പത്തനംതിട്ട: പമ്പാ കര്‍മ്മപദ്ധതി തയാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നത സമിതി സന്ദര്‍ശന-പരിശോധന തുടങ്ങി. ഇന്നലെ കേന്ദ്ര സംഘത്തോടൊപ്പം സുരേഷ് ഗോപി എംപിയും പമ്പ ത്രിവേണീ സംഗമം സന്ദര്‍ശിച്ചു. പമ്പയിലെ സ്നാനഘട്ടം, ത്രിവേണി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയ സംഘം പമ്പയിലെ സ്വീവേജ് ട്രീറ്റുമെന്റ്പ്ലാന്റും സന്ദര്‍ശിച്ചു. ഇന്ന് ആറന്മുള, കോഴഞ്ചേരി എന്നിവിടങ്ങളിലെ പമ്പാതീരങ്ങളില്‍ കേന്ദ്ര സംഘം പരിശോധന നടത്തും.
കേന്ദ്ര ജലകമ്മിഷന് ചീഫ് എഞ്ചിനീയര്‍ ജെ.സി. അയ്യര്‍ തലവനായ സംഘത്തില്‍ സെന്‍ട്രല്‍ ഗ്രൗണ്ട്വാട്ടര്‍ ബോര്‍ഡ് റീജണല്‍ ഡയറക്ടര്‍ വി. കുഞ്ഞമ്പു, കേന്ദ്ര ജലകമ്മീഷനിലെ ഡോ. ആര്.എന്‍. സംഘ്വാ, ദേശീയ നദീജല അതോറിറ്റി ജോയിന്റ് ഡയറക്ടര്‍ വിനോദ്സിങ്, എന്നിവരാണുള്ളത്.
പദ്ധതി സമയബന്ധിതമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര സംഘം പറഞ്ഞു. സംഘത്തലവന് ജെ.സി. അയ്യര്‍ പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വ്യക്തമായ റിപ്പോര്‍ട്ട് തയാറാക്കും. പമ്പയുടെ മലിനീകരണം, തീരകൈയേറ്റം, മണല്‍വാരല്‍ തുടങ്ങിയ വിഷയങ്ങളെല്ലാം സമഗ്രമായി പഠിക്കും. പമ്പാനദി അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് തയാറാക്കിയിട്ടുള്ള മുന്റിപ്പോര്ട്ടുകളും, വിവിധ സംഘടനകള്‍ നല്കിയ നിവേദനങ്ങളുമെല്ലാം പരിശോധിക്കുമെന്നും ജെ.സി. അയ്യര്‍ പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉമാഭാരതിക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പമ്പാനദി ശുചീകരണത്തിനായി കര്‍മ്മപദ്ധതി തയാറാക്കാന്‍ ഉന്നതതല കേന്ദ്രസംഘം പരിശോധനയ്ക്ക് എത്തിയത്. ഗംഗാകര്മ്മ പദ്ധതി പോലെ പമ്പാനദിയെ പരിരക്ഷിക്കാനുതകുന്ന പദ്ധതികള്‍ തയാറാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
പത്തനംതിട്ട ഗസ്റ്റ്ഹൗസില്‍ കേന്ദ്ര സംഘവുമായി സുരേഷ്ഗോപി എംപി ചര്‍ച്ച നടത്തി. പമ്പാ കര്‍മ്മപദ്ധതിക്കായി കേന്ദ്രം അനുവദിക്കുന്ന മുഴുവന്‍ പണവും പദ്ധതിക്കായി തന്നെ വിനിയോഗിച്ചുവെന്ന് ഉറപ്പുവരുത്തണമെന്ന് സുരേഷ്ഗോപി നിര്‍ദേശിച്ചു. മുന്‍കാല അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധവേണമെന്നും എംപി ആവശ്യപ്പട്ടു. കുന്നാര്‍ഡാമിന്റെ സംഭരണശേഷി വര്‍ദ്ധിപ്പിച്ച് വെള്ളം സന്നിധാനത്ത് എത്തിക്കാന്‍ പദ്ധതി തയാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പമ്പയിലെ മണല്‍വാരലും പരിഗണിക്കണമെന്ന് കേന്ദ്ര സംഘത്തെ സന്ദര്‍ശിച്ച വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. എംജി സര്‍വകലാശാലാ മുന്‍ വൈസ്ചാന്സിലര് ഡോ.ഏ.വി. ജോര്‍ജ്ജ്, പരിസ്ഥിതി പ്രവര്‍ത്തകരായ കെ.കെ. ഗോപിനാഥന് നായര്‍, പി.എന്‍.എസ്. പിള്ള, ജയശങ്കര്‍ തടങ്ങിയവരും കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തി.
സംസ്ഥാന ഇറിഗേഷന്‍ വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി.കെ. മഹാനുദേവന്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഫിലിപ്പ് മത്തായി, അസിസ്റ്റന്റ് എഞ്ചിനീയര്‍ അരുണ്‍ കെ. ജേക്കബ്ബ് എന്നിവരും ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന് കുളനടയും കേന്ദ്ര സംഘത്തെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: