോട്ടുചെയ്തത് മഹാ അപരാധമെന്ന് കോണ്‍ഗ്രസ് കണ്ടെത്തിയിരിക്കുന്നു. രാജഗോപാലിന്റെ നിലപാട് ബിജെപി-സിപിഎം ബാന്ധവത്തിന്റെ തെളിവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും ആക്ഷേപിക്കുകയും ചെയ്യുന്നു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ രണ്ട് സ്ഥാനാര്‍ത്ഥികളെ ഉണ്ടായിരുന്നുള്ളൂ. ഭരണപക്ഷത്തുനിന്ന് ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷത്ത് നിന്ന് വി.പി.സജീന്ദ്രനും. ഒ.രാജഗോപാലിന്റെ വോട്ടുവേണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചിരുന്നു. വോട്ട് വേണ്ടെന്ന് പറഞ്ഞയാള്‍ക്ക് പിന്നാലെ പോയി വോട്ടുനല്‍കേണ്ട കാര്യമില്ലല്ലോ. പിന്നെയുള്ളത് ശ്രീരാമകൃഷ്ണന്‍. ശ്രീരാമകൃഷ്ണന്‍ മത്സരിച്ചത് സിപിഎമ്മിന്റെ സ്പീക്കറാകാനല്ല. കേരള നിയമസഭയുടെ സ്പീക്കറാകാനാണ്. വോട്ട് കണക്കനുസരിച്ച് ബിജെപിയുടെ ഒരു വോട്ടില്ലാതെ തന്നെ ശ്രീരാമകൃഷ്ണന് വിജയിക്കാനാകും. നിയമസഭയില്‍ ഒരു വോട്ടുചെയ്യാന്‍ കിട്ടിയ അവസരം പാഴാക്കാതെ ഒ.രാജഗോപാല്‍ നിയമസഭാ സ്പീക്കര്‍ക്കായി ഒരു വോട്ടുചെയ്തു. അതില്‍ തെറ്റുകാണുന്നവര്‍ക്ക് ബിജെപിയെ അറിയില്ല. ബിജെപി അനുവര്‍ത്തിച്ചുപോന്ന നിലപാടിനെകുറിച്ചും അജ്ഞരാണ്. യുപിഎ നയിച്ചത് കോണ്‍ഗ്രസ് ആയിരുന്നില്ലെ? യുപിഎയുടെ ആദ്യ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയായിരുന്നു. അന്ന് ചാറ്റര്‍ജിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പൊതുസ്ഥാനാര്‍ത്ഥിയായി ചാറ്റര്‍ജിയെ ബിജെപി അംഗീകരിക്കുകയുണ്ടായി. അതിനെ ന്യായീകരിച്ചുകൊണ്ട് അടല്‍ ബിഹാരി വാജ്‌പേയി സഭയില്‍ പ്രസംഗിക്കുകയും ചെയ്തു. പാര്‍ട്ടിക്കതീതമായി പെരുമാറേണ്ട പദവിയാണ് സ്പീക്കര്‍ എന്നത്. കക്ഷിരാഷ്ട്രീയത്തിന്റെ കുടുസ്സായ ചാലിലേക്ക് സ്പീക്കര്‍ പദവിയെ തള്ളിയിടുന്ന പതിവ് മാറേണ്ടതാണ്. ഈ നിലപാടാകുമോ സിപിഎമ്മിന്റെത് എന്ന് ചോദിച്ചാല്‍ 'ഓരോരുത്തര്‍ക്കും ഓരോ ചിട്ടവട്ടമാണല്ലോ' എന്നേ പറയാനാകൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ നേരത്തെ ബിജെപി വോട്ടുനേടി വിജയിച്ചവരെ രാജിവയ്പിച്ച പാര്‍ട്ടിയാണല്ലോ സിപിഎം. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തിന് തത്വവും നയവും പ്രത്യയശാസ്ത്രവും ആവശ്യമില്ല. അതുകൊണ്ടുതന്നെ കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരം അനാവശ്യമെന്ന് വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. പക്ഷേ, അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരെക്കുറിച്ചെന്തുപറയാന്‍. ''തലയില്‍ രോമം അലങ്കാരമാണ്. പക്ഷേ, അത് ആഹാരത്തില്‍ വീണാലോ, അരോചകമല്ലെ.'' സ്പീക്കര്‍ സ്ഥാനാര്‍ത്ഥിക്ക് ഇപ്പോള്‍ വോട്ടുചെയ്തതുകൊണ്ട് പ്രശ്‌നം ബിജെപിക്കല്ല. അത് സ്വീകരിച്ച സിപിഎമ്മിനാണ്. കാക്കക്കൂട്ടില്‍ രാജഗോപാല്‍ ഒരു കല്ലിട്ടിരിക്കുന്നു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വേണമെങ്കില്‍ ബിജെപിക്ക് വിട്ടുനില്‍ക്കാം. അതുകൊണ്ട് എന്താ മെച്ചം? ബിജെപി തീരുമാനമാണോ ഇതെന്ന് ചിലര്‍ ചോദിക്കുന്നു? പാര്‍ട്ടി ചര്‍ച്ചചെയ്താലും ഒരുപക്ഷേ ഇങ്ങനെ തന്നെയാകും നിശ്ചയമുണ്ടാവുക. നിയമസഭയില്‍ പാര്‍ട്ടി നിശ്ചയിച്ചുറപ്പിച്ച് ചെയ്യുന്ന കാര്യങ്ങളുണ്ടാകും. പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യാതെ നിലപാട് സ്വീകരിക്കേണ്ട സന്ദര്‍ഭങ്ങളുമുണ്ടാകും. അതിന്റെ ശരിയും തെറ്റും മനസ്സിലാക്കി പെരുമാറാനും പക്വതയും പ്രാപ്തിയും അറിവും അനുഭവവുമുള്ള നേതാവാണ് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. ബിജെപി വോട്ട് ചെയ്തതിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാക്കളോട് 'വൈദ്യരേ സ്വയം ചികിത്സിക്കൂ' എന്നേ ഉപദേശിക്കാനുള്ളൂ. പ്രതിപക്ഷത്തിന്റെ ഒരു വോട്ട് ചോര്‍ന്നല്ലോ? അതിനെക്കുറിച്ച് അന്വേഷിക്കട്ടെ. ഒപ്പം നടക്കുമ്പോ കുതികാല്‍ വെട്ടുന്നതാരാണെന്ന് ചെന്നിത്തലയും സുധീരനും കണ്ടുപിടിക്കട്ടെ. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി സജീന്ദ്രനോടുള്ള വിദ്വേഷമാണോ ഒരു വോട്ട് മറിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനം മോഹിച്ച കെ.മുരളീധരന്റെ വോട്ടാണോ മറിഞ്ഞത് എന്നാദ്യം കണ്ടുപിടിക്കട്ടെ. പിന്നെ സിപിഎം-ബിജെപി ബാന്ധവം. അത് പെരുംനുണയാണെന്നാര്‍ക്കണറിയാത്തത്. പണ്ടുപണ്ട് മാര്‍ക്കണ്‌ഡേയ മഹര്‍ഷി കലികാലത്തില്‍ സംഭവിക്കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് നേതാക്കളുടെ കള്ളപ്രചാരണം കേള്‍ക്കുമ്പോള്‍ മാര്‍ക്കണ്‌ഡേയ മഹര്‍ഷിയെ ഓര്‍മ്മിക്കുന്നത് സ്വാഭാവികം. "കലിയുഗത്തില്‍ അസത്യവാദികളേറും. യാഗവും ദാനവും നാമമാത്രമായിത്തീരും. ബ്രാഹ്മണര്‍ ശൂദ്രരുടെ കര്‍മ്മങ്ങള്‍ ചെയ്യും. ശൂദ്രര്‍ക്കു സമ്പത്തുണ്ടാകും. പല മ്ലേച്ഛരാജാക്കന്മാരുണ്ടാകും. ജനങ്ങള്‍ അല്‍പായുസ്സുകളായിത്തീരും. ശരീരവും ഹ്രസ്വമായിത്തീരും. മൃഗതുല്യരായ ജനങ്ങള്‍ ധാരാളമായി വര്‍ദ്ധിക്കും. ഗന്ധം ഘ്രാണത്തിന് അയോഗ്യമായിത്തീരും. രസങ്ങള്‍ക്കു സ്വാദുണ്ടാകയില്ല. നാട്ടുകാര്‍ ചോറും ബ്രാഹ്മണര്‍ വേദങ്ങളും വില്‍ക്കും. പശുക്കള്‍ക്കു പാല്‍ കുറയും. വൃക്ഷങ്ങള്‍ക്കു പൂവും കായും കുറയും. കാക്ക ധാരാളം വര്‍ദ്ധിക്കും. ബ്രാഹ്മണര്‍ തെണ്ടികളാകും. മുനിമാര്‍ കച്ചവടക്കാരാകും. മനുഷ്യര്‍ ചതുരാശ്രമങ്ങള്‍ തെറ്റിക്കും. വിദ്യാര്‍ത്ഥികള്‍ ഗുരുവിന്റെ മെത്തയില്‍ ശയിക്കും. കാലാകാലങ്ങളില്‍ മഴയുണ്ടാകയില്ല. വൃക്ഷലതാദികള്‍ പലയിടത്തും മുളയ്ക്കുകയില്ല. സാര്‍വത്രികമായ കൊലപാതകള്‍ സംഭവിക്കും. ആളുകള്‍ കള്ളത്താപ്പുകള്‍വച്ച് കച്ചവടം ചെയ്യും. കച്ചവടക്കാര്‍ ചതിയന്മാരായിത്തീരും. ധര്‍മ്മിഷ്ഠന്മാര്‍ കുറയും. പാപികള്‍ വര്‍ദ്ധിക്കും. ബാലന്മാര്‍ക്ക് പുത്രന്മാര്‍ ജനിക്കും. പതിനാറു വയസ്സില്‍ നര ബാധിക്കും. വൃദ്ധന്മാര്‍ക്കു യുവാക്കന്മാരുടെ ശീലമുണ്ടാകും. പട്ടിണികൊണ്ടു ജനങ്ങള്‍ കൂട്ടംകൂട്ടമായി മരിക്കും." - മാര്‍ക്കണ്‌ഡേയ മഹര്‍ഷി ഇപ്പറഞ്ഞതെല്ലാം കേരളത്തെ കുറിച്ചാണോ? ആണെന്നുതന്നെയാണ് ബലമായ വിശ്വാസം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.