സുപ്രീം കോടതി വിധി: മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള നീക്കം തടയുമെന്ന് സംരക്ഷണസമിതി

Tuesday 7 June 2016 12:45 pm IST

കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഏതു നീക്കത്തെയും ബഹുജന നേതൃത്വത്തില്‍ ചെറുത്തു തോല്‍പ്പിക്കുവാന്‍ സ്‌കൂള്‍ സംരക്ഷണസമിതിയുടെയും ജനകീയ പ്രതിരോധ സമിതിയുടെയും സംയുക്തയോഗം തീരുമാനിച്ചു. സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനായി എഇഒ യുടെ നേതൃത്വത്തില്‍ എത്തുന്നവരെ തടയുവാനും യോഗം തീരുമാനിച്ചു. അഞ്ച് വിഭിന്ന ശേഷിക്കാര്‍ ഉള്‍പ്പെടെ 60 കുട്ടികളാണ് ഈ സ്‌കൂളിലുള്ളത്. വിവിധ അനാഥാലയങ്ങളില്‍ നിന്നുമായി പതിനാല് വിദ്യാര്‍ത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ ഭാവിയും മറ്റു സാഹചര്യങ്ങളൊന്നും പരിഗണിക്കാതെ കേരള വിദ്യാഭ്യാസ നിയമത്തിലെ ചില ചട്ടം മാത്രം മുന്‍നിര്‍ത്തി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള നീക്കം നിര്‍ഭാഗ്യകരമാണെന്നും യോഗം ചൂണ്ടിക്കാട്ടി. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ യുവജനസംഘടനകള്‍, മറ്റ് സാമൂഹ്യ സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍ എന്നിവരടങ്ങിയ സമിതിയുടെ നേതൃത്വത്തിലാണ് സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള നീക്കം പ്രതിരോധിക്കുക. പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് സ്‌കൂളിന്റെ നാല് ഭാഗത്തും സ്‌കൂള്‍ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ നിലയുറപ്പിക്കും. യോഗത്തില്‍ ഭാസി മലാപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാര്‍, മുന്‍ കൗണ്‍സിലര്‍ കെ.ടി. പത്മജ, സ്‌കൂള്‍ സംരക്ഷണ സമിതി വൈസ് ചെയര്‍മാനും മുന്‍ വിദ്യാഭ്യാസ ജോ. ഡയറക്ടറുമായ വി.പി. രവീന്ദ്രന്‍, എം.സി. സന്തോഷ്‌കുമാര്‍, പി. എച്ച് താഹ, ആര്‍.കെ, ഇരവില്‍, സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.