മെഡിക്കല്‍ കോളേജശുപത്രി പരിസരം ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു

Friday 3 June 2016 10:00 pm IST

ടി.കെ. രാധാകൃഷ്ണന്‍ ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജാശുപത്രി പരിസരം ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു. മെഡിക്കല്‍ കോളേജാശുപത്രി പരിസരം ഒന്നാകെ മാലിന്യങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. ഇതുമൂലം ഇവിടെത്തുന്ന രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും മറ്റ് ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാകുന്ന അവസ്ഥയാണ്. ഏറ്റവും കൂടുതലാളുകള്‍ ദിവസേന വന്നുപോകുന്ന അത്യാഹിത വിഭാഗത്തിന് മുന്നിലുള്ള ഓടയില്‍ മാലിന്യം നിറഞ്ഞ് മഴവെള്ളവുമായി കെട്ടിക്കിടക്കുന്നതിനാല്‍ കൊതുകുകള്‍ പെരുകി പകര്‍ച്ച വ്യാധികള്‍ക്ക് ഇടയാക്കുന്നു. മഴപെയ്യുമ്പോള്‍ ഈ ഓടയിലെ മലിനജലം റോഡിലൂടെ ഒഴുകി അത്യാഹിത വിഭാഗത്തിന്റെ സമീപത്തേക്കാണെത്തുന്നത്. രോഗികളുമായെത്തുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിന്നും ഇറങ്ങുന്ന ജനങ്ങള്‍ക്ക് മലിനജലത്തില്‍ ചവിട്ടി മാത്രമേ ആശുപത്രിക്കുള്ളില്‍ എത്താല്‍ സാധിക്കൂ. ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ അഭിമാനനേട്ടം കൈവരിച്ച ഭാരതത്തിലെ തന്നെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാണ് കോട്ടയം മെഡിക്കല്‍ കോളേജ്. കാര്‍ഡിയോളജി വിഭാഗത്തിന്റെ മുന്‍വശത്തുനിന്നും 20 മീറ്റര്‍ പോലും അകലെയല്ലാതെ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു. ഇതില്‍നിന്നും വമിക്കുന്ന ദുര്‍ഗന്ധം രോഗികളുടെ കൂട്ടിരിപ്പുകാരെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. ഇവിടെ മാലിന്യം കുന്നുകൂടുമ്പോള്‍ മുകളിലേക്ക് കുറെ മണ്ണിട്ട് മൂടുക എന്നതാണ് ഇപ്പോഴത്തെ മാലിന്യ സംസ്‌ക്കരണ രീതി. ഈ ഭാഗത്തുനിന്നും മണ്ണിലേക്ക് അരിച്ചിറങ്ങുന്ന മലിനജലം സമീപവാസികളുടെ കുടിവെള്ള സ്രോതസായ കിണറ്റിലേക്കാണ് ചെന്നെത്തുന്നത്. ഇവിടുത്തെ ജനങ്ങളില്‍ ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിച്ചത് സസമീപകാലത്താണ്. അതുകൊണ്ടുതന്നെ ഇവിടെയുള്ളവര്‍ നിത്യദുരിതത്തിലും ഭയാശങ്കയിലുമാണ് കഴിയുന്നത്. അലക്കുവിഭാഗത്തിന്റെ പിന്‍ഭാഗത്ത് മാലിന്യങ്ങള്‍ നിറഞ്ഞതും തരംതിരിച്ചതുമായ പ്ലാസ്റ്റിക് ബാഗുകള്‍ മലപോലെ കൂട്ടിയിട്ടിരിക്കുകയാണ്. ഇത് ഇവിടെ എന്തിന് കൂട്ടിയിട്ടിരിക്കുന്നുവെന്നോ എങ്ങോട്ടുകൊണ്ടുപോകുവാനെന്നോ ആര്‍ക്കും തന്നെ അറിയില്ല. നാളുകളായി ഈ മാലിന്യം ഇവിടെക്കിടന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. അതുപൊലെതന്നെ ചെറുതും വലുതുമായ ഖര-ജൈവ-പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരങ്ങള്‍ ആശുപത്രിയുടെ ചുറ്റും കാണാം. ഇത് യഥാസമയം നീക്കം ചെയ്യുന്നതിനോ സംസ്‌ക്കരിക്കുന്നതിനോ അധികാരികള്‍ ശ്രദ്ധച്ചാല്‍ പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് സാധിക്കും. മാലിന്യങ്ങള്‍ സംഭരിക്കുവാന്‍ ആശുപത്രിയുടെ അകത്തും പുറത്തും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ അടപ്പുകളോടുകൂടിയ വലിയ പാത്രങ്ങള്‍ സ്ഥാപിക്കേണ്ടതും മാലിന്യങ്ങള്‍ വലിച്ചെറിയാതെ നിക്ഷേപിക്കുവാന്‍ ജനങ്ങളെ ബോധവത്ക്കരിക്കേണ്ടതും അത്യാവശ്യമാണ്. ഈ മാലിന്യ പാത്രങ്ങള്‍ യന്ത്രവല്‍കൃത വാഹനങ്ങളുടെ സഹായത്തോടെ കൃത്യമായി ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌ക്കരിക്കുകയും വേണം. പകരം വൃത്തിയാക്കി പാത്രങ്ങള്‍ യഥാസ്ഥാനത്ത് സ്ഥപിക്കുകയും വേണം. മുന്‍ കാലങ്ങളിലെപ്പോലെ ആശുപത്രിയുടെ വാര്‍ഡുകളിലെയും മറ്റും തറ അണുവിമുക്തലായനി ഉപയോഗിച്ച് വൃത്തിയാക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ശുചിത്വമുള്ള പരിസരം ആരോഗ്യം സംരക്ഷിക്കും എന്നുള്ള യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് നൂറുകണക്കിന് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആരോഗ്യ സംരക്ഷണത്തില്‍ മാതൃകയാക്കണം ഈ ആതുരസേവന കേന്ദ്രം. അതിനായി ഈ സ്ഥാപനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന അധികാരികളും ജീവനക്കാരും ശ്രമിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.