പഴശി പദ്ധതി പ്രദേശത്ത് ഉദ്യാനം ഉദ്ഘാടനത്തിനൊരുങ്ങുന്നു

Monday 6 June 2016 12:29 am IST

മട്ടന്നൂര്‍: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ പഴശി പദ്ധതി പ്രദേശത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന ഉദ്യാനം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവൃത്തി പുരോഗമിക്കുന്നത്. ഈ മാസം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കി ജൂലൈ മാസം രണ്ടാം വാരത്തോടെ ഉദ്ഘാടനം നടത്താനുളള തയ്യാറെടുപ്പിലാണ് അധികൃതര്‍. നാലുവര്‍ഷം മുമ്പുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അണക്കെട്ട് കരകവിഞ്ഞൊഴുകിയാണു പഴശി ഉദ്യാനം ഉള്‍പ്പെടെ നശിച്ചത്. ഉദ്യാനം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ടു ജനങ്ങള്‍ നിരവധിതവണ നിവേദനം നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഉദ്യാനം പുനര്‍നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിക്കുകയായിരുന്നു. 2012 ഓഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഡാമിന്റെ രണ്ടു ഭാഗങ്ങളിലുമുള്ള പാര്‍ക്ക് കുത്തിയൊലിച്ച് നശിച്ചിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ജനുവരി 5 നാണ് 1.47 കോടി രൂപ ചെലവിട്ടുളള പദ്ധതിയുടെ നിര്‍മാണപ്രവൃത്തി ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ പാര്‍ക്ക്, കഫെറ്റേരിയ, ഗാര്‍ഡന്‍, പൊതുപരിപാടി നടത്തുന്നതിന് സ്റ്റേജ്, നടപ്പാത തുടങ്ങിയവയാണ് ഉദ്യാനത്തില്‍ ഒരുക്കിയിരിക്കുന്നത്. പ്രവൃത്തി ആറുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് ഉദ്യാനം ഉടന്‍ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് അന്നത്തെ ടൂറിസം മന്ത്രി പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്‌നം കാരണം പ്രവൃത്തി വൈകുകയായിരുന്നു. പാര്‍ക്ക് തകരുന്നതിന് മുമ്പ് ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികള്‍ പഴശിയിലെത്തിയിരുന്നുവെങ്കിലും പിന്നീട് സഞ്ചാരികളുടെ വരവ് കുറഞ്ഞു. പാര്‍ക്ക് ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് വീണ്ടും ഉണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഉദ്യാനത്തിന്റെ ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ തുടര്‍ പ്രവൃത്തിക്കുള്ള സഹായം സര്‍ക്കാര്‍ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.