കുടിവെള്ളത്തിനായി പഞ്ചായത്ത് ഓഫീസില്‍ സമരം; വാര്‍ഡ് മെമ്പര്‍ ആത്മഹത്യക്ക് ശ്രമിച്ചു

Saturday 4 June 2016 12:16 pm IST

പന്മന: കുടിവെള്ളം ലഭ്യമല്ലെന്നാരോപിച്ച് നാട്ടുകാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നതിനിടെ വാര്‍ഡ് മെമ്പര്‍ ആത്മത്യക്ക് ശ്രമിച്ചു. പന്മന ഗ്രാമപഞ്ചായത്തിലെ 23-ാം വാര്‍ഡ് മെമ്പര്‍ അനില്‍ ഭരതനാണ് ശരീരത്തില്‍ മണ്ണണ്ണ ഒഴിച്ച് ആത്മത്യക്ക് ശ്രമിച്ചത്. ഗ്രാമപഞ്ചായത്തിലെ കൊതുമുക്ക്, കുറ്റിവട്ടം ഉള്‍പ്പെടുന്ന 23-ാം വാര്‍ഡില്‍ മൂന്നുമാസമായി പൈപ്പ് വെള്ളം നിലച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് ടാങ്കറില്‍ പ്രദേശത്ത് വിതരണം ചെയ്തുവന്ന വെള്ളവും മഴ പെയ്തതോടെ നിര്‍ത്തി. തുടര്‍ന്ന് പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാണ് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്. രാവിലെ 10ന് ആരംഭിച്ച സമരം മണിക്കൂറുകള്‍ പിന്നിട്ടിട്ടും സമരക്കാരുമായി ചര്‍ച്ചക്ക് പോലും അധികൃതര്‍ തയാറാകാതിരുന്നതോടെയാണ് അനില്‍ഭരതന്‍ ശരീരത്തില്‍ മണ്ണണ്ണ ഒഴിച്ച് തീകൊളുത്തുവാന്‍ ശ്രമിച്ചത്. ചവറ സിഐ സുരേഷിന്റെ നേതൃത്വത്തില്‍ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇടപ്പെട്ട് മെമ്പറെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാലിനി, വൈസ് പ്രസിഡന്റ് അനില്‍, മെമ്പര്‍മാരായ അയ്യപ്പന്‍പിള്ള, സജിത്, രാഗേഷ്, സെക്രട്ടറി അഷറഫ് ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തി പ്രദേശത്ത് പൈപ്പ് വെള്ള വിതരണം പുന:സ്ഥാപിക്കുമെന്നും പൈപ്പ് വെള്ളം ലഭിക്കുന്നതുവരെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടാങ്കറില്‍ വെള്ളം എത്തിച്ച് പ്രദേശത്ത് വിതരണം ചെയ്യുമെന്ന ഉറപ്പിലാണ് സമരം അവസാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.