സമൂഹ സൃഷ്ടിയില്‍ ബ്രഹ്മസ്ഥാനം അമ്മമാര്‍ക്ക്‌: ബ്രഹ്മകുമാരി രാജയോഗിനി പങ്കജ്‌ ബഹന്‍

Saturday 11 February 2012 9:30 pm IST

വിദ്യാധിരാജ നഗര്‍(ചെറുകോല്‍പ്പുഴ): സമൂഹ സൃഷ്ടിയില്‍ ബ്രഹ്മസ്ഥാനം അമ്മമാര്‍ക്കാണെന്ന്‌ ബ്രഹ്മകുമാരി രാജയോഗിനി പങ്കജ്‌ ബഹന്‍ പറഞ്ഞു. അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഏഴാംദിവസമായ ഇന്നലെ നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പങ്കജ്‌ ബഹന്‍.
സമൂഹത്തിന്റെ കേന്ദ്രസ്ഥാനം സ്ത്രീ സമൂഹത്തിനാണ്‌. ഓരോരുത്തരിലും പൂര്‍ണ്ണതയുണ്ട്‌. ആ പൂര്‍ണ്ണത കണ്ടെത്തുന്നതിനാണ്‌ നാം ശ്രമിക്കേണ്ടത്‌. തലമുറകളെ വേണ്ടതുപോലെ വളര്‍ത്തിയെടുക്കാന്‍ സ്ത്രീ സമൂഹം ശ്രദ്ധിക്കണം. കുട്ടികളെ അഞ്ചുവയസ്സുവരെ രാജാവിനെപോലെ വളര്‍ത്തണം. ആറു മുതല്‍ 16 വയസ്സുവരെ ഭൃത്യനെപോലെ കരുതണം. 16 മുതല്‍ തോഴനേപ്പോലെ കാണണം എന്ന്‌ ഭാരത സംസ്ക്കാരം പറയുന്നു. ലോകത്തില്‍ ഏറ്റവും ബുദ്ധിയുള്ള ജനവിഭാഗം ഭാരതീയരാണ്‌. എന്നാല്‍ ഭാരതീയരില്‍ ഐക്യമില്ല. ഭാരതീയരില്‍ ഐക്യമുണ്ടാക്കിയെടുത്താല്‍ രാഷ്ട്രത്തിന്റെ ഉയര്‍ച്ച സാധ്യമാകുമെന്നും അവര്‍ പറഞ്ഞു.
ശ്രീദുര്‍ഗയും ലക്ഷ്മിയും സരസ്വതിയുമൊക്കെയായി രൂപഭേദം കൈക്കൊള്ളുന്നത്‌ ദേവിയാണെന്ന്‌ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സ്വാമിനി അപൂര്‍വ്വാനന്ദ പറഞ്ഞു. സ്ത്രീകള്‍ വിചാരിച്ചാല്‍ സമൂഹത്തെ നന്നാക്കാനും നശിപ്പിക്കാനും കഴിയും. കഴിവുകള്‍ കണ്ടെത്തി മുഖ്യധാരയിലേക്ക്‌ വരാന്‍ ആധുനിക സ്്ത്രീ സമൂഹം മുമ്പോട്ടുവരണം. പ്രാചീന ഭാരതത്തില്‍ സ്ത്രീകള്‍ക്ക്‌ പ്രത്യേക പദവി നല്‍കി ബഹുമാനിച്ചിരുന്നെന്നും സ്വാമിനി പറഞ്ഞു. തിരുവനന്തപുരം മേയര്‍ അഡ്വ.കെ.ചന്ദ്രിക യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ചു. മനുഷ്യസ്നേഹമാണ്‌ സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന തത്വം. സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ക്കെതിരേ ഉണ്ടായ ജനകീയ പോരാട്ടങ്ങള്‍ക്ക്‌ ചട്ടമ്പിസ്വാമിയേപ്പോലെയുള്ള ആദ്ധ്യാത്മികാചാര്യന്മാരുടെ പ്രവര്‍ത്തികള്‍ പ്രേരണയായിരുന്നുവെന്നും മേയര്‍ പറഞ്ഞു.
മുഖ്യധാരയിലേക്ക്‌ സ്ത്രീ സമൂഹത്തിന്‌ കടന്നുവരാന്‍ കഴിഞ്ഞാല്‍ മാത്രമേ സാമൂഹ്യനീതി സാധ്യമാകൂ എന്ന്‌ ചടങ്ങില്‍ സംസാരിച്ച എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. സഹന ശക്തിയുടേയും സഹിഷ്ണുതയുടേയും പ്രതീകമായ ഏറ്റവും അധികം ആദരിക്കപ്പെടേണ്ടവരാണ്‌ സ്ത്രീകള്‍. എന്നാല്‍ ഇന്നത്തെ സമൂഹത്തില്‍ ആദരവിന്‌ പകരം അവര്‍ വിവേചനത്തിന്‌ വിധേയമാവുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മെമ്പര്‍ കെ.സിസിലി, മാലേത്ത്‌ സരളാ ദേവി, രത്നമ്മ വി.പിള്ള എന്നിവര്‍ പ്രസംഗിച്ചു.
ഹിന്ദുമത പരിഷത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഇന്ന്‌ സമാപിക്കും. രാവിലെ 10ന്‌ മതപാഠശാലാ സമ്മേളനം ഭാരതീയ പഠന കേന്ദ്രം ഡയറക്ടര്‍ പി.ജി.എം. നായര്‍ കരിക്കോട്‌ ഉദ്ഘാടനം ചെയ്യും. മതപാഠശാല അദ്ധ്യാപക പരിഷത്ത്‌ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊഫ.ടി.ജി.പുരുഷോത്തമന്‍നായര്‍ അദ്ധ്യക്ഷതവഹിക്കും. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി.രാജന്‍മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട്‌ 3 ന്‌ സര്‍വ്വധര്‍മ്മസമ്മേളനവും , സമാപന സമ്മേളനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്‌ ടി.കെ.എ.നായര്‍ അദ്ധ്യക്ഷതവഹിക്കും.
ഡോ.ശിവാചാര്യമഹാസ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തും. വാപ്പിരാജ്‌ , ആന്റോ ആന്റണി എം.പി, അഡ്വ.എം.ബി.ശശിധരന്‍നായര്‍, ടി.എന്‍.രാജശേഖരന്‍പിള്ള എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട്‌ 6.15 ന്‌ സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരിക്ക്‌ സ്വീകരണം നല്‍കും. തുടര്‍ന്ന്‌ മഹാ സര്‍വ്വൈശ്യര്യപൂജയും പ്രസാദ വിതരണവും നടക്കും.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.