18 ഹ്രസ്വചിത്രങ്ങള്‍ നിര്‍മിച്ച് വിദ്യാര്‍ത്ഥികള്‍ മാതൃകയാകുന്നു

Saturday 4 June 2016 11:26 pm IST

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണ സന്ദേശമടങ്ങുന്ന 18 ഹ്രസ്വചിത്രങ്ങള്‍ നിര്‍മിച്ച് മാതൃകയാകുകയാണ് പോങ്ങുംമൂട് മേരിനിലയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. പ്രകൃതിയുടെ നിലനില്‍പ്പിന്റെ ആവശ്യകതയും പ്രകൃതി വിഭവങ്ങളുടെ നശിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടാവസ്ഥയും പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കാന്‍ ആദ്യമായാണ് ഇത്രയും ഹ്രസ്വചലച്ചിത്രങ്ങള്‍ ഒരു സ്‌കൂള്‍ ഒന്നിച്ച് നിര്‍മിക്കുന്നത്. സ്‌കൂളിലെ നൂറോളം കുട്ടികളും അധ്യാപകരും പിടിഎയും ചേര്‍ന്നാണ് പതിനെട്ട് ചിത്രങ്ങള്‍ ചുരുങ്ങിയ സമയംകൊണ്ട് ചെലവ് കുറച്ച് നിര്‍മിച്ചത്. കുട്ടികള്‍ തന്നെയാണ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും. കുട്ടികള്‍ നിര്‍ദേശിച്ച കഥാതന്തുക്കള്‍ തന്നെയാണ് വികസിപ്പിച്ച് ദൃശ്യാവിഷ്‌കാരത്തിന് ഒരുക്കിയത്. സങ്കേതിക സഹായത്തിനുമാത്രമാണ് ഈ രംഗത്തെ വിദഗ്ധരുടെ സഹായം തേടിയത്. അഞ്ചുമിനുട്ട് വീതം ദൈര്‍ഘ്യമുള്ളതാണ് ചിത്രങ്ങളെല്ലാം. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസറീറ്റയാണ് ഇത്തരത്തിലുള്ള ഒരു സംരംഭത്തിന് മുന്‍കൈ എടുത്തത്. ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് കേസരി ഹാളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ വി.കെ. പ്രശാന്ത് സ്വിച്ച് ഓണ്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എം. റോസറീറ്റ, സന്ദീപ് പാമ്പള്ളി, വിമലാപ്രസാദ്, ഫഹദ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു. അലകുന്നം വാര്‍ഡില്‍ പഠനോത്സവം പേയാട്: അലകുന്നം വാര്‍ഡ് സഭയുടെ നേതൃത്വത്തില്‍ ഇന്ന് പഠനോത്സവം നടക്കും. ഉച്ചയ്ക്ക് 2.30 ന് ഭജനമഠം ക്ഷേത്രത്തിന് സമീപം നടക്കുന്ന പഠനോത്സവം സംവിധായകന്‍ രാജസേനന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം എന്നിവ പഠനോത്സവത്തോടനുബന്ധിച്ച് നടക്കും. വാര്‍ഡ് മെമ്പര്‍ സി.എസ്. വിജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയരാജ്, ബ്ലോക്ക് മെമ്പര്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.