കഞ്ചാവ് ലഹരിയില്‍ യുവാക്കള്‍ അച്ഛനെയും മകനെയും മര്‍ദ്ദിച്ചു

Friday 3 June 2016 10:20 pm IST

ആലുവ: കഞ്ചാവ് ലഹരി തലക്ക് പിടിച്ച യുവാക്കള്‍ ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛനെയും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ മകനെയും ക്രിക്കറ്റ് ബാറ്റിനടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. തോട്ടക്കാട്ടുകര മണപ്പുറം റോഡില്‍ മാരാമുറ്റത്ത് ശശിധരന്‍ (51), മകന്‍ കുന്നുകര എംഇഎസ് എഞ്ചിനീയറിംഗ് കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കൈലാസ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച്ച വൈകീട്ട് ആറ് മണിയോടെ വടക്കേ മണപ്പുറത്താണ് സംഭവം. കൈലാസും സുഹൃത്തുക്കളും മണപ്പുറത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കഞ്ചാവ് ലഹരിയിലായിരുന്ന ഒന്‍പതോളംപേര്‍ ക്രിക്കറ്റ് കളി തടസപ്പെടുത്തുകയും തങ്ങള്‍ക്ക് കളിക്കാന്‍ ബാറ്റ് നല്‍കണമെന്നാണ് ആവശ്യപ്പെടുകയുമായിരുന്നു. വിസമ്മതിച്ചപ്പോള്‍ ബാറ്റ് പിടിച്ചുവാങ്ങി കൈലാസിന്റെ വലതു ചെവിയില്‍ ആഞ്ഞടിച്ചു. കൈലാസിന്റെ ചെവിക്കല്ലിന് സാരമായ പരിക്കേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മറ്റ് കുട്ടികള്‍ മര്‍ദ്ദനം തടയാന്‍ ശ്രമിച്ചപ്പോള്‍ അവരെ പ്രതികള്‍ ഭീഷണിപ്പെടുത്തി. ഇതിനിടെ സംഭവം അറിഞ്ഞെത്തിയ കൈലാസിന്റെ പിതാവിനെയും പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. നട്ടെല്ല് ഭാഗത്താണ് ശശിധരന് അടിയേറ്റത്. മര്‍ദ്ദനമേറ്റവരുടെയും കുട്ടികളുടെയും കൂട്ടക്കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതികള്‍ ബൈക്കുകളിലായി രക്ഷപ്പെട്ടു. തോട്ടക്കാട്ടുകര സ്വദേശികളായ സോളമന്‍, സോളമന്‍, അജിത്ത്, അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികള്‍ മര്‍ദ്ദനം നടത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പോലീസിനോട് പറഞ്ഞു. പ്രതികള്‍ ഒളിവിലാണെന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ ഹണി കെ. ദാസ് പറഞ്ഞു. നിരപരാധിയായ അച്ഛനെയും മകനെയും മര്‍ദ്ദിച്ച ഗുണ്ടാസംഘത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ബി.ജെ.പി ബി.ഡി.ജെ.എസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അലംഭാവം കാണിച്ചാല്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് ബി.ജെ.പി ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് സതീഷ് കുമാര്‍, ബി.ഡി.ജെ.എസ് ടൗണ്‍ പ്രസിഡന്റ് മോബിന്‍ മോഹനന്‍ എന്നിവര്‍ അറിയിച്ചു. മണപ്പുറം മേഖലയില്‍ സമീപകാലത്തായി കഞ്ചാവ് ഇടപാടുകാര്‍ അഴിഞ്ഞാടുന്നതായി ആക്ഷേപമുണ്ട്. പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.