ലിബിയയില്‍ നിന്നെത്തിയവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണം: വി. മുരളീധരന്‍

Saturday 4 June 2016 10:57 pm IST

തിരുവനന്തപുരം: ലിബിയയില്‍ നിന്നെത്തിയവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. ഭീകരാക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ലിബിയയിലേക്കുള്ള യാത്ര കേന്ദ്രസര്‍ക്കാര്‍ താത്കാലികമായി തടഞ്ഞിരിക്കുകയാണ്. ലിബിയയില്‍ വിവിധമേഖലകളില്‍ ജോലിയെടുക്കുന്ന ധാരാളം മലയാളികള്‍ സകുടുംബം നാട്ടിലെത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ യാത്രാവിലക്കുള്ളതിനാല്‍ തിരികെ ലിബിയയില്‍ എത്താന്‍ കഴിയാതെ ഇവര്‍ ഗുരുതരമായ പ്രതിസന്ധി നേരിടുന്നു. ഇത്തരത്തില്‍ കേരളത്തില്‍ തുടരുന്നവരുടെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലിബിയയിലെ തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നല്‍കിയിരിക്കുകയാണ്. അവിടെ വിദ്യാഭ്യാസം തുടരുന്ന കുട്ടികളുടെ അടക്കം സര്‍ട്ടിഫിക്കറ്റുകളും ഇതുപോലെ അതത് സ്ഥാപനങ്ങളിലാണുള്ളത്. അവിടെ ജോലി ചെയ്യുന്നവര്‍ക്കാകട്ടെ നിരവധി മാസങ്ങളിലെ ശമ്പള കുടിശ്ശിക കിട്ടാനുണ്ട്. വിലപിടിപ്പുള്ള പല സാധനങ്ങളും താമസിച്ചിരുന്ന വീടുകളില്‍ സൂക്ഷിച്ചിട്ടാണ് ഇവര്‍ നാട്ടിലെത്തിയിരിക്കുന്നത്. ലിബിയയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരടക്കമുള്ളവരാകട്ടെ യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തതിനാല്‍ മറ്റൊരു രാജ്യത്തേക്കോ സ്ഥാപനങ്ങളിലേക്കോ ജോലിതേടി പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. വിദ്യാര്‍ത്ഥികളുടെ സ്ഥിതിയും ഭിന്നമല്ല. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തതിനാല്‍ ഇവര്‍ക്ക് മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ചേരാന്‍ സാധിക്കാതെ വന്നിരിക്കുകയാണെന്ന് വി. മുരളീധരന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ലിബിയയില്‍ നിന്ന് തിരികെ എത്തിയവരുടെ പക്കല്‍ മതിയായ രേഖകളോ സര്‍ട്ടിഫിക്കറ്റുകളോ ഇല്ലാത്തതിനാല്‍ മറ്റ് രാജ്യങ്ങളില്‍ തൊഴില്‍ തേടാനും കഴിയുന്നില്ല. ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു. ലിബിയയില്‍ നിന്ന് തങ്ങളുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാനും ശമ്പളകുടിശ്ശിക അതത് സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കാനുമുള്ള സാഹചര്യമെങ്കിലും ഉണ്ടാക്കണം. എത്രയും വേഗം ഇക്കാര്യത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.