ലോസാഞ്ചലസ്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാവും. സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിനാവശ്യമായ ഡെലിഗേറ്റ് പിന്തുണ ലഭിച്ചതായി ഹിലരി പ്രഖ്യാപിച്ചു. ഇതോടെ യുഎസ് പ്രസിഡന്റ് പദവിയിലേക്കു മത്സരിക്കുന്ന ആദ്യത്തെ വനിത എന്ന ബഹുമതി ഹിലരിക്കു ലഭിച്ചു.
ചരിത്രപരമായ നേട്ടമെന്നാണ് തന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ഹിലരി പ്രതികരിച്ചത്. അസോസിയേറ്റ് പ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനുള്ള പിന്തുണ ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നവെന്ന് കലിഫോര്‍ണിയ പ്രൈമറിയില്‍ സംസാരിക്കവെ ഹിലരി വ്യക്തമാക്കി. പ്യൂര്‍ടോ റിക്കോ ഡെമോക്രാറ്റിക് പ്രൈമറിയില്‍ കരുത്തുറ്റപ്രകടനം കാഴ്ചവച്ചതോടെയാണ് ഹിലരിക്ക് സ്ഥാനാര്‍ഥിത്വം ഉറപ്പായത്.
സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ 2,382 ഡെലിഗേറ്റുകളുടെ പിന്തുണയാണു വേണ്ടത്. ഹിലരിക്ക് 2,384 ഡെലിഗേറ്റുകളുടെ പിന്തുണ ലഭിച്ചതായാണ് നിലവിലെ വിവരം. 546 പേരുള്ള കാലിഫോര്‍ണിയ പ്രൈമറി ഇന്നാണ്. ഇതിനുപുറമേ മൊണ്ടാന (27), ന്യൂജേഴ്സി (142), നോര്‍ത്ത് ഡക്കോട്ട (23), ന്യൂമെക്സിക്കോ (43), സൗത്ത്ഡക്കോട്ട (23) എന്നിവിടങ്ങളിലും പ്രൈമറികള്‍ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: