കോന്നിയിലെ ഗതാഗത പരിഷ്‌ക്കാരം പാളി

Sunday 5 June 2016 8:57 pm IST

പത്തനംതിട്ട: കോന്നിയിലെ ഗതാഗത പരിഷ്‌ക്കാരം പാളി. പൂര്‍ണഫലപ്രാപ്തിയില്‍ എത്താത്തതിന് കാരണം സ്വകാര്യബസ്സുകളുടേയും ജീപ്പുകളുടേയും നിസ്സഹകരണം. കോന്നി ടൗണിലെ വാഹനക്കുരുക്കിന് പരിഹാരം കാണാന്‍ പഞ്ചായത്തു സമിതി ഏതാനും ദിവസം മുമ്പ് നടപ്പാക്കിയ ഗതാഗത പുനക്രമങ്ങളാണ് ഭാഗീകമായി പാളിയത്. പ്രധാന കവലയിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമായെങ്കിലും പഞ്ചായത്തും ഗതാഗത ഉപദേശകസമിതിയും ചേര്‍ന്ന് കൈക്കൊണ്ട തീരുമാനങ്ങള്‍ അതേപടി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പഞ്ചായത്ത് ഓഫീസ് റോഡിലും, പുനലൂര്‍-പത്തനംതിട്ട റോഡില്‍ ബസ് സ്റ്റാന്റിന് സമീപത്തുമാണ് തീരുമാനങ്ങള്‍ ലംഘിക്കപ്പെടുന്നത്. കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സ്റ്റേഷന് സമീപം നിര്‍ത്തിയിടാതെ പത്തനംതിട്ട ഭാഗത്തേക്കുള്ള ബസുകള്‍ ഫെഡറല്‍ ബാഘ്കിന് മുന്‍ഭാഗത്തും എതിര്‍ദിശയിലേക്കുള്ളവ സൂര്യഹോട്ടലിന് മുന്‍ഭാഗത്തും നിര്‍ത്തണമെന്നായിരുന്നു തീരുമാനം. എന്നാല്‍ സ്വകാര്യ ബസ് ഉടമകള്‍ ഇത് പാലിക്കുന്നില്ലെന്നാണ് പരാതി. ഏറെ തിരക്കേറിയ പഞ്ചായത്ത് ഓഫീസ് റോഡില്‍ ജീപ്പുകാരും ബസ്സുടമകളുമായുള്ള തര്‍ക്കമാണ് ഗതാഗത ക്രമീകരണത്തെ ഭാഗീകമായി അട്ടിമറിച്ചത്. ജീപ്പുകള്‍ ഫയര്‍ സ്റ്റേഷന്‍ കഴിഞ്ഞുള്ള ഭാഗത്ത് റോഡരുകില്‍ പാര്‍ക്കുചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ബസ് സ്റ്റോപ്പ് പഞ്ചായത്ത് ഓഫീസിന് സമീപത്തേക്കും മാറ്റി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനങ്ങള്‍ പൂര്‍ണ്ണമായി നടപ്പായില്ല. ജീപ്പുകള്‍ ഇപ്പോള്‍ കിടക്കുന്നിടത്തുനിന്നും മാറ്റി പാര്‍ക്കു ചെയ്യാന്‍ തയ്യാറാകാത്തതോടെ ബസ്സുടമകളും ഇതിന് സമീപം സ്റ്റോപ്പ് സ്വയം നിശ്ചയിക്കുകയായിരുന്നു. ആദ്യദിവസം രാവിലെ തീരുമാനപ്രകാരം പഞ്ചായത്ത് ഓഫീസിന് സമീപം ബസ് സ്റ്റോപ്പ് മാറ്റിയതോടെ ടൗണിലെ ഗതാഗതക്കുരുപ്പ് പൂര്‍ണ്ണമായും മാറിയിരുന്നു. എന്നാല്‍ ജീപ്പുകള്‍ പഞ്ചായത്ത് നിശ്ചയിച്ച ഇടത്തേക്ക് മാറ്റുന്നതിന് പകരം സ്വകാര്യ വ്യക്തിയുടെ പാര്‍ക്കിങ് ഏറിയാ വാടകയ്‌ക്കെടുത്ത് സ്റ്റാന്റ് ആക്കുകയായിരുന്നു. കുമ്മണ്ണൂര്‍, അതുമ്പുംകുളം എന്നിവിടങ്ങളിലേക്കാണ് ജീപ്പുകള്‍ ട്രിപ്പടിക്കുന്നത്. ജീപ്പ് സ്റ്റാന്റില്‍ നിന്നും ഏറെ മാറി പാര്‍ക്കു ചെയ്താല്‍ തങ്ങള്‍ക്ക് യാത്രക്കാര്‍ കുറയുമെന്നാണ് ബസ്സുകാരുടെ വാദം. എന്തായാലും ഇവരുടെ തര്‍ക്കത്തിന് വഴങ്ങുന്ന നിലപാടാണ് കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചായത്ത് അധികൃതരും കൈക്കൊണ്ടത്. മാവേലി സ്റ്റേറിന് എതിര്‍ഭാഗത്ത് ജീപ്പ് സ്റ്റാന്റിന് സമീപത്തായാണ് ഇപ്പോള്‍ ബസ്സുകള്‍ നിര്‍ത്തി ആളിനെ കയറ്റുന്നത്. ഇവിടെ പലപ്പോഴും വാഹനത്തിരക്കിനും ഇത് ഇടയാക്കുന്നു. ഗതാഗത ഉപദേശകസമിതിയുടെ തീരുമാനങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പഞ്ചായത്ത് ബസ് സ്റ്റാന്റ് താല്‍ക്കാലികമായി കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സ്റ്റേഷന് വിട്ടുനല്‍കിയതോടെ സ്വകാര്യ ബസ്സുകള്‍ റോഡരുകിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇതും ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ കാരണമാകുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.