വരമ്പത്ത് കിട്ടിയ കൂലി

Friday 19 May 2017 3:58 pm IST

ഇ പി ജയരാജന്‍ പറഞ്ഞ അബദ്ധമാണല്ലോ പുതിയ ട്രന്‍ഡ്. സോഷ്യല്‍ മീഡിയയുടെയും, പ്രതിയോഗികളുടേയും ആഘോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ ജയരാജന്റെ പ്രതികരണവുമെത്തി. 'ഞാന്‍ യാത്രയിലായിരിക്കെയാണ് മനോരമാ ന്യൂസ് ചാനലില്‍ നിന്ന് ഫോണ്‍ വന്നത്. അമേരിക്കയില്‍ വച്ച് നമ്മുടെ മുഹമ്മദലി മരിച്ചു പോയി എന്നാണ് ചാനലില്‍ നിന്ന് പറഞ്ഞിരുന്നത്. നിരവധി സ്വര്‍ണമെഡലുകള്‍ നേടിയിട്ടുള്ളയാളാണ്. നിങ്ങളൊരു അനുശോചനം നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. ആ സമയത്ത് ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയാണ് മരണപ്പെട്ടതെന്ന വാര്‍ത്ത ഞാന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ തന്നെ രണ്ട് വരി പറയണമെന്നുമാണ് പറഞ്ഞത്. ഉടനെ ലൈവ് ന്യൂസിലേക്ക് ഫോണ്‍ കണക്ട് ചെയ്യുകയും ചെയ്തു. 40 വര്‍ഷം മുമ്പ് ബോക്‌സിങ് റിങ് വിട്ട ബോക്‌സിംഗ് ഇതിഹാസത്തിന്റെ മരണവാര്‍ത്തയാണ് ഇതെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അക്കാര്യം മനസ്സിലേക്ക് വന്നുമില്ല. കേരളത്തിലെ ഏതോ പഴയ കായികതാരമെന്ന രീതിയിലാണ് മനോരമയില്‍ നിന്നുള്ള ഫോണില്‍ നിന്ന് മനസ്സിലായത്. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി തിരക്കിട്ട യാത്രയിലായിരുന്നു. അവിടെ എത്തിച്ചേരേണ്ട സമയവുമായിരുന്നു. പറഞ്ഞത് എന്തായാലും പിശകായിപ്പോയി. തുടര്‍ന്ന് അനുശോചനത്തിനായി വിളിച്ച മാധ്യമങ്ങള്‍ക്കെല്ലാം ശരിയായ പ്രതികരണമാണ് നല്‍കിയിരുന്നത്. സാധാരണഗതിയില്‍ ലൈവ് ന്യൂസിലേക്ക് അനുശോചനത്തിനോ പ്രതികരണത്തിനോ വിളിക്കുമ്പോള്‍ ന്യൂസ് ഡെസ്‌കില്‍ നിന്ന് വിളിച്ച് പ്രസ്തുത വിഷയത്തെ കുറിച്ച് ഒരു ബ്രീഫ് നല്‍കാറുണ്ട്. ഇവിടെ അതുണ്ടായില്ല. ഈ ആശയക്കുഴപ്പമാണ് പിശക് സംഭവിക്കാന്‍ കാരണം. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളും കായിക പ്രതിഭകളും ഈ പിശക് മനസ്സിലാക്കണം. സത്യസന്ധമായി പറഞ്ഞാല്‍ ,ഇത് സത്യമാണ് എന്നാണ് തോന്നുന്നത്.. കേരളത്തിന്റെ പഴയ കായിക താരം മുഹമ്മദ് സാലിയാകണം പെട്ടന്ന് സഖാവിന്റെ മനസ്സിലേക്ക് വന്നത്... സ്വാഭാവികമായ ഒരു അബദ്ധം.. പക്ഷേ എന്ത് കൊണ്ട് ഇത് പോലുള്ള അബദ്ധങ്ങളും നാക്കു പിഴകളും ആഘോഷമാകുന്നു എന്നിടത്താണ് നമ്മുടെ സമൂഹമനസ്സാക്ഷി പ്രതിക്കൂട്ടിലാകുന്നത്. രാഷ്ട്രീയ എതിരാളികളെ ഏത് നികൃഷ്ട രീതിയിലും ആക്രമിച്ച് നാണം കെടുത്തുക എന്ന കലാപരിപാടി പതിറ്റാണ്ടുകളായി നടപ്പാക്കി വിജയിച്ചവരാണ് കമ്യൂണിസ്റ്റ് കാര്‍. നിഷ്ഠുരമായി വധിക്കപ്പെട്ടവരെപ്പോലും സ്ത്രീവിഷയങ്ങളാരോപിച്ച് അപഹസിക്കാന്‍ അവര്‍ ഒരു മടിയും കാട്ടിയിട്ടില്ല. സോഷ്യല്‍ മീഡിയ സജീവമായതോടെ ഇതിന് പുതിയ മാനം തന്നെ കൈവന്നു. മോദിയുടെ ചിത്രത്തിലേക്ക് മൂത്രമൊഴിക്കുന്ന നായയുടെ ഫോട്ടോഷോപ്പ് ചിത്രം സഖാക്കള്‍ ആവേശത്തോടയാണ് ഷെയര്‍ ചെയ്തത്. മോദി പറഞ്ഞ ഓരോന്നും വളച്ചൊടിച്ച് അപമാനിക്കുമ്പോഴും അവരോര്‍ത്തില്ല ,തങ്ങള്‍ ചെയ്യുന്നതിലെ അധാര്‍മ്മികത. അതായത്, ഒരു സ്വാഭാവിക അബദ്ധമായി പറഞ്ഞ് മറന്നു പോകേണ്ട ഈ സംഭവം അവരെ ഇത്രയേറെ നാണം കെടുത്തിയത് അവര്‍ കാരണം തന്നയാണ്. പാടത്ത് പണി വരമ്പത്ത് കൂലി എന്ന പ്രകൃതി നിയമം ഇവിടെ നടപ്പാകുന്നു. ഇത് ദൈവനീതി നടപ്പാകുന്നതിന്റെ തുടക്കമാണ്. പിണറായി എത്ര നന്നായി ഭരിക്കാന്‍ ശ്രമിച്ചാലും, ഇത് പോലെ നാക്കില്‍ കയറിയ മൂശേട്ടകള്‍ നേതാക്കന്മാരെക്കൊണ്ട് പറയിച്ച് കൊണ്ടേയിരിക്കും. കാറ്റ് വിതച്ചവര്‍ കൊടുങ്കാറ്റ് കൊയ്യുക തന്നെ ചെയ്യും സഖാക്കളേ... അനുഭവിക്കുക...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.