ന്യൂദല്‍ഹി: ഭാരതത്തില്‍നിന്ന് വിനോദയാത്ര പോയി ഇറ്റലിയില്‍ കസ്റ്റഡിയിലായ മൂന്ന് വിദ്യാര്‍ത്ഥികളെ കേന്ദ്ര വിദേശ മന്ത്രാലയ ഇടപെടലിനെ തുടര്‍ന്ന് മോചിപ്പിച്ചു. ഫ്രാന്‍സ്-ഇറ്റലിയുടേയും അതിര്‍ത്തി നഗരമായ വടക്കന്‍ ഇറ്റലിയിലെ വെന്റിമിഗ്ലിയ നഗരത്തിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ദല്‍ഹിയിലെ ഐഐടി വിദ്യാര്‍ഥികളായ അക്ഷിത് ഗോയല്‍, ദീപക് ഭട്ട്, മുംബൈ ഐഐടി വിദ്യാര്‍ത്ഥി ഉദയ് കുസുപതി എന്നിവര്‍ക്ക് 10 മണിക്കൂര്‍ കസ്റ്റഡിയില്‍ കഴിയേണ്ടിവന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം വിദ്യാര്‍ത്ഥികളെ ഇറ്റലി മോചിപ്പിയ്ക്കുകയായിരുന്നു. ഇറ്റലിയിലേക്ക് വിനോദയാത്ര പോയതായിരുന്നു മൂവരും.
തെറ്റിദ്ധാരണയുടെ പുറത്താണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പിന്നീട് ഇറ്റാലിയന്‍ അധികൃതര്‍ അറിയിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
അനധികൃത അഭയാര്‍ത്ഥികള്‍ക്കായുള്ള തെരച്ചിലിനിടെയാണ് മൂവരെയും കസ്റ്റഡിയില്‍ എടുത്തത്. വിവരം പുറത്തറിഞ്ഞപ്പോള്‍ മുതല്‍ തന്നെ വിദ്യാര്‍ത്ഥികളുടെ മോചനത്തിനായി വിദേശകാര്യ മന്ത്രാലയം ഇടപെടുകയായിരുന്നു. ദക്ഷിണ ഇറ്റയിലിലെ ബാരിയിലേക്കാണ് വിദ്യാര്‍ത്ഥികളെ കൊണ്ടു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: