മരങ്ങള്‍ നട്ട് ലോക പരിസ്ഥിതിദിനം ആചരിച്ചു

Sunday 5 June 2016 10:44 pm IST

തിരുവനന്തപുരം: മരങ്ങള്‍ നട്ടും പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം നല്‍കിയം കേരളം ലോക പരിസ്ഥിതി ദിനം അചരിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, വായനശാലകള്‍, ആരാധനാലയങ്ങള്‍, വായനാശാലകള്‍ തുടങ്ങിയിടങ്ങളില്‍ വൃക്ഷത്തൈകള്‍ നടലും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും നടന്നു. രാജ്ഭവനില്‍ പരിസ്ഥിതിദിനം ഗവര്‍ണര്‍ പി. സദാശിവം മാവിന്‍ തൈ നട്ട് ആചരിച്ചു. കര്‍പ്പൂരം, മല്ലിക, നീലം തുടങ്ങിയ ഇനങ്ങളും ഇതിന്റെ ഭാഗമായി നട്ടു. പ്രകൃതിയെ കാത്തുരക്ഷിക്കാന്‍ കൂടുതല്‍ വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കുക മാത്രമാണ് ഒരേയൊരു വഴിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ പരിസ്ഥിതി ദിനാചരണം കനകക്കുന്ന് കൊട്ടാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ പേരില്‍ പരിസ്ഥിതിയുടെ കട അറുക്കുന്ന നില ഉണ്ടാകരുത്. പരിസ്ഥിതിയുടെ പേരില്‍ വികസനവും തടയരുത്. പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും മനസ്സില്‍ ഉറപ്പിച്ചാല്‍ മാത്രമേ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാനാവൂ, മുഖ്യമന്ത്രി പറഞ്ഞു. വട്ടിയൂര്‍ക്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്നില്‍ അശോകത്തൈ നട്ട് ബിജെപിയുടെ പരിസ്ഥിതി ദിനാചരണം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. കരമനയാറിന്റെ കരയില്‍ തിരുവല്ലം പരശുരാമക്ഷത്ര പരിസരത്ത് നിരവധി വൃക്ഷതൈകള്‍ നട്ട് ഒ. രാജഗോപാല്‍ എംഎല്‍എയും പരിസ്ഥിതി ദിനാചരണത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം ശ്രീചിത്തിരപാര്‍ക്കില്‍ മഹിളാ മോര്‍ച്ച സംസ്ഥാന അധ്യഷ രേണു സുരേഷ് നേതൃത്വം നല്‍കി. പോലീസ് ആസ്ഥാനത്ത് നടന്ന ദിനാചരണ പരിപാടികള്‍ക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി: അനില്‍കാന്ത് നേതൃത്വം നല്‍കി. നെല്ലി, ജാമ്പ, ചെറി, ആത്തി, പുളി, വേപ്പ്, ഗ്രാമ്പു തുടങ്ങിയ വൃക്ഷത്തൈകളാണ് പോലീസ് ആസ്ഥാനത്ത് നട്ടത്. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യായിരം ഗ്രാമങ്ങളില്‍ വൃക്ഷത്തൈ നടല്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആലുവയില്‍ നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.