അദ്ധ്യാത്മരാമായണം വീണ്ടും താളിയോല ഗ്രന്ഥരൂപത്തിലേക്ക്

Friday 3 June 2016 11:30 pm IST

തിരൂര്‍: തുഞ്ചത്തെഴുച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് താളിയോല രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. താളിയോലഗ്രന്ഥങ്ങള്‍ക്ക് നൂതനമായ പുനരാവിഷ്‌ക്കരണം എന്ന ലക്ഷ്യവുമായി പ്രസാധന രംഗത്തെത്തിയ പാം ലീഫ് ഇന്നോവേഷന്‍സ് ആണ് ഈ ഉദ്യമത്തിന് പിന്നില്‍. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നാളെ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍ ആദ്യകോപ്പി മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന് നല്‍കി പ്രകാശനം നിര്‍വഹിക്കും. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃതം സര്‍വകലാശാല ഡീന്‍ ഡോ.ജി. ഗംഗാധരന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിക്കും. അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ താളിയോലഗ്രന്ഥരൂപത്തിലുള്ള ഈ പതിപ്പ് ധാരാളം പ്രത്യേകതകളുള്ളതാണ്. പഴയതും ഇന്നും സൂക്ഷിച്ചിട്ടുമുള്ള താളിയോലയിലെഴുതിയ രാമായണത്തിന്റെ ഓലയുടെ അളവിലാണ് ഇതിന്റെ താളുകള്‍. കാഴ്ചയില്‍ മാത്രമല്ല സ്പര്‍ശത്തിലും പനയോലകളെ അനുസ്മരിപ്പിക്കും. കയ്യെഴുത്തിനോട് സാമ്യമുള്ള പഴയ ലിപിയിലുള്ള അക്ഷരങ്ങള്‍ നാരായം കൊണ്ടുള്ള എഴുത്തിനെ ഓര്‍മ്മിപ്പിക്കുന്നു. അതേസമയം വരികള്‍ മുറിച്ച് കോളം തിരിച്ചുള്ള അച്ചടിയായതിനാല്‍ പഴയ ഗ്രന്ഥത്തേക്കാള്‍ വായനാസുഖവും ലഭിക്കുന്നു. 540 പേജുകളുള്ള ഈ ഗ്രന്ഥം വീട്ടിത്തടിയില്‍ തീര്‍ത്ത ചട്ടയില്‍ സംരക്ഷിച്ചിരിക്കുന്നു. ഏറെ പുതുമനിറഞ്ഞ ഈ ഗ്രന്ഥം രാമായണ മാസത്തില്‍ മലയാളികള്‍ക്ക് പുതിയ വായനാനുഭവം നല്‍കുമെന്ന് പാലം ലീഫ് ഇന്നോവേഷന്‍സ് ഉടമ രാജേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.