കന്നി വോട്ടര്‍മാര്‍ക്കുള്ള ഓര്‍മച്ചെടി വിതരണം തുടങ്ങി

Tuesday 7 June 2016 1:07 pm IST

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയ നവവോട്ടര്‍മാര്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറുമായി ചേര്‍ന്ന് ജില്ലാഭരണകൂടം സംഘടിപ്പിക്കുന്ന വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം കന്നി വോട്ടറായ ഹരിതയ്ക്ക് ചെടി നല്‍കി ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് നിര്‍വഹിച്ചു. ജനാധിപത്യത്തില്‍ പങ്കാളികളാവാന്‍ നവവോട്ടര്‍മാരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം പദ്ധതി നടപ്പാക്കിയതെന്ന് കലക്ടര്‍ പറഞ്ഞു. ജനാധിപത്യത്തിലെ പങ്കാളിത്തം പോലെതന്നെ പ്രകൃതി സംരക്ഷണമെന്ന സന്ദേശവും ഇതിലൂടെ നല്‍കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ ജൂണ്‍ അഞ്ചിനും ഒരേ കുഴിയില്‍ മരത്തൈ നടുന്ന രീതി മാറ്റി അവ വെള്ളവും വളവും നല്‍കി പരിപാലിക്കാനുള്ള ഉത്തരവാദിത്തം കൂടി കന്നിവോട്ടര്‍മാര്‍ ഏറ്റെടുക്കണം. ആദ്യവോട്ടിന്റെ ഓര്‍മമരമായി അതെന്നും നിലനില്‍ക്കുന്നതാവണം. ജില്ലയില്‍ നിയമസഭാ തെരഞ്ഞടുപ്പിലുണ്ടായ വിജയം ഇക്കാര്യത്തിലും ആവര്‍ത്തിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍. ദേവീദാസ് അധ്യക്ഷനായി. എഡിഎം ടി ജെനില്‍കുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ ജയന്‍ എം. ചെറിയാന്‍, എസ്ബിടി കോഴിക്കോട് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.കെ. സുരേഷ് ബാബു, അക്ഷയ ജില്ലാ മാനേജര്‍ സുബിന എസ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്നും നാളെയുമായി ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് ഓര്‍മച്ചെടികള്‍ വിതരണം ചെയ്യുക. ഇതിനായി എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ചെടികള്‍ എത്തിച്ചുകഴിഞ്ഞു. ചെടി വിതരണത്തിനും മറ്റുമായി വളണ്ടിയര്‍മാരെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് നാലു മണി വരെയാണ് വിതരണം. ആദ്യമെത്തുന്ന 50 പേര്‍ക്കാണ് ചെടി ലഭിക്കുക. വോട്ട് ചെയ്ത നവവോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുമായി അക്ഷയ കേന്ദ്രങ്ങളിലെത്തണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.