മരം മുറിക്കുന്ന മഹാപാപികളില്‍ നിന്നും ഭൂമിയെ രക്ഷിക്കാന്‍ രംഗത്തിറങ്ങണം: എസ്.രമേശന്‍ നായര്‍

Monday 6 June 2016 12:51 pm IST

കാഞ്ഞങ്ങാട്: തപസ്യ കലാസാഹിത്യ വേദിയുടെയും സാരഥി പുരസ്‌കാര സമിതിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള സാരഥി പുരസ്‌കാര സമര്‍പ്പണവും ഹ്രസ്വ ചലച്ചിത്രമേളയും കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ പ്രൗഡഗംഭീര സദസിനുമുന്നില്‍ നടന്നു. ചരിത്രമുഹൂര്‍ത്തത്തിനാണ് ഹാളില്‍ തിങ്ങിനിറഞ്ഞ സദസ് ഇന്നലെ സാക്ഷ്യം വഹിച്ചത്.

തപസ്യ പടിഞ്ഞാറെക്കര യൂണിറ്റിലെ അതുല്യ ജയകുമാറിന്റെ അവതരണ ഗാനത്തെ തുടര്‍ന്ന് പ്രശസ്ത ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂരിന്റെ നേരറിയാതെ എന്ന സിനിമയോടുകൂടിയാണ് മേള ആരംഭിച്ചത്. രാവിലെ തന്നെ പ്രദര്‍ശന ഹാള്‍ ചലചിത്രപ്രേമികളെ കൊണ്ട് നിറഞ്ഞിരുന്നു. പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ മേള ഉദ്ഘാടനം ചെയ്തു. ചലചിത്രങ്ങള്‍ എല്ലാം ഒരേ തട്ടിലുള്ളവയാണെന്നും ഹ്രസ്വചിത്രങ്ങള്‍ എന്നൊന്നില്ലെന്നും ബല്‍റാം മട്ടന്നൂര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സിനിമയില്‍ വേര്‍തിരിവ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.രമേശന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ട വ്യക്തികളെ സാരഥി പുരസ്‌കാര സമിതി ചെയര്‍മാന്‍ ദാമോദരന്‍ ആര്‍ക്കിടെക്ട് പൊന്നാടയണിയിച്ച് ആദരിച്ചു. സഹകാര്‍ ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഗോവിന്ദന്‍ കൊട്ടോടി, ബാലഗോകുലം രക്ഷാധികാരി ഡോ.എം.മുരളീധരന്‍, തപസ്യ സംസ്ഥാന സമിതിയംഗം ഡോ.ബാലകൃഷ്ണന്‍ കൊളവയല്‍, തപസ്യ ജില്ലാ അദ്ധ്യക്ഷന്‍ കെ.മോഹനന്‍, ബാലഗോകുലം ജില്ലാ സെക്രട്ടറി ജയരാമന്‍ മാടിക്കാല്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. തപസ്യ സംസ്ഥാന സമിതിയംഗം സുകുമാരന്‍ പെരിയച്ചൂര്‍ സ്വാഗതവും തപസ്യ കാസര്‍കോട് ജില്ലാ ട്രഷറര്‍ കെ.സി.മേലത്ത് നന്ദിയും പറഞ്ഞു. ഒരു മിനുട്ടിനും അര മണിക്കൂറിനും ഇടയിലുള്ള 29 ഹ്രസ്വചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.

ഉച്ചയ്ക്ക് മൂന്നുമണിക്ക് തപസ്യ പടിഞ്ഞാറെക്കര യൂണിറ്റ് ജനറല്‍ സെക്രട്ടറി നിഷിത നാരായണന്റെ സ്വാഗത നൃത്തത്തോടെ സാരഥി പുരസ്‌ക്കാര സമര്‍പ്പണ സഭ ആരംഭിച്ചു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ എസ്.രമേശന്‍ നായര്‍ നിലവിളക്ക് കൊളുത്തി സഭ ഉദ്ഘാടനം ചെയ്തു. തപസ്യയുടെ അഭിമാന മുഹൂര്‍ത്തമാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതി നശീകരണത്തെയും ആത്മനശീകരണത്തെയും നമ്മള്‍ ചെറുക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. മരം മുറിക്കാനായി വരുന്ന മഹാപാപികളില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ കാഞ്ഞങ്ങാട്ട് തപസ്യ പ്രവര്‍ത്തകര്‍ മുന്നോട്ട് വരണമെന്ന് പരിസ്ഥിതി ദിന സന്ദേശമായി രമേശന്‍ നായര്‍ പറഞ്ഞു. ദാമോദരന്‍ ആര്‍ക്കിടെക്ട് അദ്ധ്യക്ഷത വഹിച്ചു.

പുതിയകണ്ടം സി.കല്ല്യാണിയമ്മ സ്മാരക വാര്‍ത്താ സാരഥി പുരസ്‌കാരം ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറവും, പെരിയച്ചൂര്‍ കിണ്ട്യന്‍രാമന്‍ സ്മാരക ചിത്രസാരഥി പുരസ്‌കാരം മാതൃഭൂമി കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാറും, ഇടച്ചേരി പാറമ്മല്‍ രാമകൃഷ്ണന്‍ കവിതാ സ്മാരക സാരഥി പുരസ്‌കാരം യുവ കവയിത്രി ചാരുസീത മേലത്തും മഹാകവി എസ്.രമേശന്‍ നായരില്‍ നിന്ന് അഭിമാനത്തോടെ ഏറ്റുവാങ്ങി.

പുരസ്‌കാരങ്ങള്‍ നിരവധി തന്നെ തേടിയെത്തിയിട്ടുണ്ടെങ്കിലും അതില്‍ ഒളിഞ്ഞ് കിടക്കുന്ന നിബന്ധനകള്‍ സ്വീകാര്യമല്ലാത്തതിനാല്‍ തിരസ്‌കരിക്കുകയായിരുന്നെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് മുരളി പാറപ്പുറം പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് ആദ്യത്തേത്. ഈ മഹാപ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നുകൊണ്ട് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസരി മാസികയാണ് തന്നെ താനാക്കിയതെന്ന് അവാര്‍ഡ് ഏറ്റുവാങ്ങി മാതൃഭൂമിയിലെ രജീന്ദ്രകുമാര്‍ പറഞ്ഞു. കേസരി എന്റെ ഉയര്‍ച്ചക്ക് കാരണമെന്നും അഭിമാനപൂര്‍വ്വവും ധൈര്യത്തോടെയും അദ്ദേഹം തുറന്ന് പറഞ്ഞു. എന്റെ ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതും ഇതേ ദിവസമായത് യാദൃശ്ചികമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മികച്ച ഡെപ്യൂട്ടി കളക്ടര്‍ അവാര്‍ഡ് ജേതാവ് ഡോ. പി.കെ.ജയശ്രീ, ദേശീയ പ്രിന്‍സിപ്പല്‍ അവാര്‍ഡ് ജേതാവ് കെ.എം.വിജയകൃഷ്ണന്‍, മഹാഭാരത വിവര്‍ത്തകന്‍ പി.കുഞ്ഞിക്കോമന്‍ നായര്‍, ഗവേഷകനും കായികാധ്യാപകനുമായ ഡോ.മേലത്ത് ചന്ദ്രശേഖരന്‍നായര്‍, ലോക പഞ്ചഗുസ്തി താരം എം.വി.പ്രദീഷിന് വേണ്ടി ഭാര്യ സീന, മറത്തുകളി, വീരശൃംഖല അവാര്‍ഡ് ജേതാവ് രാജീവന്‍ പണിക്കര്‍, ചിത്രകാരന്‍ പ്രകാശന്‍ ചെമ്മട്ടംവയല്‍, കൃഷ്ണ ജ്വല്‍സ് ഉടമ സി.വി.രവീന്ദ്രനാഥ്, മന്‍കി ബാത്തിലൂടെ ശ്രദ്ധേയായ ശ്രദ്ധ തമ്പാന്‍ എന്നിവര്‍ കേരളത്തിന്റെ മഹാകവിയില്‍ നിന്നും അനുമോദനം ഏറ്റുവാങ്ങി.

തപസ്യ കവിതാ സാരഥി പുരസ്‌കാരം യുവ കവയിത്രി ചാരുസീത മേലത്തിന് തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ് രമേശന്‍ നായര്‍ നല്‍കുന്നു

ആര്‍എസ്എസ് ജില്ലാ സംഘചാലക് പി.ഗോപാകൃഷ്ണന്‍ മാസ്റ്റര്‍ അനുമോദന ഭാഷണം നടത്തി. ഇ.വി.ആനന്ദകൃഷ്ണന്‍, കെ.രവീന്ദ്രന്‍, പി.ദാമോദര പണിക്കര്‍ സംസാരിച്ചു. പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സംസ്ഥാന ചിത്രകലാ പുരസ്‌കാരം നേടിയ രാജേന്ദ്രന്‍ പുല്ലൂര്‍, മൈസൂര്‍ യൂണിവേഴ്‌സിറ്റി എം.എസ്.ജ്യോഗ്രഫി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ജി.ലക്ഷ്മി എന്നിവരെയും, റെയില്‍വേ ട്രാക്ക് ക്ലീനിങ്ങ് യന്ത്രം കണ്ടുപിടിച്ച കാഞ്ഞങ്ങാട് സദ്ഗുരു സ്വാമി നിത്യാനന്ദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ അഞ്ചു വിദ്യാര്‍ത്ഥികളെയും പുരസ്‌കാരം നല്‍കി അനുമോദിച്ചു. തപസ്യ ജില്ലാ സംഘടന സെക്രട്ടറി രാജേഷ് പുതിയകണ്ടം നന്ദി പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

തപസ്യ ചിത്രസാരഥി പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍
എസ് രമേശന്‍ നായരില്‍ നിന്നും ഏറ്റുവാങ്ങുന്നു

മികച്ച ഡെപ്യൂട്ടി കളക്ടര്‍ അവാര്‍ഡ് ജേതാവ് ഡോ.പി.കെ.ജയശ്രീയെ എസ് രമേശന്‍ നായര്‍ അനുമോദിക്കുന്നു

ദേശീയ പ്രിന്‍സിപ്പല്‍ അവാര്‍ഡ് ജേതാവ് കെ.എം.വിജയകൃഷ്ണനെ
എസ് രമേശന്‍ നായര്‍ അനുമോദിക്കുന്നു

മഹാഭാരത വിവര്‍ത്തകന്‍ പി.കുഞ്ഞിക്കോമന്‍ നായരെ എസ് രമേശന്‍ നായര്‍
പൊന്നാടയണിയിച്ച് ആദരിക്കുന്നു

ഗവേഷകനും കായികാധ്യാപകനുമായ ഡോ.മേലത്ത് ചന്ദ്രശേഖരന്‍നായരെ
എസ് രമേശന്‍ നായര്‍ അനുമോദിക്കുന്നു

മറത്തുകളി, വീരശൃംഖല അവാര്‍ഡ് ജേതാവ് രാജീവന്‍ പണിക്കരെ എസ് രമേശന്‍ നായര്‍ അനുമോദിക്കുന്നു

ചിത്രകാരന്‍ പ്രകാശന്‍ ചെമ്മട്ടംവയലിനെ എസ് രമേശന്‍ നായര്‍
അനുമോദിക്കുന്നു

തപസ്യ ഹ്രസ്വ ചലച്ചിത്രമേളയില്‍ മികച്ച കഥാചിത്രത്തിനുള്ള പുരസ്‌കാരം സി.വി.രവീന്ദ്രനാഥ്
എസ് രമേശന്‍ നായരില്‍ നിന്നും ഏറ്റുവാങ്ങുന്നു

തപസ്യ കലാസാഹിത്യ വേദിയുടെയും സാരഥി പുരസ്‌കാര സമിതിയുടെയും
സംയുക്താഭിമുഖ്യത്തില്‍ നടന്ന സാരഥി പുരസ്‌കാര സമര്‍പ്പണ ചടങ്ങിലെ സദസ്സ്

മന്‍കിബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക പ്രശംസ നേടിയ കൊട്ടോടിയിലെ ശ്രദ്ധ തമ്പാന്‍ എസ്.രമേശന്‍ നായരില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.