ഹരിപ്പാട് മെഡിക്കല്‍ കോളേജ് തട്ടിപ്പെന്ന് ബിജെപി

Monday 6 June 2016 7:49 pm IST

  ആലപ്പുഴ: ഹരിപ്പാട്ടെ നിര്‍ദ്ദിഷ്ട സ്വകാര്യ മെഡിക്കല്‍ കോളേജ് ശുദ്ധ തട്ടിപ്പാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍. 2012ല്‍ തന്നെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ തട്ടിപ്പിനെതിരെ ബിജെപി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇക്കാലമത്രയും സിപിഎം ഹരിപ്പാട്, ജില്ലാ നേതൃത്വങ്ങള്‍ രമേശ് ചെന്നിത്തലയ്ക്ക് ഒത്താശ ചെയ്യുകയായിരുന്നു. ഒരു പ്രമുഖ സിപിഎം നേതാവാണ് ചെന്നിത്തലയ്ക്ക് പദ്ധതി സംബന്ധിച്ച ആശയം പോലും നല്‍കിയതെന്ന് സോമന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സ്വകാര്യ മേഖലയ്ക്ക് 74 ശതമാനം പങ്കാളിത്തം നല്‍കുന്ന പദ്ധതി ആരോഗ്യമേഖലയെ കുത്തകകള്‍ക്ക് തീറെഴുതാനുള്ള സമീപനത്തിന്റെ ഭാഗമാണ്. എന്‍ടിപിസി സ്വന്തം ചെലവില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാമെന്ന് പ്രഖ്യാപിച്ചിട്ടും അത് തള്ളി സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാനുള്ള നീക്കം സാധാരണ ജനങ്ങളോടുള്ള സ്‌നേഹം കൊണ്ടല്ല. കരുവാറ്റയില്‍ 25 ഏക്കറോളം നിലം നികത്തിയാണ് കോളേജ് സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ ഇപ്പോള്‍ പദ്ധതിക്കെതിരെ രംഗത്തു വന്നിട്ടുണ്ടെങ്കിലും സിപിഎം ജില്ലാ നേതൃത്വം ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പദ്ധതി നടപ്പാകുമെന്ന് പ്രതീക്ഷിച്ച് നങ്ങ്യാര്‍കുളങ്ങരയിലും കരുവാറ്റയിലെ നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തിനു സമീപത്തും സ്ഥലം വാങ്ങിക്കൂട്ടിയിട്ടുള്ളത് കോണ്‍ഗ്രസുമായി ബന്ധമുള്ളവരും ചില ബിനാമികളുമാണെന്ന് സോമന്‍ കുറ്റപ്പെടുത്തി. മറ്റു സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യാഗസ്ഥരെയാണ് മുഖ്യചുമതലക്കാരനായി നിയോഗിച്ചിട്ടുള്ളത്. എന്നാല്‍ ഇവിടെ ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനെയാണ് നിയമിച്ചതെന്നും സോമന്‍ ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഡയറക്ടര്‍മാരായി നിയോഗിച്ചിട്ടുള്ള പലരും കളങ്കിത വ്യക്തിത്വമുള്ളവരും കച്ചവടക്കാരും മാത്രമാണ്. ആരോഗ്യരംഗത്ത് മുന്‍പരിചയമുള്ള ആരുംതന്നെ ഇക്കൂട്ടത്തിലില്ല. ഭൂമികച്ചവടമാണ് പദ്ധതിയുടെ പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് സോമന്‍ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണം. പദ്ധതിക്കെതിരെ ബിജെപി നിയമപരമായും അല്ലാതെയും പോരാട്ടം നടത്തും. ബിജെപിയുടെ പ്രമുഖ നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. ആരോഗ്യമേഖലയില്‍ പിന്നിലായ ജില്ലയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച എയിംസ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം. ഇതിന് ബിജെപി എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.