ഇന്ന് ലോക പരിസ്ഥിതി ദിനം മാലിന്യ സംസ്‌ക്കരണം കീറാമുട്ടിയായപ്പോള്‍ തലസ്ഥാന നഗരം കുപ്പത്തൊട്ടിയായി

Saturday 4 June 2016 11:28 pm IST

ശിവാകൈലാസ്

വിളപ്പില്‍: ഒരു പരിസ്ഥിതി ദിനംകൂടി കടന്നുപോകുമ്പോള്‍ മാലിന്യ സംസ്‌ക്കരണം കീറാമുട്ടിയായി നില്‍ക്കുന്ന തലസ്ഥാന നഗരിയെ വേദനയോടെ നോക്കികാണുകയാണ് പരിസ്ഥിതിവാദികള്‍. നഗരമാലിന്യങ്ങള്‍ കൊണ്ടു തള്ളുന്ന കുപ്പത്തൊട്ടിയാണ് ഇന്ന് തലസ്ഥാനം. എണ്ണിയാലൊടുങ്ങാത്ത പദ്ധതികള്‍, പ്ലാനുകള്‍, ബോധവത്ക്കരണങ്ങള്‍, ജനകീയ സമരമുഖങ്ങള്‍ എന്നിവയ്‌ക്കൊന്നും നഗരത്തെ മാലിന്യമുക്തമാക്കാന്‍ സാധിച്ചില്ല. എല്ലാ പദ്ധതികളും സര്‍ക്കാരും നഗരസഭയും തമ്മിലുള്ള വാക്കുതര്‍ക്കത്തില്‍ പാളിപ്പോയതോടെ നഗരവാസികള്‍ പകര്‍ച്ച വ്യാധിയുടെയും മാരകരോഗങ്ങളുടെയും ഭീതിയില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരായി.
വിളപ്പില്‍ശാല ചവര്‍ ഫാക്ടറിക്കെതിരെ ജനങ്ങള്‍ സംഘടിച്ചതോടെയാണ് തലസ്ഥാനം മാലിന്യത്തില്‍ മുങ്ങിത്താഴുവാന്‍ തുടങ്ങിയത്. പ്രതിദിനം മുന്നൂറ് ടണ്‍ മാലിന്യം പുറന്തള്ളുന്ന തിരുവനന്തപുരം നഗരം, 90 ടണ്‍ മാലിന്യം മാത്രം സംസ്‌ക്കരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് വിളപ്പില്‍ശാലയില്‍ സ്ഥാപിച്ചത്. സംസ്‌ക്കരണ ശേഷിയുടെ നാലിരട്ടി മാലിന്യം ദിവസേന എത്താന്‍ തുടങ്ങിയതോടെ വിളപ്പില്‍ശാല നഗരത്തിന്റെ ചവര്‍ ശേഖരണ കേന്ദ്രമായി. 2000 ല്‍ ആരംഭിച്ച വിളപ്പില്‍ശാല പ്ലാന്റ് കാലക്രമേണ ഒരു ഗ്രാമത്തിന്റെ ശാപമായിമാറി. ഭരണകൂടത്തിനെതിരെ ഗ്രാമവാസികള്‍ പ്രത്യക്ഷസമരം ആരംഭിച്ചു. തങ്ങളുടെ മണ്ണും ജലവും വായുവും മലിനമാക്കുന്ന ചവര്‍ ഫാക്ടറിക്കെതിരെ വിളപ്പില്‍ശാലക്കാര്‍ തെരുവിലിറങ്ങി.
2012 ല്‍ വിളപ്പില്‍ പഞ്ചായത്ത് ഫാക്ടറിയുടെ പ്രവര്‍ത്തന അനുമതി നിക്ഷേധിച്ചതോടെ നഗരസഭ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നഗരസഭയ്ക്ക് ഫാക്ടറി തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ അനുമതി നല്‍കി. വിളപ്പില്‍ശാലയിലേക്ക് മാലിന്യം കൊണ്ടുപോകുന്നതിന് പോലീസ് സംരക്ഷണവും അനുവദിച്ചു. പക്ഷേ കോടതി ഉത്തരവുകള്‍ക്കോ പോലീസിന്റെ മര്‍ദ്ദന മുറകള്‍ക്കോ വിളപ്പില്‍ ജനതയുടെ ചെറുത്തുനില്‍പ്പിനെ തടയാനായില്ല. സ്ത്രീകളും കുട്ടികളുമടക്കം വിളപ്പിലിലെ ആബാലവൃദ്ധംതെരുവിലിറങ്ങിയതോടെ ഭരണകൂടം മുട്ടുമടക്കി. 2015 സെപ്തംബറില്‍ ചെന്നൈ ഹരിത കോടതി വിളപ്പില്‍ശാല മാലിന്യ സംസ്‌ക്കരണ കേന്ദ്രം അടച്ചുപൂട്ടാന്‍ വിധിച്ചു. 2016 ജനുവരിയില്‍ നഗരസഭ ഹരിത കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീം


വിളപ്പില്‍ശാല ചവര്‍ ഫാക്ടറി പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന
പ്ലാസ്റ്റിക് മാലിന്യങ്ങള്‍

കോടതി നഗരസഭയുടെ അപ്പീല്‍ തള്ളി. എട്ട് മാസത്തിനുള്ളില്‍ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നും വിളപ്പില്‍ശാല ഫാക്ടറി പരിസരത്ത് കുന്നുകൂടി കിടക്കുന്ന ടണ്‍കണക്കിന് മാലിന്യം മൂന്നുമാസത്തിനകം അവിടെനിന്ന് നീക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഈ ഉത്തരവ് ഇതേവരെ നഗരസഭ പാലിച്ചിട്ടില്ല. ഫാക്ടറി അടച്ചുപൂട്ടിയെങ്കിലും ഏകദേശം പത്തു ലക്ഷം ടണ്‍ മാലിന്യം ഇവിടെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് പ്രദേശത്തെ പരിസ്ഥിതി ആഘാതത്തിനും പകര്‍ച്ച വ്യാധികള്‍ക്കും വഴിവയ്ക്കുമെന്ന് വിദ്ഗ്ധര്‍ ചൂണ്ടികാണിക്കുന്നു.
വിളപ്പില്‍ശാല സമരം കൊടുമ്പിരികൊണ്ട് നില്‍ക്കുമ്പോള്‍ തന്നെ തലസ്ഥാനത്ത് മാലിന്യ സംസ്‌ക്കരണത്തിന് നിരവധി പകരം സംവിധാനങ്ങള്‍ പരീക്ഷിക്കപ്പെട്ടു. ചാലയില്‍ വിദേശ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത പ്ലാന്റ്, നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ കോമ്പൗണ്ടില്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് എന്നിവയൊക്കെ ആലോചിച്ചെങ്കിലും പരിസരവാസികളുടെ എതിര്‍പ്പിനെ അതിജീവിക്കാന്‍ സര്‍ക്കാരിനും നഗരസഭയ്ക്കും സാധിച്ചില്ല. ഒടുവില്‍ കോടികള്‍ മുടക്കി സഞ്ചരിക്കുന്ന മൊബൈല്‍ ഇന്‍സിനേറ്റര്‍ എത്തിച്ചെങ്കിലും പ്രവര്‍ത്തന ചിലവ് താങ്ങാനാവാതെ വന്നവഴിക്ക് അത് തിരിച്ചുവിട്ടു. പൈപ്പ് കമ്പോസ്റ്റ് എന്നപേരില്‍ നഗരവാസികള്‍ക്ക് ഒരു മീറ്റര്‍ നീളത്തില്‍ പിവിസി പൈപ്പ് നല്‍കിയെങ്കിലും അതും ഫലപ്രദമായില്ല. കിച്ചണ്‍ ബിന്‍, ഇന്‍സിനേറ്റര്‍, പാറമടയില്‍ മാലിന്യം തള്ളല്‍, റയില്‍വേ പ്ലാറ്റ്‌ഫോം നിര്‍മ്മാണം, നിര്‍മ്മല്‍ കിയോസ്‌കുകള്‍, പ്‌ളാസ്റ്റിക് ഷ്രെഡിങ് മെഷീനുകള്‍ തുടങ്ങി ആരംഭിച്ച പദ്ധതികളെല്ലാം പാളി.
തലസ്ഥാന നഗരിയിലെ മുക്കിലും മൂലയിലും ഇന്ന് മാലിന്യ നിക്ഷേപങ്ങളാണ്. മൂക്കുപൊത്താതെ ആര്‍ക്കും നഗരത്തിലൂടെ യാത്ര ചെയ്യാനാവാത്ത സ്ഥിതി. പ്രതിദിനം നഗരം പുറന്തള്ളുന്ന മുന്നൂറ് ടണ്ണോളം മാലിന്യത്തില്‍ നൂറ് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. കുഴിച്ചുമൂടലിലും കത്തിക്കലിലും മാത്രം ഒതുങ്ങുകയാണ് തലസ്ഥാനത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജനം. വലിയൊരു ദുരന്തത്തിലേക്കാണ് നഗരം കൂപ്പുകുത്തുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ആരോഗ്യവിദഗ്ധരും ഒരേസ്വരത്തില്‍ പറയുമ്പോഴും സര്‍ക്കാരും നഗരസഭയും ഇരുട്ടില്‍ തപ്പുകയാണ്. നഗരവാസികള്‍ അപൂര്‍വ രോഗങ്ങള്‍ക്ക് അടിമകളായി മാറുമ്പോഴും നഗരസഭ സ്വപ്‌നലോകത്താണ്. ദീര്‍ഘവീക്ഷണത്തോടെയുള്ള പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്‌ക്കരണ ശാലകള്‍ക്ക് പകരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കഴിയുന്ന തട്ടിക്കൂട്ട് പദ്ധതികളാണ് അവര്‍ ആലോചിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.