ഹരിത പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

Tuesday 7 June 2016 1:29 pm IST

കൊല്ലം: മണ്‍റോതുരുത്തിന്റെ ഇന്നുള്ള പ്രകൃതി ദുരന്തങ്ങള്‍ ഒരു പരിധിവരെ തടയിടുന്നതിന് ആവശ്യമായ ഹരിത പദ്ധതികള്‍ നടപ്പുവര്‍ഷംതന്നെ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ പറഞ്ഞു. പരിസ്ഥിതി ദിനാഘോഷ ഭാഗമായി ജില്ലാ പഞ്ചായത്തും മണ്‍റോതുരുത്ത് ഗ്രാമപഞ്ചായത്തും സഹകരിച്ച് സംഘടിപ്പിച്ച പരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മണ്‍റോതുരുത്തിന്റെ പ്രകൃതിദുരന്തങ്ങള്‍ പൊതുജനസമക്ഷം എത്തിക്കുന്നതിനാണ് പരിസ്ഥിതി ദിനാഘോഷം മണ്‍റോതുരുത്തില്‍ സംഘടിപ്പിച്ചതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.ശിവശങ്കരപ്പിള്ള പറഞ്ഞു. പരിസ്ഥിതി ദിനാഘോഷ ഭാഗമായി 2000 കണ്ടല്‍ച്ചെടികള്‍ മണ്‍റോതുരുത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നട്ടുവളര്‍ത്തും. കൂടാതെ റോഡിന് ഇരുവശവും തണല്‍ വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും. നടുന്ന തൈകള്‍ അടുത്ത ഒരുവര്‍ഷം സംരക്ഷിക്കുന്നതിന് ജൈവവേലി കെട്ടുന്നതിനും വെള്ളമൊഴിക്കുന്നതിനും പ്രത്യേകം ടീമിനെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡുകളിലും രൂപീകരിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ അഡ്വ.ജൂലിയറ്റ്‌നെല്‍സണ്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.എസ്.രമാദേവി, മണ്‍റോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ബിജുകരുണാകരന്‍, വൈസ് പ്രസിഡന്റ് മഞ്ജു സുനിധരന്‍, പഞ്ചായത്ത് അംഗങ്ങളായ അനുപമ, രാജുലാല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറിക.അനില്‍കുമാര്‍, അസി.കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കോശി ജോണ്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.