ശാസ്താംകോട്ടയിലെ ബദല്‍ കുടിവെള്ളപദ്ധതി നിര്‍ത്തി

Tuesday 7 June 2016 1:31 pm IST

കുന്നത്തൂര്‍: ശാസ്താംകോട്ടയില്‍ ജലവിഭവ വകുപ്പ് ആരംഭിച്ച ബദല്‍കുടിവെള്ള പദ്ധതി നിര്‍ത്തി. രണ്ട് കോടി രൂപ ചെലവഴിച്ച് ധൃതി പിടിച്ച് ജലവകുപ്പ് നടപ്പിലാക്കിയ ബദല്‍ കുടിവെള്ള പദ്ധതി നിലച്ചിട്ട് രണ്ടാഴ്ച പിന്നിടുന്നു. ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നപ്പോള്‍ കൊല്ലം നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം പ്രതിസന്ധിയിലായിരുന്നു. അതിന് പരിഹാരമായി വാട്ടര്‍ അതോററ്റി പ്രോജ്ക്ട് വിഭാഗം വളരെ പെട്ടെന്ന് കണ്ടെത്തിയ പദ്ധതിയായിരുന്നു കെഐപി കനാല്‍ ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുകയെന്നത്. തുടക്കത്തില്‍ തന്നെ ഇതിന്റെ ദോഷവശങ്ങളെ പറ്റി വിവിധ കോണുകളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ അവയെല്ലാം തള്ളിക്കൊണ്ട് പദ്ധതിയുമായി അധികൃതര്‍ മുമ്പോട്ട് പോവുകയായിരുന്നു. അന്നുയര്‍ന്ന പ്രധാന പ്രശ്‌നം തുടര്‍ച്ചയായി ജലം ഒഴുകുമ്പോഴുണ്ടാകുന്ന കനാലിന്റെ തകര്‍ച്ചയായിരുന്നു. എന്നാല്‍ പദ്ധതിക്ക് മുന്‍പായി കനാല്‍ ഭാഗങ്ങള്‍ ബലപ്പെടുത്തുമെന്നായിരുന്നു അധികൃതരുടെ വാദം. അത് അസ്ഥാനത്തായി. രണ്ട് കോടിയില്‍പ്പരം രൂപ ചെലവഴിച്ച് പദ്ധതി തിരക്കിട്ട് നടപ്പിലാക്കി. കഷ്ടിച്ച് ഒരാഴ്ചയോളം മാത്രമാണ് പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചത്. തുടര്‍ച്ചയായി കനാല്‍ വഴി ജലം ഒഴുകിയതോടെ കനാലില്‍ കുടിവെള്ളം ചോരുകയും പരിസരവാസികളുടെ കിണറുകളും സെപ്റ്റിക്ക് ടാങ്കുകളും നിറഞ്ഞു കവിയാനും വീടുകളില്‍ വെള്ളം കയറാനും തുടങ്ങി. പരാതികളെ തുടര്‍ന്ന് ജലവിതരണം കെഐപി കനാല്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. കനാലിന്റെ പാര്‍ശ്വഭിത്തികളും അടിത്തട്ടിലെ കോണ്‍ക്രീറ്റ് പാളികളും വലിയ രീതിയില്‍ നശിച്ചിട്ടുണ്ട്. പദ്ധതി ഇപ്പോള്‍ പൂര്‍ണമായും ഉപേക്ഷിച്ച മട്ടാണ്. വേനല്‍മഴയില്‍ കായലിലെ ജലനിരപ്പ് ഉയര്‍ന്നത് മൂലമാണ് പദ്ധതി നിര്‍ത്തിവച്ചത് എന്ന വിചിത്രന്യായമാണ് വാട്ടര്‍ അതോറിട്ടി അധികൃതര്‍ ഉന്നയിക്കുന്നത്. എന്നാല്‍ അഴിമതി നടത്തുകയെന്ന് ഉദ്ദേശമായിരുന്നു ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.