അഫ്ഗാന്റെ പരമോന്നത ബഹുമതി;പ്രധാനമന്ത്രിയെ അഭിനന്ദിച്ച് അമിത് ഷാ

Sunday 5 June 2016 9:00 pm IST

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാന്റെ പരമോന്നത ബഹുമതിയായ അമീര്‍ അമാനുള്ള ഖാന്‍ പുരസ്‌ക്കാരം ലഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഭിനന്ദിച്ചു. പ്രധാനമന്ത്രിക്ക് ലഭിച്ച ഈ അംഗീകാരത്തില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ഹെരതില്‍ ഭാരത-അഫ്ഗാന്‍ സൗഹൃദ ഡാം നിര്‍മ്മിച്ച വീരന്മാരെ ബിജെപി അഭിവാദനം ചെയ്യുന്നതായും ഭീകരതയെ നേരിട്ട് ഡാം നിര്‍മ്മാണം പൂര്‍ത്തിയാക്കിയവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും അമിത് ഷാ പറഞ്ഞു. മോദി അധികാരമേറ്റ രണ്ടു വര്‍ഷം മുമ്പുള്ള സമയത്ത് ഹെരാതിലെ ഡാം നിര്‍മ്മാണം ഭീകരരുടെ ഭീഷണിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കാബൂളിലെയും ജലാലാബാദിലെയും എംബസികള്‍ക്ക് നേരേ ആക്രമണങ്ങളുമുണ്ടായിരുന്നു. ഇതിനെയെല്ലാം നേരിട്ടാണ് എഞ്ചിനീയര്‍മാരും മറ്റു ജോലിക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും നയതന്ത്ര ഉദ്യോഗസ്ഥരുമെല്ലാം ചേര്‍ന്ന് ഡാം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്, അമിത് ഷാ പറഞ്ഞു. ഒരു മുസ്ലിം രാഷ്ട്രത്തില്‍ നിന്ന് നരേന്ദ്ര മോദിക്ക് ആഴ്ചകള്‍ക്കുള്ളില്‍ ലഭിക്കുന്ന രണ്ടാമത്തെ പരമോന്നത ബഹുമതിയാണ് അഫ്ഗാന്‍ നല്‍കിയത്. നേരത്തെ സൗദിയുടെ പരമോന്നത പുരസ്‌ക്കാരമായ കിങ് അബ്ദുള്‍ അസീസ് അവാര്‍ഡ് സല്‍മാന്‍ രാജാവ് ഭാരത പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഇതിനു മുമ്പ് ഒരു ഭാരത പ്രധാനമന്ത്രിക്കും ഈ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര നിലപാടുകളുടെ വിജയമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഭാരതത്തെ ലോകത്തിനു മുന്നിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് മോദി നേതൃത്വം നല്‍കുന്നത്. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യത്തെ ദേശീയ ഭരണനിര്‍വഹണ നയമാക്കി പ്രധാനമന്ത്രി ഉയര്‍ത്തി. വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് അദ്ദേഹം. ദക്ഷിണേഷ്യയുടെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ വിദേശനയത്തിന്റെ അംഗീകാരമാണ് അദ്ദേഹത്തിന് വിദേശ രാജ്യങ്ങളില്‍ നിന്നു ലഭിക്കുന്ന പരമോന്നത പുരസ്‌ക്കാരങ്ങള്‍. സാംസ്‌കാരികമായി അഫ്ഗാനുമായി നൂറ്റാണ്ടുകളുടെ ബന്ധമുണ്ടെങ്കിലും സാമ്പത്തികബന്ധം സജീവമാകുന്നത് ഇപ്പോഴാണ്. 17,000 കോടി രൂപ മുടക്കി നിര്‍മ്മിച്ച ഡാം അയല്‍രാജ്യങ്ങളുമായുള്ള സുദൃഢ ബന്ധത്തിനുദാഹരണം. നിങ്ങളുടെ സ്വപ്‌നം ഞങ്ങളുടെ കടമയാണെന്ന മോദിയുടെ അഫ്ഗാന്‍ പ്രസംഗം തന്നെയാണതിന്റെ തെളിവ്. ലോകം മുഴുവന്‍ ഒരു കുടുംബമാണെന്ന സങ്കല്‍പ്പമാണ് ഭാരതത്തെ നയിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.