അമ്പലപ്പുഴ: പുറക്കാടും അമ്പലപ്പുഴയിലും കടല്‍ക്ഷോഭം ശക്തിപ്രാപിക്കുന്നു. നിരവധി വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍. പുറക്കാട് പഞ്ചായത്തിലെ 18-ാം വാര്‍ഡും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 15, 16, 17 വാര്‍ഡുകളും തെക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലുമാണ് കടല്‍ക്ഷോഭം ശക്തിപ്രാപിച്ചിരിക്കുന്നത്.
വടക്കുപഞ്ചായത്ത് 15-ാം വാര്‍ഡില്‍ നീര്‍ക്കുന്നം പുതുവല്‍ ഹംസാബീവിയുടെ ഷെഡ് പൂര്‍ണമായും കടലാക്രമണത്തില്‍ തകര്‍ന്നു. ഷെഡ്ഡ് വീഴുന്നതുകണ്ട് കുഴഞ്ഞുവീണ ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുവാര്‍ഡുകളിലായി അമ്പതോളം വീടുകളാണ് തകര്‍ച്ചാഭീഷണി നേരിടുന്നത്. പുറക്കാട് പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ പതിമൂന്നോളം വീടുകള്‍ ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
ഇവിടെ പുലിമുട്ടു നിര്‍മ്മാണത്തിനായി എത്തിച്ച ജെസിബി കേടായതിനെത്തുടര്‍ന്ന് മൂന്നു ദിവസമായി പണി മുടങ്ങിയിരുന്നു. നിലവിലുള്ള കടല്‍ഭിത്തിക്ക് പടിഞ്ഞാറ് ഭാഗത്തുള്ള വീടുകളാണ് തകര്‍ച്ചാഭീഷണി നേരിടുന്നത്. റവന്യൂസംഘം സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: