കണ്ണൂര്‍: മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അവ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്കി വരുന്ന മലിനീകരണ നിയന്ത്രണ അവാര്‍ഡ് ദാനം കണ്ണൂര്‍ മസ്കറ്റ് പാരഡൈസില്‍ ആരോഗ്യ-സാമൂഹ്യനീതി-മലിനീകരണ നിയന്ത്രണ വകുപ്പ് മന്ത്രി കെകെ ശൈലജയും തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയും വിതരണം ചെയ്തു.
വ്യവസായ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികള്‍, സ്റ്റോണ്‍ക്രഷര്‍, ഡയറി, പ്രിന്റ് ആന്റ് വിഷ്വല്‍ മീഡിയ, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡുകള്‍. 183 അപേക്ഷകള്‍ പരിഗണിച്ചാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ജില്ലക്ക് വിവിധ സ്ഥാപനങ്ങളിലായി പത്തോളം അവാര്‍ഡുകള്‍ ലഭിച്ചു.
കണ്ണൂര്‍ എകെജി ആശുപത്രിക്ക് ആശുപത്രി വിഭാഗത്തില്‍ എക്സലന്‍സ് അവാര്‍ഡ് ലഭിച്ചപ്പോള്‍ മെഡിക്കല്‍ കോളേജ്-സ്വയംഭരണ ആശുപത്രി വിഭാഗത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ഒന്നാം സ്ഥാനവും കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ മൂന്നാം സ്ഥാനവും നേടി.
ഡയറി വിഭാഗത്തില്‍ കണ്ണൂര്‍ മില്‍മ ഒന്നാം സ്ഥാനം നേടി. കണ്ണൂര്‍ മാതൃഭൂമിക്ക് പ്രിന്റ് & വിഷ്വല്‍ മീഡിയ വിഭാഗത്തില്‍ മൂന്നാം സ്ഥാനമുണ്ട്. സ്റ്റോണ്‍ ക്രഷര്‍ വിഭാഗത്തില്‍ പയ്യാവൂര്‍ ഗ്രാനൈറ്റ്സിന് രണ്ടാം സ്ഥാനവും കണ്ണൂര്‍ ആനക്കുളം ക്രീം പാക്ക്സിന് ചെറുകിട വ്യവസായ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: