പമ്പ: പരിഹാര പദ്ധതികള്‍ തുടങ്ങേണ്ടത് ജനവാസ കേന്ദ്രങ്ങളില്‍

Monday 6 June 2016 8:40 pm IST

  പത്തനംതിട്ട: പമ്പാനദിയിലെ മാലിന്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പദ്ധതികള്‍ ആരംഭിക്കേണ്ടത് ജനവാസ കേന്ദ്രങ്ങളില്‍നിന്ന്. പമ്പയെ മലിനപ്പെടുത്തുന്നത് ശബരിമല തീര്‍ത്ഥാടകരെന്നാണ് വ്യാപക പ്രചാരണം. എന്നാല്‍, വര്‍ഷം മുഴുവന്‍ ഖര-ദ്രവമാലിന്യങ്ങള്‍ പമ്പയില്‍ തള്ളുന്നത് അധികവും നഗര-ഗ്രാമവാസികളാണെന്ന സത്യ ആരും ചര്‍ച്ച ചെയ്യുന്നുമില്ല. നീളം കൊണ്ട് സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തുള്ള പമ്പ മുപ്പതിലേറെ ചെറുപട്ടണങ്ങളിലെ മാലിന്യങ്ങള്‍ പേറിയാണ് വേമ്പനാട്ടുകായലിലെത്തുന്നത്. ഒഴുക്കുവഴികളിലെ അറവുശാലകളും ചന്തകളും, ആതുരാലയങ്ങളുമടക്കം ദിനംപ്രതി ടണ്‍കണക്കിന് മാലിന്യങ്ങളാണ് ഈ പുണ്യനദിയിലേക്ക് തള്ളുന്നത്. കൈവഴികളിലൂടെയും കൈത്തോടുകളിലൂടെയുമെത്തുന്ന മാലിന്യങ്ങള്‍ വേറേയും. ഇതിനുപുറമേ മറ്റിടങ്ങളില്‍നിന്നും വാഹനങ്ങളിലും മറ്റും കൊണ്ടുവന്ന് മനുഷ്യവിസര്‍ജ്യങ്ങളും അറവുശാലയിലെ മാലിന്യങ്ങളും തള്ളുന്നതുവഴി മാലിന്യത്തോത് വര്‍ദ്ധിക്കുന്നു. എന്നാല്‍, ഇത്തരത്തിലുള്ള പഠന റിപ്പോര്‍ട്ടുകളൊന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിലോ പമ്പാ നദി കടന്നുപോകുന്ന ഗ്രാമപഞ്ചായത്തുകളിലോ ലഭ്യവുമല്ല. പമ്പാ ആക്ഷന്‍ പ്ലാനുമായി ബന്ധപ്പെട്ട് 2002-ല്‍ തയാറാക്കിയ കണക്ക് പരിശോധിച്ചാല്‍തന്നെ ഒഴുക്കുവഴിയിലെ ഗ്രാമ-നഗരങ്ങള്‍ പമ്പയ്‌ക്കേല്‍പ്പിക്കുന്ന മാലിന്യപ്രഹരത്തിന്റെ ഭയാനകത വ്യക്തമാകും. വടശേരിക്കരയിലെ ഹോട്ടലുകള്‍, ആശുപത്രികള്‍, ഇറച്ചിക്കടകള്‍, ചെറുകിട വ്യവസായങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നുമാത്രം 65,000 ലിറ്റര്‍ മലിനജലവും 800 കിലോഗ്രാം ഖരമാലിന്യവും ദിനംപ്രതി പമ്പയില്‍ വീഴുന്നു. ഇതേപോലെ നാറാണംമൂഴി പഞ്ചായത്തില്‍ നിന്ന് 65,000 ലിറ്റര്‍ മലിനജലവും 800 കിലോഗ്രാം ഖരമാലിന്യവും, റാന്നി പെരുനാടില്‍ 32,000 ലിറ്റര്‍ മലിനജലവും 650 കിലോഗ്രാം ഖരമാലിന്യവും ഈ നദിയിലേക്കെത്തുന്നു. പമ്പാനദി കടന്നുപോകുന്ന മുപ്പതിലേറെ പഞ്ചായത്തുകളിലെ കണക്കുകള്‍ ഒരുമിച്ചെടുത്താല്‍ ലക്ഷക്കണക്കിന് ലിറ്റര്‍ മലിനജലവും ടണ്‍കണക്കിന് ഖരമാലിന്യവുമാണ് നദിയിലെത്തുന്നത്. അതായത് പമ്പാനദി മലിനപ്പെടുന്നത് ശബരിമല തീര്‍ത്ഥാടനകാലത്തു മാത്രമല്ലെന്നു വ്യക്തം. ചില പരിസ്ഥിതി സംഘടനകളും, സര്‍ക്കാര്‍ സംവിധാനങ്ങളും മലനീകരണത്തിനു കുറ്റപ്പെടുത്തുന്നത് ശബരിമല തീര്‍ത്ഥാടകരെ മാത്രമെന്നത് വിചിത്രം. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പമ്പയിലെ മാലിന്യവും കോളീഫോം ബാക്ടീരിയയുടെ അളവും സംബന്ധിച്ച് 2016 ജനുവരി 13ന് തയാറാക്കിയ റിപ്പോര്‍ട്ട് ഇങ്ങനെയാണ്: മകവിളക്ക് ഉത്സവകാലത്തിന്റെ ഏറ്റവും തിരക്കേറിയ ജനുവരി 13ന് നുണങ്ങാറില്‍ മനുഷ്യവിസര്‍ജ്യങ്ങളില്‍ നിന്നുള്ള കോളിഫോം ബാക്ടീരിയയുടെ എണ്ണം നൂറ് മില്ലിലിറ്റര്‍ വെള്ളത്തില്‍ 4,44,000 എന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേ ദിവസംതന്നെ പമ്പയ്ക്കുതാഴെ അത്തിക്കയത്ത് ഇത് 1,640ഉം, വടശേരിക്കരയില്‍ 1,220ഉം റാന്നിയില്‍ 720ഉം ആണ്. ആറന്മുളയില്‍ 1,520ഉം ചെങ്ങന്നൂരില്‍ 1,400ഉം മാന്നാറില്‍ 2,140ഉം ആണ് കോളിഫോം ബാക്ടീരിയയുടെ എണ്ണം. എടത്വയിലെത്തുമ്പോള്‍ 2,080 ഉം, തകഴിയില്‍ 2,340, പുളിങ്കുന്നില്‍ 1,500. ശബരിമല നടയടച്ചിട്ടിരിക്കുന്ന സാധാരണ ദിവസങ്ങളിലെ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോഴും കോളിഫോം ബാക്ടീരിയയുടെ എണ്ണത്തില്‍ വലിയ വ്യത്യാസമുണ്ടാകുന്നില്ലെന്നു വ്യക്തം. 2015 ഒക്ടോബര്‍ 19നുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം അത്തിക്കയത്ത് 420, വടശേരിക്കരയില്‍ 750, റാന്നിയില്‍ 990, ചെങ്ങന്നൂരില്‍ 870, എടത്വയില്‍ 1,910, തകഴിയില്‍ 1,210, പുളിങ്കുന്നില്‍ 1,400 എന്നിങ്ങനെയാണ് നൂറ് എംഎല്‍ വെള്ളത്തില്‍ മനുഷ്യവിസര്‍ജ്യങ്ങളില്‍ നിന്നുള്ള കോളിഫോം ബാക്ടീരിയയുടെ എണ്ണം. അതേദിവസം പമ്പയിലെ ഞുണങ്ങാറിന് സമീപം ബാക്ടീരിയയുടെ എണ്ണം 21,000 എന്നും രേഖപ്പെടുത്തി. തീര്‍ത്ഥാടനക്കാലത്ത് പമ്പയില്‍ കോളിഫോം ബാക്ടീരിയകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും നീരൊഴുക്ക് നാട്ടിന്‍പുറങ്ങളിലെത്തുമ്പോള്‍ ബാക്ടീരിയകള്‍ സ്വയം നശിക്കുന്നുവെന്നാണ് കണക്കുകള്‍. അതായത് പമ്പാശുചീകരണ പ്രവര്‍ത്തനവും സംസ്‌കരണവും നടക്കേണ്ടത് ഗ്രാമങ്ങളിലും നഗരങ്ങളിലും കൂടിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.