നമുക്കു വേണ്ട... നമുക്കു വേണം

Wednesday 8 June 2016 12:23 pm IST

തിരപ്പിള്ളിയിലെ വൈദ്യുതി ഉല്‍പ്പാദന പദ്ധതിയും പമ്പാനദിയുടെ സംരക്ഷണ പദ്ധതിയും ഒരേകാലത്ത് കേരളത്തില്‍ ചര്‍ച്ചാവിഷയമാകുന്നുവെന്നത് ഏറെ കൗതുകകരമാണ്. രണ്ടും വെള്ളത്തിന്റെ വിഷയമാണ്. രണ്ടിടത്തും മാനുഷിക-സാമൂഹ്യ പ്രാധാന്യമുണ്ട്. രണ്ടും വനപ്രദേശമാണ്. രണ്ടും പ്രകൃതിയുടെ നമുക്കുള്ള സമ്മാനങ്ങളാണ്. പക്ഷേ, ഒന്ന് അത്യാവശ്യമില്ലാത്തതും മറ്റൊന്ന് അവശ്യവുമാണ്. അതിരപ്പിള്ളിയില്‍ വെള്ളം തടഞ്ഞ് വൈദ്യുതി ഉണ്ടാക്കിയില്ലെങ്കില്‍ കേരളം ഇരുട്ടിലാകാനൊന്നും പോകുന്നില്ല. പക്ഷേ, പമ്പയില്‍ ജലമില്ലാതായാല്‍, ഉള്ള ജലം മലിനമായാല്‍, ഒരു വലിയ വിഭാഗം ജനതയുടെ ജീവിതം ഇരുണ്ടുപോകുകതന്നെ ചെയ്യും. ഇവിടെയാണ് സുചിന്തിതമായ നയവും നിലപാടുകളും വേണ്ടിവരുന്നത്. നയം പൊതുതത്ത്വത്തിനും നിലപാട് ഓരോരോ വിഷയങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് ആ നയത്തില്‍നിന്നു കൈക്കൊള്ളുന്ന നടപടികളുമാണല്ലോ. അതുകൊണ്ടുതന്നെ അതിരപ്പിള്ളി വിഷയത്തില്‍ പ്രകൃതി സംരക്ഷണ നിയമത്തിന്റെ പൊതു നയം ബാധകമാകുന്നതെത്രമാത്രം എന്ന വിഷയമുണ്ട്. എന്നാല്‍, അവിടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് മുടക്കുന്ന കോടികള്‍ മറ്റ് സംവിധാനത്തിലൂടെ ഊര്‍ജ്ജോല്‍പ്പാദനത്തിന് വിനിയോഗിച്ചാല്‍ പോരേ എന്ന ചോദ്യം ഉയരുന്നു. പ്രത്യേകിച്ച് സൗരോര്‍ജ്ജോല്‍പ്പാദനത്തിന്റെ അനന്ത സാദ്ധ്യത കേരളത്തിനുള്ളപ്പോള്‍. പശ്ചിമഘട്ട സംരക്ഷണത്തിന് നയം രൂപീകരിച്ച് രാജ്യത്താകെ അതു നടപ്പാക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ വനമേഖലയെ അലോസരപ്പെടുത്തുന്ന അതിരപ്പിള്ളി പദ്ധതിയ്‌ക്കെന്തു ന്യായം പറയും. ലോകത്തെ മുഴുവന്‍ പ്രകൃതി സമ്പത്തും മഹാപ്രളയം വന്ന് നശിച്ചു പോയാല്‍ പോലും സൈലന്റ് വാലി നിലനിന്നാല്‍ എല്ലാ പ്രകൃതി ജീവ-സസ്യ ജാലങ്ങളെയും പുനര്‍ജനിപ്പിയ്ക്കാമെന്നെല്ലാം നാം ഊറ്റം കൊള്ളുന്നുണ്ട്. അതിനു കാരണം അന്ന്, 1975-ല്‍, സൈലന്റ് വാലി ഉള്‍പ്പെടുന്ന മേഖലയില്‍ പാത്രക്കടവു പദ്ധതി കൊണ്ടുവരാന്‍ നടത്തിയ നീക്കത്തെ ചെറുത്തു തോല്‍പ്പിച്ചതിനാലാണെന്നോര്‍ക്കണം. അടിയന്തരാവസ്ഥക്കാലത്തിനടുത്തായിരുന്നു അതിന്റെ തുടക്കമെന്നും അടിയന്തരാവസ്ഥയിലെ പ്രക്ഷോഭ പരാജയം അനുഭവിച്ച ഇന്ദിരാഗാന്ധിതന്നെയാണ് ആ പദ്ധതി ഉപേക്ഷിച്ചതെന്നും (1984), ഇപ്പോള്‍ അതിരപ്പിള്ളി ചര്‍ച്ചാവിഷയമാകുന്നത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ മാസത്തിലാണെന്നതും തികച്ചും യാദൃച്ഛികം. അതിരപ്പള്ളി വിനോദക്കാഴ്ചയ്ക്കുള്ള ഒരു വെള്ളച്ചാട്ടം മാത്രമല്ലെന്നത് വിസ്മരിയ്ക്കരുത്. അവിടെ ഒരു പദ്ധതി വേണമെന്ന് നിര്‍ബന്ധം പിടിയ്ക്കുന്നതും പണ്ടു മരവിപ്പിച്ച പദ്ധതിയെ പിന്നെയും പുനരുദ്ധരിയ്ക്കാന്‍ ചിലര്‍ വാശി പ്രകടിപ്പിയ്ക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ അതിന്റെ പിന്നിലെ യഥാര്‍ത്ഥ ഊര്‍ജ്ജത്തെ സംശയത്തോടെയേ കാണാന്‍ കഴിയൂ. അതേസമയം, പമ്പാനദിയുടെ സംരക്ഷണത്തെക്കുറിച്ച് മിണ്ടേണ്ടവര്‍ മൗനം പാലിയ്ക്കുന്നതിലെ ദുരൂഹതയും തിരിച്ചറിയേണ്ടതില്ലേ. 1000 കോടി രൂപ മുടക്കി പാമ്പാ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പതിറ്റാണ്ടിനു മുമ്പേ തയാറായിരുന്നു. പക്ഷേ കേരളത്തിലെ മുന്‍ സര്‍ക്കാര്‍ ആദ്യ ഗഡു കിട്ടിയത് എങ്ങനെയൊക്കെയോ ചെലവഴിച്ചു, അവിടെത്തീര്‍ന്നു. ദുരൂഹമാണ് ആ നടപടികള്‍. പമ്പാനദിയുടെ പ്രശ്‌നങ്ങള്‍ ഇരുമുടിക്കെട്ടേന്തി ശബരിമല അയ്യപ്പനെ കാണാനെത്തുന്നവരുടെ തലയില്‍ കെട്ടിയേല്‍പ്പിക്കുന്നവരുടെ ഗൂഢലക്ഷ്യങ്ങള്‍ മറ്റു പലതുമായിരിയ്ക്കാം. അതെന്തായാലും സംസ്ഥാന ജനതയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധംതന്നെയാണ്. നമുക്കു വേണം പമ്പാ പദ്ധതി, നമുക്കു വേണ്ട അതിരിപ്പിള്ളി പദ്ധതി. ലോകപ്രസിദ്ധമാണിപ്പോള്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം. ലോക സിനിമയായി മാറിയ ബാഹുബലിയില്‍ ഒരു രംഗമുണ്ട്. ശിവലിംഗത്തില്‍ നൂറുകുടം ജലധാര നടത്തണം. നായകന്‍, തന്റെ അമ്മ അതിനായി വെള്ളം കോരി കഷ്ടപ്പെടുമ്പോള്‍ കൂറ്റന്‍ ശിവലിംഗം ചുമലില്‍ പേറി വെള്ളച്ചാട്ടത്തിനു ചുവട്ടില്‍ പ്രതിഷ്ഠിയ്ക്കുന്നു. നാടിന്റെ ശാന്തിയ്ക്കുള്ള നിര്‍മ്മാണാത്മകമായ മഹാപ്രയത്‌നം. ആ സിനിമയ്ക്ക് 30 വര്‍ഷം മുമ്പ് പുന്നഗൈ മന്നന്‍ എന്നൊരു സിനിമയിലെ രംഗമുണ്ട്, പ്രണയ നൈരാശ്യത്തില്‍ നായകനും നായികയും ആത്മഹത്യ ചെയ്യാന്‍ ചാടുന്നത് അതിരപ്പള്ളിയിലാണ്. അതിരപ്പിള്ളിയില്‍ ജീവിതമോ മരണമോ വേണ്ടതെന്നു തീരുമാനിയ്ക്കാനുള്ള അവകാശം ജനങ്ങള്‍ക്കാണല്ലോ. പമ്പയില്‍ ശുദ്ധജലമൊഴുകേണ്ടതിന്റെ ആവശ്യവും ജനങ്ങള്‍ക്കാണല്ലോ. പമ്പയെ പവിത്രമാക്കാന്‍ സംസ്ഥാനത്തെ നദികളില്‍ നീളംകൊണ്ട് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നതും പാപനാശിനിയെന്ന് പുകള്‍പെറ്റതുമായ പമ്പാനദി മദ്ധ്യതിരുവിതാംകൂറിന്റെ സാംസ്‌കാരിക പാരമ്പര്യത്തില്‍ എറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജലസമ്പന്നവും മണല്‍ സമൃദ്ധവുമായിരുന്ന പമ്പാനദി അനിയന്ത്രിതമായ ചൂഷണം മൂലം ഇന്ന് മണ്‍പുറ്റുകളും പുല്‍മേടുകളുമായി മാറി. മാത്രമല്ല ഗ്രാമനഗരവാസികളുടെ സര്‍വ്വവിധമായ മാലിന്യം പേറുന്ന കുപ്പത്തൊട്ടിയുമായി. ശബരിമലക്കാടുകളിലൂടെ വളര്‍ന്ന് ജനവാസമേഖലകളില്‍ തെളിനീരരുവിയായി നദീതടങ്ങളെ ഫലഭൂയിഷ്ടമാക്കി വേമ്പനാട്ടുകായലില്‍ പതിച്ചിരുന്ന പമ്പാനദി ഇന്ന് മാലിന്യവാഹിനിയാണ്. പശ്ചിമഘട്ടമലനിരകളിലെ ഔഷധസസ്യങ്ങളെ തഴുകിയൊഴുകിവരുന്ന പമ്പയിലെ തെളിനീരിന് രോഗശമനസിദ്ധിയുണ്ടെന്ന് ഒരുകാലത്ത് തീരവാസികള്‍ക്ക് അനുഭവവേദ്യവുമായിരുന്നു. എന്നാല്‍ ഇന്ന് പുതുതലമുറയെ നീന്തല്‍ പഠിപ്പിക്കാന്‍പോലും നദിയിലിറക്കാന്‍ തീരവാസികള്‍ ഭയപ്പെടുന്നു. മുപ്പത്തിയഞ്ചിലേറെ ചെറുപട്ടണങ്ങളിലെ മാലിന്യങ്ങള്‍ പേറിയാണ് ഇന്ന് പമ്പാനദി തന്റെ പതനസ്ഥലമായ വേമ്പനാട്ട് കായലിലെത്തുന്നത്. പമ്പയുടെ പ്രവാഹവീഥിയിലെ എണ്ണമറ്റ അറവുശാലകളും ചന്തകളും,ആതുരാലയങ്ങളുമടക്കം ദിനംപ്രതി ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ഈ പുണ്യനദിയിലേക്ക് തള്ളുന്നത്. പമ്പയുടെ കൈവഴികളിലൂടെയും കൈത്തോടുകളിലൂടെയുമെത്തുന്ന മാലിന്യങ്ങള്‍ വേറേയും. ഇതിലും പുറമേ മറ്റിടങ്ങളില്‍നിന്നും വാഹനങ്ങളിലും മറ്റും കൊണ്ടുവന്ന് ഈ ജലപ്രവാഹത്തിലേക്ക് തള്ളുന്ന മനുഷ്യവിസര്‍ജ്യങ്ങളും അറവുശാലയിലെ മാലിന്യങ്ങളും പമ്പയുടെ നാശത്തിന് ആക്കം കൂട്ടുന്നു. പമ്പാ ആക്ഷന്‍പ്ലാനുമായി ബന്ധപ്പെട്ട് 2002ല്‍ തയ്യാറാക്കിയ കണക്ക് പരിശോധിച്ചാല്‍ തന്നെ പമ്പയുടെ പ്രവാഹവീഥിയിലെ ഗ്രാമനഗരങ്ങള്‍ ഈ നദിക്കേല്‍പ്പിക്കുന്ന മാലിന്യപ്രഹരത്തിന്റെ ഭീകരത വ്യക്തമാകും. വടശ്ശേരിക്കരയിലെ ഹോട്ടലുകള്‍, ആശുപത്രികള്‍, ഇറച്ചിക്കടകള്‍, ചെറുകിട വ്യവസായങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുമാത്രം 65,000 ലിറ്റര്‍ മലിനജലവും 800 കിലോഗ്രാം ഖരമാലിന്യവും ദിനംപ്രതി പമ്പയില്‍ വീഴുന്നു. ഇതേപോലെ നാറാണംമൂഴി പഞ്ചായത്തില്‍ നിന്നും 65,000 ലിറ്റര്‍ മലിനജലവും 800 കിലോഗ്രാം ഖരമാലിന്യവും, റാന്നി പെരുനാടില്‍ നിന്നും 32,000 ലിറ്റര്‍ മലിനജലവും 650 കിലോഗ്രാം ഖരമാലിന്യവും പമ്പയില്‍ വീഴുന്നുണ്ട്. പമ്പാനദി കടന്നുപോകുന്ന മുപ്പതിലറെ പഞ്ചായത്തുകളിലെ കണക്കുകള്‍ ഒരുമിച്ചെടുത്താല്‍ ലക്ഷക്കണക്കിന് ലിറ്റര്‍ മലിനജലവും ടണ്‍കണക്കിന് ഖരമാലിന്യവും പമ്പയിലെത്തുന്നതായാണ് സൂചന. 2002 ലെ സ്ഥിതി ഇതാണെങ്കില്‍ ഇപ്പോള്‍ പമ്പയിലേക്കെത്തുന്ന മാലിന്യത്തിന്റെ അളവ് എത്രഭീകരമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കോടിക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമലയിലും പമ്പയിലുമുണ്ടാകുന്ന മാലിന്യങ്ങളും പമ്പയിലേക്കാണ് പതിക്കുന്നത്. ശബരിമലയിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്റെ പേരില്‍ കോടിക്കണക്കിന് രുപയാണ് ദേവസ്വംബോര്‍ഡ് ചെലവഴിക്കുന്നത്. എന്നാല്‍ കെടുകാര്യസ്ഥതയും ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികളും പമ്പയെ രക്ഷിക്കുന്നതിനേക്കാള്‍ ശിക്ഷിക്കുകയാണ് ചെയ്യുന്നത്. ഏറ്റവുമൊടുവില്‍ സന്നിധാനത്ത് മുപ്പതുകോടിയിലേറെ ചെലവഴിച്ച് പണിതീര്‍ത്ത മാലിന്യനിര്‍മ്മാര്‍ജ്ജന സംവിധാനം പോലും പരാജയപ്പെട്ടത് ഉദാഹരണം. മാലിന്യനിര്‍മ്മാര്‍ജനത്തിന്റെ പേരില്‍ പമ്പാനദിയില്‍ തള്ളുന്ന രാസപദാര്‍ത്ഥങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വേറേ. സത്യസന്ധവും സുതാര്യവുമായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും നടപ്പാക്കുകയും ചെയ്താല്‍ തീര്‍ത്ഥാടകരാല്‍ ഉണ്ടാകുന്ന മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളു. എന്നാല്‍ പമ്പയെ സംരക്ഷിക്കാനും പവിത്രമായി കാത്തുസുക്ഷിക്കാനുമുതകുമായിരുന്ന പമ്പാ ആക്ഷന്‍ പ്ലാന്‍ പോലും കാര്യക്ഷമമായി നടപ്പാക്കാന്‍ കേരളത്തില്‍ മാറിമാറി ഭരിച്ചവര്‍ക്കായില്ല. പദ്ധതിക്കായി വാജ്‌പേയി സര്‍ക്കാര്‍ അനുവദിച്ച പണം പോലും നഷ്ടപ്പെടുത്തിയവരാണ് യഥാര്‍ത്ഥത്തില്‍ പമ്പയെ മലിനമാക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നവര്‍. അതേസമയം ശബരിമല തീര്‍ത്ഥാടകരാണ് പമ്പയുടെ ഉത്ഭവസ്ഥാനം മുതല്‍ പതനസ്ഥലം വരെ മലിനപ്പെടുത്തുന്നതെന്ന് പ്രചാരണമാണ് നടത്തുന്നത്. പമ്പയെ അതിന്റെ പവിത്രതയോടെ വീണ്ടെടുക്കണമെങ്കില്‍ പമ്പാ കര്‍മ്മപദ്ധതിയുമായി സഹകരിച്ചു മുന്നോട്ടുപോകാന്‍ സംസ്ഥാനത്തെ അധികാരികളും തയ്യാറാവണം. അതിരപ്പിള്ളി ഒരു അധികക്കളി ലോകപരിസ്ഥിതി ദിനത്തില്‍ മുന്‍ വൈദ്യുതിവകുപ്പു മന്ത്രിയും പ്രതിപക്ഷത്തെകോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരനും അതിരപ്പിളളി ജലവൈദ്യുതപദ്ധതി നടപ്പിലാക്കണമെന്ന് അഭിപ്രായപ്പെട്ടു. അതോടെ ഇടതുപക്ഷ മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരുടെ മുഖത്ത് നൂറു വാട്ട്‌സ് പ്രകാശം. സിപിഐ നേതാക്കളുടെ മുഖത്ത് കറണ്ടുകട്ട്. എന്തുവിലകൊടുത്തും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്ന കെഎസ്ഇബിയുടെ പ്രഖ്യാപിത നയം ഏറ്റെടുത്തും എതിര്‍ത്തും കേരള രാഷ്ട്രീയം ചൂടുപിടിക്കുകയാണ്. അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി അടിച്ചേല്‍പ്പിക്കില്ലെന്നും വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇപ്പോള്‍ കീഴടങ്ങല്‍ സ്വരത്തില്‍ പറയുന്നുണ്ടെങ്കിലും കെഎസ്ഇബിയുടെ നയം തിരുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല. പരിസ്ഥിതി സംരക്ഷിച്ച് മുന്നോട്ടുപോകണോ, കേരളത്തിന്റെ വികസനം ത്വരിതപ്പെടുത്തണോ എന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ചോദ്യം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനും പുഴയുടെ ജീവനും പുഴയോട് ചേര്‍ന്നുള്ള വനവാസി ഊരുകളുടെ അതിജീവനത്തിനും, വനജീവജാലങ്ങളുടെ ആവാസവ്യവസ്ഥക്കും സംരക്ഷണം നല്‍കിക്കൊണ്ട് പദ്ധതി നടപ്പിലാക്കാനാവില്ലെന്ന് രണ്ടുപതിറ്റാണ്ടായി - പലഘട്ടങ്ങളിലായി - നടന്നിട്ടുള്ള പഠന റിപ്പോര്‍ട്ടുകളെല്ലാം ചൂണ്ടിക്കാട്ടുന്നുണ്ട്. ദശലക്ഷം വരുന്ന വിനോദ സഞ്ചാരികള്‍ക്ക് വശ്യമനോഹരമായ വെള്ളച്ചാട്ടം നഷ്ടപ്പെടും. ചാലക്കുടിപ്പുഴയില്‍ മാത്രംകണ്ടുവരുന്ന മത്സ്യങ്ങള്‍ ഉള്‍പ്പടെ അപൂര്‍വ ഇനം ജലജീവികള്‍ക്ക് വംശനാശം സംഭവിക്കും. വനമേഖലയില്‍ വെള്ളപ്പൊക്കം അനുഭവപ്പെടുന്നതുപോലെ വനവാസി ഊരുകള്‍ മുങ്ങിപ്പോകും. നഷ്ടം ഭീമമാണ്; പ്രകൃതിക്ക്... എന്നാല്‍ സംസ്ഥാന ഖജനാവിനുണ്ടാകുന്ന നഷ്ടം അതിലും വലുതോ തുല്യമോ ആണ്. അതിരപ്പിള്ളിയിലേത് ഒരു അധികക്കളിതന്നെയാണ്. 163 മെഗാവാട്ട് വൈദ്യുതിയാണ് തൃശൂര്‍-ചാലക്കുടി-അതിരപ്പിള്ളി വനമേഖലയില്‍ നിന്നും ഉത്പാദിപ്പിക്കുവാന്‍ വിഭാവനം ചെയ്യുന്നത്; 999 കോടി രൂപക്ക്. 2000-ാമാണ്ടില്‍ അതിരപ്പിള്ളി പദ്ധതിക്ക് രൂപം നല്‍കുമ്പോള്‍ അന്ന് കണക്കാക്കിയിരുന്ന ചെലവ് 415 കോടി രൂപയാണ്. ഉത്പാദിപ്പിക്കുമെന്ന് പറയുന്ന വൈദ്യുതി 163 മെഗാവാട്ട് തന്നെ. അഥവാ 234 ദശലക്ഷം യൂണിറ്റ് വൈദ്യുതി. ഒരു സീസണില്‍തന്നെ 234 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് പ്രസരണനഷ്ടം ഇല്ലാതെ വിറ്റാല്‍ കിട്ടുന്നത് 40കോടി രൂപ. ഇത് കൃത്യം 26 വര്‍ഷം മുമ്പത്തെ കണക്ക്. ഇന്ന് പദ്ധതി ഏറ്റെടുത്താല്‍ വരാവുന്ന ചെലവ് 999 കോടി രൂപയാണ്. വൈദ്യുതി ഉത്പാദനത്തില്‍ വര്‍ദ്ധനവുമില്ല. വില്‍ക്കുന്ന വൈദ്യുതിവിലയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് മാത്രം ആശ്വസിക്കാം. വേണമോ ഈ ആയിരം കോടിയുടെ അതിരപ്പിള്ളി പദ്ധതി. ആയിരം കോടി സാമ്പത്തിക നഷ്ടം അനേകായിരം കോടി - അതു കോടിയില്‍ വിലമതിക്കാനാവില്ല - പരിസ്ഥിതിക്കുണ്ടാവുന്ന നഷ്ടം - എന്നാലും ഞങ്ങള്‍ നടപ്പിലാക്കും - അതൊരു ദുര്‍വാശിയല്ല; മറിച്ച് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വികസനമാണ് അജണ്ടയെങ്കില്‍ ആയിരം കോടിക്ക് നടത്താവുന്ന പദ്ധതികള്‍ എന്തൊക്കെയുണ്ട്? ഇനി വൈദ്യുതി ഉത്പാദനം തന്നെ നടത്തും എന്ന് വാശിപിടിക്കുന്നവരോട് - ഒന്ന് സിയാലുമായി സംസാരിക്കൂ എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനക്കമ്പനി - സിയാല്‍ - അവര്‍ നടപ്പിലാക്കി മാതൃക കാട്ടിയ സൗരോര്‍ജ്ജ വെളിച്ചം മന്ത്രിസഭായോഗത്തില്‍ പരക്കേണ്ടതാണ്. 125 കോടി മുതല്‍മുടക്കി 49.5 മെഗാവാട്ട് വൈദ്യുതിയാണ് സിയാല്‍ ഉത്പാദിപ്പിച്ചത്. എന്നു പറഞ്ഞാല്‍, അതിരപ്പിള്ളി പദ്ധതിയിലൂടെ ഉത്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന 163 മെഗാവാട്ട് വൈദ്യുതിക്ക് സിയാലിന്റെ സോളാര്‍ പദ്ധതിച്ചെലവ് 500 കോടിയില്‍ കുറവ് മാത്രം. ദുര്‍വാശികളഞ്ഞ് സര്‍ക്കാര്‍ പഠിക്കാന്‍ തയ്യാറാകണം. അല്ലാതെ പരിസ്ഥിതി വാദികളുടെ ശബ്ദത്തെ നിയന്ത്രിക്കാന്‍ നയം കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കലല്ല. കേരളത്തിലെ ജലവൈദ്യുതപദ്ധതികളുടെ ചരിത്രം ഇങ്ങനെ: 1. ശബരിഗിരി പദ്ധതി ആരംഭിച്ചത് 1.28 കോടിരൂപ ചെലവ് കണക്കാക്കി. പൂര്‍ത്തീകരിച്ചപ്പോള്‍ ചെലവായത് 768.75 കോടി 2. ഇടുക്കി മൂന്നാംഘട്ടപദ്ധതി 4.1 കോടി കണക്കാക്കി തുടങ്ങി. പൂര്‍ത്തിയായപ്പോള്‍ 286.5 കോടിയായി 3. ലോവര്‍ പെരിയാര്‍ 88.43 കോടിയില്‍ തുടങ്ങി. പൂര്‍ത്തിയാക്കാതെ നിര്‍ത്തിയത് 299.25 കോടിയില്‍ 4. അഴുത ഡൈവേര്‍ഷന്‍ 2.9 കോടിയില്‍ തുടങ്ങി. അവസാനിച്ചത് 398.2 കോടിയില്‍ 5. കക്കാട് 18.6 കോടിയില്‍ തുടങ്ങി അവസാനിക്കുമ്പോള്‍ 725.38 കോടി 6. കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ 30.7 കോടിയില്‍ തുടങ്ങി 544.32ല്‍ നിര്‍ത്തി ഇങ്ങനെ ഓരോ പദ്ധതിയും കോടികള്‍ മുടക്കിതുടങ്ങി വിഭാവനം ചെയ്ത വൈദ്യുതി ലഭിക്കാതെ ഇന്നും പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അവയുടെ നവീകരണം - കൂടുതല്‍ ഉത്പാദനം - ഉത്പാദിപ്പിച്ച വൈദ്യുതിയുടെ പ്രസരണ നഷ്ടം.. ഇതൊന്നും കാര്യക്ഷമമാക്കാന്‍ ഒരു പദ്ധതിയും ഒരു സര്‍ക്കാരും മുന്നോട്ട് വെക്കുന്നുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.